News - 2024
യേശുവിനെ സംസ്ക്കരിച്ച തിരുകല്ലറ ദേവാലയം അടച്ചു
സ്വന്തം ലേഖകന്‍ 26-02-2018 - Monday
ജറുസലേം: സഭാ സ്വത്തുക്കള്‍ക്ക് മുനിസിപ്പല്‍ നികുതി (അര്‍നോണ) ഏര്‍പ്പെടുത്തുവാനുള്ള നീക്കത്തിലും ഭൂമിയേറ്റെടുക്കല്‍ നിയമത്തിലും പ്രതിഷേധിച്ച് യേശുവിനെ സംസ്ക്കരിച്ച തിരുകല്ലറ ദേവാലയം സഭാധികാരികള്‍ അടച്ചിട്ടു. യേശുക്രിസ്തുവിനെ കുരിശിലേറ്റുകയും കബറടക്കുകയും ചെയ്ത സ്ഥലത്തു സ്ഥിതി ചെയ്യുന്ന തിരുകല്ലറ ദേവാലയത്തില്‍ ദിനം പ്രതി ആയിരക്കണക്കിനു തീര്‍ത്ഥാടകരാണ് എത്തുന്നത്. ഗ്രീക്ക് ഓര്‍ത്തഡോക്‌സ്, റോമന്‍ കാത്തലിക്, അര്‍മീനിയന്‍ സഭാനേതൃത്വങ്ങള്‍ സംയുക്തമായാണ് ദേവാലയം സംരക്ഷിക്കുന്നത്.
വിശുദ്ധനാട്ടിലെ ക്രൈസ്തവര്‍ക്കെതിരേയുള്ള ഭരണകൂടത്തിന്റെ കരുതിക്കൂട്ടിയുള്ള നീക്കമാണ് നികുതി പരിഷ്‌കാരമെന്നു വിവിധ ക്രൈസ്തവ സഭാനേതാക്കള്‍ ആരോപിച്ചു. ദേവാലയങ്ങളുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനു ലക്ഷ്യമിട്ടുള്ള ബില്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ കാബിനറ്റ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വന്നിരുന്നു. പ്രസ്തുത ബില്ലു പാസായാല്‍ സഭകളുടെ വക ഭൂമി സര്‍ക്കാര്‍ കൈ വശപ്പെടുത്തുന്നതിന് സാധ്യതയുണ്ടെന്ന് ജറുസലേം പാത്രിയര്‍ക്കീസ് തിയോഫിലസ് മൂന്നാമന്‍, ഹോളിലാന്‍ഡ് കസ്‌റ്റോഡിയന്‍ ഫ്രാന്‍സിസ്‌കോ പാറ്റണ്‍, ജറുസലേമിലെ അര്‍മീനിയന്‍ പാത്രിയാര്‍ക്കീസ് ന്യൂര്‍ഹാന്‍ മനോജിയാന്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
സഭാ സ്വത്തുക്കള്‍ക്ക് മുനിസിപ്പല്‍ നികുതി ഏര്‍പ്പെടുത്തുവാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി നേരത്തെ തന്നെ ക്രിസ്ത്യന്‍ സഭകള്‍ രംഗത്തെത്തിയിരിന്നു. ഫെബ്രുവരി 14നു വിഷയത്തില്‍ വിവിധ ക്രൈസ്തവ സഭകളുടെ അദ്ധ്യക്ഷന്മാര്‍ സംയുക്ത പ്രസ്താവനയും ഇറക്കി. ജറുസലേമിലെ സഭാസ്വത്തുക്കള്‍ക്ക് നികുതിയേര്‍പ്പെടുത്തുന്നതിനെതിരെ തങ്ങള്‍ ഒരുമിച്ച് നില്‍ക്കുമെന്നും, തങ്ങളുടെ സഭാസ്വത്തുക്കള്‍ സംരക്ഷിക്കുമെന്നുമെന്നാണ് സഭാതലവന്‍മാര്‍ പ്രസ്താവനയില്‍ കുറിച്ചത്. പതിമൂന്നോളം വിവിധ ക്രിസ്ത്യന്‍ സഭാ- സാമുദായിക തലവന്‍മാര്‍ പ്രസ്താവനയില്‍ ഒപ്പ് വെച്ചിരിന്നു. അതേസമയം തിരുകല്ലറയുടെ ദേവാലയം എത്രകാലത്തേക്കാണു അടച്ചിടുന്നതെന്നു വ്യക്തമല്ല.