Editor's Pick - 2024
ബ്രിട്ടീഷുകാർ അസൂയയോടെ നോക്കുന്ന സീറോമലബാർ സഭയും, ബ്രിട്ടണിലെ മരണമണി മുഴങ്ങുന്ന ദേവാലയങ്ങളും
സ്വന്തം ലേഖകന്‍ 01-03-2018 - Thursday
ഏതാനും ആഴ്ചകൾക്കു മുമ്പാണ്; ബ്രിട്ടണിലെ ലിവർപൂൾ അതിരൂപതയുടെ കീഴിലുള്ള ഒരു ദേവാലയം അടച്ചുപൂട്ടുന്ന ചടങ്ങിൽ പങ്കെടുക്കുവാനിടയായി. വളരെ പുരാതനവും മനോഹരവുമായ ഈ വലിയ ദേവാലയം വിശ്വാസികളെ കൊണ്ട് നിറഞ്ഞിരുന്നു. ആ ദേവാലയവുമായി ഏതെങ്കിലും രീതിയിൽ ബന്ധമുള്ള നിരവധി പേർ തങ്ങളുടെ പ്രിയപ്പെട്ട ദേവാലയത്തിലെ അവസാനത്തെ ദിവ്യബലിയിൽ പങ്കെടുക്കുവാൻ എത്തിയിരുന്നു. ലിവർപൂൾ അതിരൂപതയുടെ സഹായ മെത്രാൻ ബിഷപ്പ് ടോം വില്യംസ് ആയിരുന്നു ദിവ്യബലി അർപ്പിച്ച് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.
വളരെ ഹൃദയഭേദകമായിരുന്നു ആ ചടങ്ങ്. എല്ലാവരുടെയും ഹൃദയത്തിന്റെ വേദന അവരുടെ മുഖത്ത് പ്രതിഫലിക്കുന്നുണ്ടായിരുന്നു. ചിലർ ദുഃഖം സഹിക്കാനാവാതെ കരയുന്നത് കാണാമായിരുന്നു. കാരണം അവർ മാമോദിസ മുതലുള്ള കൂദാശകൾ സ്വീകരിച്ചത് ആ ദേവാലയത്തിൽ വച്ചായിരുന്നു. അവരുടെ പ്രിയപ്പെട്ടവരുടെ കല്ലറകൾ ആ ദേവാലയത്തോട് ചേർന്നായിരുന്നു സ്ഥിതിചെയ്തിരുന്നത്. ഇനിയൊരു ബലിയർപ്പിക്കാൻ അവരുടെ പ്രിയപ്പെട്ട ഈ ദേവാലയം ഉണ്ടാകില്ല എന്ന ചിന്ത അവരുടെ ദുഃഖത്തിന്റെ ആഴം കൂട്ടി.
ഈ ചടങ്ങിൽ, ദിവ്യബലി മധ്യേ നൽകിയ സന്ദേശത്തിൽ ബിഷപ്പ് ടോം വില്യംസ് സീറോമലബാർ സഭയെ പറ്റി പ്രത്യേകം എടുത്തു പറഞ്ഞു. "ബ്രിട്ടീഷുകാരായ നമ്മൾ, ദേവാലയത്തിൽ വരാൻ ആളില്ലാത്തതിനാൽ ദേവാലയങ്ങൾ അടച്ചുപൂട്ടുമ്പോൾ ഇവിടുത്തെ സീറോ മലബാർ സഭാ വിശ്വാസികൾക്ക് ആരാധനയ്ക്കായി ഈ ദേവാലയങ്ങൾ മതിയാകാതെ വരുന്നു. അവരുടെ സഭാ കൂട്ടായ്‍മകളിൽ ധാരാളം ആളുകൾ കുടുംബസമ്മേതം എത്തിച്ചേരുന്നു. അത്രക്ക് ശക്തമാണ് സീറോ മലബാർ സഭയുടെ വിശ്വാസം. അതിനാൽ എനിക്ക് സീറോമലബാർ സഭയോട് അസൂയ തോന്നുന്നു". അദ്ദേഹം പറഞ്ഞു.
സീറോ മലബാർ സഭയുടെ ശക്തമായ വിശ്വാസ തീക്ഷ്ണത ആഗോള സഭയിലെ നിരവധി കർദ്ദിനാൾമാരും അല്മായ നേതാക്കളും പല സമ്മേളനങ്ങളിലും പ്രത്യേകം എടുത്തു പറയുന്ന ഒരു വസ്തുതയാണ്. 2015-ൽ വത്തിക്കാനിൽ വച്ച് നടന്ന കുടുംബങ്ങളുടെ സിനഡിൽ സീറോ മലബാർ സഭയുടെ വിശ്വാസ തീക്ഷ്ണതയും പാരമ്പര്യവും പ്രത്യേകം പരാമർശിക്കപ്പെടുകയുണ്ടായി. എന്നാൽ ഖേദകരമെന്ന് പറയട്ടെ, ബ്രിട്ടീഷുകാർ അസൂയയോടെ നോക്കി കാണുന്ന സീറോ മലബാർ സഭയുടെ സംവിധാനങ്ങളെ ബ്രിട്ടനിൽ സ്ഥിരതാമസമാക്കിയ ചില സീറോ മലബാർ സഭാ വിശ്വാസികൾ പലപ്പോഴും തെറ്റായ കണ്ണുകൾ കൊണ്ട് നോക്കി കാണുന്നു. ബ്രിട്ടനിൽ സീറോ മലബാർ സഭയ്ക്ക് പുതിയ രൂപത ലഭിക്കുന്നു എന്ന വാർത്ത കേട്ടപ്പോൾ മുതൽ അന്ധമായി ഇതിനെ എതിർക്കുകയും വിമർശിക്കുകയും ചെയ്തുകൊണ്ട് ചിലർ സോഷ്യൽ മീഡിയയിലൂടെ പ്രചരണം ആരംഭിച്ചിരുന്നു. അത് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത പുതിയ ഇടവകകളും മിഷനുകളും രൂപീകരിക്കുന്നതിനെ വിമർശിച്ചുകൊണ്ട് ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ അടുത്ത ദിവസങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. സഭയുടെ പ്രവർത്തനങ്ങളെ എപ്പോഴും തെറ്റായ കണ്ണുകൾ കൊണ്ടു നോക്കിക്കാണുകയും, സഭാനേതൃത്വത്തെ വെറുതെ കുറ്റം പറഞ്ഞു കയ്യടിനേടാൻ ശ്രമിക്കുകയും ചെയ്യുന്ന ചിലരാണ് ഇതിനു പിന്നിൽ എന്ന് ഈ പോസ്റ്റുകൾ വായിച്ചാൽ മനസ്സിലാകും.
1. സീറോമലബാർ സഭ ഇംഗ്ലീഷ് പള്ളികളിൽ നിന്നും നമ്മളെ അകറ്റുന്നുവോ?
ഇടവകകളും മിഷനുകളും നിലവിൽ വന്ന് കഴിയുമ്പോൾ ആഴ്ചയിൽ വെറും ഒരു ദിവസം മാത്രമാണ് ആരാധനയ്ക്കായി ഇവിടെ ഒന്നിച്ചു ചേരുന്നത്. ബാക്കിയുള്ള ആറു ദിവസങ്ങളിലും ഇംഗ്ലീഷ് ദേവാലയങ്ങളിൽ പോകാനും ദിവ്യബലിയിൽ പങ്കെടുക്കുവാനും, ദേവാലയത്തിന്റെ പ്രവർത്തനങ്ങളുമായി സഹകരിച്ചുകൊണ്ട് ഇംഗ്ലീഷ് പള്ളികളുമായി കൂടുതൽ അടുക്കുവാനുള്ള അവസരമുണ്ട്. (യുകെയിലെ ശക്തമായ മലയാളി കുടിയേറ്റം 20 വർഷം പിന്നിടുമ്പോൾ വെറുതെ കുറ്റം പറയുന്ന എത്ര വിശ്വാസികൾ ഇപ്രകാരം ഇംഗ്ലീഷ് പള്ളികളോട് സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട് എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.)
2. ബ്രിട്ടണിൽ സീറോമലബാർ സഭ വന്നതോടെ ഇംഗ്ലീഷുകാർക്കു നമ്മളിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവോ?
ഇത് വെറും തെറ്റായ ഒരു പ്രചരണമാണ്. സീറോ മലബാർ വിശ്വാസികൾക്ക് അവരുടേതായ സഭാ സംവിധാനങ്ങൾ ആവശ്യമാണെന്നും അത് ഈ രാജ്യത്തിന് ഗുണം ചെയ്യുമെന്നും ബ്രിട്ടീഷ് മെത്രാന്മാരുടെ നേതൃത്വം വത്തിക്കാനെ അറിയിച്ചതുകൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പ നമുക്ക് ഇവിടെ ഒരു പ്രത്യേക രൂപത അനുവദിച്ചത്. രൂപത നിലവിൽ വന്നതിനു ശേഷവും യുകെയിലെ ചില രൂപതകൾ പുറത്തിറക്കുന്ന ഇടയലേഖനങ്ങളിൽ പോലും ഈ രൂപത ഈ രാജ്യത്തിനു ചെയ്യുന്ന സംഭാവനകളെ പ്രത്യേകം എടുത്തുപറയാറുണ്ട്. ഈ സത്യം പകൽ പോലെ നിലനിൽക്കവേ, വെറുതെ കണ്ണടച്ചു ഇരുട്ടാക്കിയാൽ അത് ഇരുട്ടാവില്ലല്ലോ.
3. സീറോമലബാർ സഭ ഇവിടെയുള്ള മറ്റു റീത്തുകളെ അകറ്റി നിറുത്തുന്നുനുവോ?
എല്ലാവരും ഒരുമിച്ചു പങ്കെടുത്തിരുന്ന കുര്‍ബാനകളില്‍ നിന്നും വേദപാഠ ക്ലാസുകളിൽ നിന്നും സീറോ മലബാറിന് മാത്രം പ്രാധാന്യം കൊടുത്തുകൊണ്ട് മറ്റ് റീത്തുകളെ മാറിപ്പോകാൻ സമ്മർദ്ദം കൊടുത്തു എന്ന ഒരു ആരോപണം പറഞ്ഞുകേൾക്കുന്നുണ്ട്. കത്തോലിക്കാസഭ എന്താണെന്നോ അതിന്റെ പാരമ്പര്യം എന്താണെന്നോ അറിയാത്തവരാണ് ഇത്തരം കുപ്രചരണങ്ങള്‍ നടത്തുന്നത്. കാനോൻ നിയമപ്രകാരം, ഒരു സീറോ മലബാർ മെത്രാന് ആ റീത്തിലെ അദ്ദേഹത്തിന്റെ രൂപതയിലുള്ള വിശ്വാസികളുടെ മേൽ മാത്രമേ ആത്മീയ അധികാരം ഉള്ളൂ. അങ്ങനെ വരുമ്പോൾ മറ്റ് റീത്തിൽപ്പെട്ടവരുടെ ആത്മീയ ആവശ്യങ്ങൾ പൂർണമായി നിറവേറ്റാൻ നമ്മുടെ വൈദികർക്കും സഭാസംവിധാനത്തിനും കഴിയാതെ വരുന്നു. അതിനാൽ അവർ അവരുടെ റീത്തിന്റെ ഔദ്യോഗികമായ സംവിധാനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കണം എന്ന് പ്രോത്സാഹിപ്പിക്കുക മാത്രമാണ് സഭ ചെയ്യുന്നത്. വിവാഹം പോലുള്ള കൂദാശകളുടെ സാധുത പോലും റീത്തുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നു എന്ന വസ്തുത പല വിശ്വാസികൾക്കും അറിഞ്ഞുകൂടാത്ത ഒരു വസ്തുതയാണ്.
വിശ്വാസജീവിതം എന്നത് ഏതെങ്കിലും ഒരു പള്ളിയിൽ പോയി വെറുതെ കുർബാന കണ്ടു മടങ്ങിപ്പോരുന്ന ഒരു ജീവിതമല്ല എന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. എങ്കിലും റീത്തിന്റെ പേരിൽ ആരെയും നിർബന്ധിച്ചു ഒഴിവാക്കുന്നില്ല. രൂപത നിലവിൽ വന്നതിനു ശേഷവും, യുകെയിലെ സീറോ മലബാർ കുർബാനകളിലും വേദപാഠ ക്ലാസ്സുകളിലും പങ്കെടുക്കുന്ന മറ്റു റീത്തുകളിൽപെട്ട നിരവധി വിശ്വാസികൾ ഉണ്ട്. അകത്തോലിക്കാരായ ചില ക്രൈസ്തവ വിശ്വാസികൾ പോലും യുകെയിലെ പല സ്ഥലങ്ങളിലും അവരുടെ മക്കളെ, സീറോമലബാർ സഭയുടെ വേദപാഠക്ലാസ്സുകളിൽ വിട്ട് കുട്ടികളെ വേദപാഠം പഠിപ്പിക്കുന്നു. ഇത്തരം സത്യങ്ങൾ നാം ഒരിക്കലും മറന്നുകൂടാ.
4. ഇടവകകളെ വാർഡുകളായി തിരിച്ചുകൊണ്ട് മാത്സര്യ ചിന്താഗതി വളർത്തുന്നോ?
ഇത്തരം ആരോപണങ്ങൾ കാണുമ്പോൾ തന്നെ, ഇതു പ്രചരിപ്പിക്കുന്നവർ ദേവാലയശുശ്രൂഷകളെ കുറിച്ച് അടിസ്ഥാനപരമായ അറിവു പോലും ഇല്ലാത്തവരാണ് എന്ന വസ്തുത മനസ്സിലാക്കാം. ഓരോ ഇടവകകളിലുമുള്ള വിശ്വാസികളെ വാർഡുകളായി തിരിക്കുന്നത്, അവരെ വിശ്വാസജീവിതത്തിലെ കൂട്ടായ്മയും പരസ്പര സഹകരണവും വർദ്ധിപ്പിക്കാനാണ്. അല്ലാതെ മാത്സര്യ ചിന്താഗതി വളർത്താനല്ല. ഇത്തരം കാര്യങ്ങൾ ലോകം മുഴുവനുമുള്ള സഭാ സംവിധാനങ്ങളിൽ നിലനിൽക്കുന്നതും ഫലപ്രദമെന്ന് നിരവധി പേർ അംഗീകരിച്ചിരിക്കുന്നതുമായ വസ്തുതയാണ്. ഇതൊന്നുമറിയാതെ വെറുതെ കുറ്റം പറയുക മാത്രമാണ് ഇക്കൂട്ടരുടെ ലക്ഷ്യം.
5. സീറോമലബാർ സഭ 'Women's forum' എന്ന പേരിൽ സ്ത്രീകളെ സാമൂഹ്യസേവനത്തിന് ഇറക്കുന്നുവോ?
സ്ത്രീകൾ വീടിന്റെ ചുമരുകൾക്കുള്ളിൽ മാത്രം ഒതുങ്ങിക്കൂടേണ്ടവരാണ് എന്ന തെറ്റായ ചിന്താഗതിവച്ചു പുലർത്തുന്നവരും, അവരെ, രാപകൽ ജോലി ചെയ്യിപ്പിച്ചു പണം സമ്പാദിക്കാനുള്ള വെറും ഉപകരണമായി മാത്രം കാണുന്നവരൂമാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിൽ എന്ന സത്യം ഈ പോസ്റ്റുകളിൽ ഒളിഞ്ഞിരിപ്പുണ്ട്. ലോകം ഇത്രയും പുരോഗമിച്ചിട്ടും സ്ത്രീകളെ അടുക്കളയിൽ മാത്രം തളച്ചിടണമെന്നും പുരുഷന്മാർ മാത്രം മാത്രം സാമൂഹിക കാര്യങ്ങളിൽ ഇടപെടണമെന്നും വാദിക്കുന്ന സ്ത്രീ വിരോധികളുടെ ഇത്തരം ആരോപണങ്ങളുടെ പിന്നിലെ ദുരുദ്ദേശം വിശ്വാസികൾ തിരിച്ചറിയണം.
സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചു എത്രയോ വനിതകൾ ലോകത്തിന് മാതൃകയായി മാറുന്നു. നാം വസിക്കുന്ന രാജ്യത്തെ പ്രധാനമന്ത്രി പോലും ഒരു വനിതയാണെന്ന് കാര്യം നാം മറന്നുകൂടാ. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിലെ Women's Forum വളരെ ഉന്നതവും കാര്യക്ഷമവുമായ പ്രവർത്തനമാണ് കാഴ്ച വയ്ക്കുന്നത്. പ്രാർത്ഥനയിലൂടെയും കാരുണ്യ പ്രവർത്തികളിലൂടെയും അവർ ലോകം മുഴുവനുമുള്ള അഗതികളും പാവപ്പെട്ടവരുമായ അനേകരുടെ കണ്ണീരൊപ്പുന്നു. ഇതിനേയും തെറ്റായ കണ്ണുകൾ കൊണ്ട് നോക്കി കാണുവാനാണ് ചിലർക്കിഷ്ട്ടം.
6. കുട്ടികള്‍ക്ക് പരിഗണന നല്‍കാതിരിക്കുന്നുവോ?
സീറോമലബാര്‍ സഭ കുട്ടികള്‍ക്ക് യാതൊരു പരിഗണനയും നല്‍കാതെ യുകെയിൽ മറ്റൊരു കേരളം പണിയുവാന്‍ ശ്രമിക്കുന്നു എന്നതാണ് മറ്റൊരു വിമര്‍ശനം. ഇത്തരം വിമര്‍ശനങ്ങൾ ഉയര്‍ത്തുന്നവര്‍ ആദ്യം സീറോ മലബാര്‍ സഭയുടെ പ്രവര്‍ത്തനങ്ങളെ കണ്ണുതുറന്ന് കാണാന്‍ തയാറാകണം. നമ്മുടെ സഭ ഈ രാജ്യത്തു നടപ്പിലാക്കേണ്ട അഞ്ചുവര്‍ഷത്തെ കര്‍മ്മപദ്ധതി രൂപീകരിച്ചപ്പോള്‍ ആദ്യത്തെ വര്‍ഷം പ്രത്യേകമായി കുട്ടികള്‍ക്ക് വേണ്ടിയാണ് മാറ്റിവെച്ചിരിക്കുന്നത്. അതായത് ഈ വര്‍ഷം കുട്ടികള്‍ക്ക് വേണ്ടിയുള്ള വര്‍ഷമാണ്. കുട്ടികളുടെ വിശ്വാസജീവിതം ശക്തിപ്പെടുത്തുവാനുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആരംഭിച്ചു കഴിഞ്ഞു. ഈ അടിസ്ഥാന വിവരംപോലും അറിയാതെ ചിലര്‍ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നു എന്നത് കുട്ടികളോട് തന്നെ ചെയ്യുന്ന വലിയ ക്രൂരതയാണ്.
7. ചാരിറ്റി പ്രവര്‍ത്തനങ്ങളെ നിരുത്സാഹപ്പെടുത്തുന്നുവോ?
ഇത്തരം ആരോപണങ്ങള്‍ മറുപടിപോലും അര്‍ഹിക്കുന്നില്ലാ എന്നതാണ് യാഥാര്‍ത്ഥ്യം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് കത്തോലിക്ക സഭയാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? യുകെയിലെ നിരവധി സീറോമലബാർ മാസ്സ് സെന്‍ററുകളില്‍ എത്രയോ ചാരിറ്റി പ്രവര്‍ത്തനങ്ങളാണ് ഇന്നും നടന്നുകൊണ്ടിരിക്കുന്നത്? ഇതൊന്നും ഇക്കൂട്ടര്‍ കാണുന്നില്ലേ?
8. സ്വന്തമായി ദേവാലയങ്ങൾ ആവശ്യമായി വരുമ്പോൾ ഉണ്ടാകുന്ന ചിലവുകൾ
ഒരു ക്രൈസ്തവ വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവരുടെ വരുമാനത്തിന്റെ പത്തു ശതമാനം പാവപ്പെട്ടവർക്കും ദേവാലയ ശുശ്രൂഷകൾക്കും വേണ്ടി നൽകുവാനുള്ള കടമയുണ്ട്. ഇപ്രകാരം ദശാംശം നൽകുന്ന ആരും ഇത്തരം ആരോപണങ്ങൾ ഉന്നയിക്കില്ല എന്നതാണ് വാസ്തവം. ലഭ്യമായ കണക്കുകൾ അനുസരിച്ച്, യുകെയിൽ ആകെയുള്ള സീറോമലബാർ വിശ്വാസികളുടെ കണക്കെടുത്താൽ, ഇവിടെയുള്ള സീറോമലബാർ സഭയിലെ ദേവാലയ ശുശ്രൂഷകൾക്കായി ശരാശരി ഒരു കുടുംബം ഒരു മാസം നൽകുന്നത് വരും മൂന്നു പൗണ്ടിൽ താഴെയാണ് എന്നതാണ് സത്യം. കേരളത്തിൽ വളരെ കുറഞ്ഞ വരുമാനത്തിൽ ജീവിക്കുന്ന കുടുംബങ്ങൾ പോലും ഇതിൽ കൂടുതൽ തുക ദേവാലയ ശുശ്രൂഷകൾക്കായി നൽകുന്നുണ്ട്.
യുകെയിലെ മലയാളി കുടുംബങ്ങൾ അവരുടെ ജീവിതരീതിയനുസരിച്ച്, വീടിന്റെയും വാഹനത്തിന്റെയും ചിലവുകളും, മറ്റു ബില്ലുകളും അടക്കം ഭൗതിക ആവശ്യങ്ങൾക്കായി ആയിരം പൗണ്ടു മുതൽ രണ്ടായിരമോ അതിലധികമോ പൗണ്ടുകൾ ഓരോ മാസവും ഡയറക്റ്റ് ഡെബിറ്റായി നൽകുമ്പോൾ, ഈ ദാനങ്ങൾ നൽകുന്ന ദൈവത്തിന്റെ ആലയത്തിനു വേണ്ടി വെറും ഇരുപതോ മുപ്പതോ പൗണ്ട് നൽകാമോ എന്ന് ചോദിക്കുമ്പോൾ അതിന്റെ പേരിൽ സോഷ്യൽമീഡിയയിലൂടെ കുപ്രചരണങ്ങൾ നടത്തുന്നുകയും, സഭയുടെ ലക്‌ഷ്യം ധനസമ്പാദനമാണ് എന്നു പ്രചരിപ്പിക്കുകയും ചെയ്യുന്നുവെങ്കിൽ നാം വിശ്വാസജീവിതത്തിൽ വലിയ തെറ്റുചെയ്യുന്നു. ഇക്കാര്യത്തിൽ സഭ ആരെയും നിർബന്ധിക്കുന്നില്ല എന്നു മാത്രമല്ല പണം നൽകാത്തതിന്റെ പേരിൽ ആരെയും ഒഴിവാക്കുന്നില്ല എന്ന സത്യവും തിരിച്ചറിയണം.
9. ക്നാനായ മിഷനുകൾ അനുവദിച്ചുകൊണ്ട് സീറോമലബാർ സഭ വിശ്വാസികളെ ഭിന്നിപ്പിച്ചു ഭരിക്കുന്നുവോ?
പണ്ട് സാമൂഹ്യപാഠത്തിൽ പഠിച്ച കുറെ വാക്കുകൾ നിരത്തിവച്ച് സഭയ്‌ക്കെതിരെ സോഷ്യൽമീഡിയ പോസ്റ്റുകൾ ഇറക്കിയാൽ സമാനചിന്താഗതികൾ ഉള്ള കുറേയാളുകളുടെ ലൈക്കും ഷെയറും ലഭിക്കുമെന്നല്ലാതെ, അതൊന്നും സത്യമാവില്ലല്ലോ. ക്‌നാനായ സമുദായത്തിന് പ്രത്യേക സഭാസംവിധാനങ്ങൾ നൽകുക എന്നുള്ളത് യുകെയിലുള്ള ഏതെങ്കിലും വൈദികരുടെ കണ്ടുപിടുത്തമല്ല. വിശുദ്ധ പത്താം പീയൂസ് മാർപാപ്പയുടെ കാലം മുതൽ ആഗോള കത്തോലിക്കാ സഭയിൽ നിലനിൽക്കുന്ന സംവിധാനമാണ് ഇത്. ഈ സമുദായത്തിന്റെ പാരമ്പര്യം നാലാം നൂറ്റാണ്ടു മുതൽ നിലനിൽക്കുന്നതുമാണ് എന്നത് പരക്കെ അംഗീകരിച്ചിട്ടുള്ള വസ്തുതയാണ്.
ക്നാനായസമുദായത്തിന് അതിന്റെ പാരമ്പര്യം നിലനിർത്തിക്കൊണ്ടുള്ള വിശ്വാസ സംരക്ഷണത്തിന് വത്തിക്കാനിൽനിന്നും പരിശുദ്ധസിംഹാസനം അനുവദിച്ചു നൽകിയിരിക്കുന്നത് മെത്രാപ്പോലീത്തയുടെ കീഴിലുള്ള ഒരു രൂപതയാണ്; അല്ലാതെ ഏതെങ്കിലും അസോസിയേഷനുകളല്ല എന്ന വസ്തുത എല്ലാവരും തിരിച്ചറിയണം. എന്നാൽ യൂകെയിൽ മലയാളികൾ വസിക്കുന്ന എല്ലാ സ്ഥലങ്ങളിലും തന്നെ ഭൗതിക ആഘോഷങ്ങൾക്കു വേണ്ടി അല്മായരുടെ നേതൃത്വത്തിലുള്ള ക്നാനായ അസോസിയേഷനുകൾ നിലനിൽക്കുമ്പോൾ അതിനെ 'ഭിന്നിപ്പിച്ചു ഭരിക്കലായി' വ്യാഖ്യാനിക്കാത്തവർ വിശ്വാസജീവിതത്തിന്റെ കാര്യം വരുമ്പോൾ ഇതിനെ ഭിന്നിപ്പിക്കലായി കാണുന്നുവെങ്കിൽ ഇത്തരം ആളുകളുടെ കാഴ്ചപ്പാടിൽ എവിടെയോ പാളിച്ച സംഭവിച്ചിരിക്കുന്നു എന്നു പറയാതെ വയ്യ. അമേരിക്കയിലുള്ള സീറോമലബാർ സഭയിൽ വർഷങ്ങളായി പിന്തുടർന്നു പോരുന്ന ഇത്തരം ക്നാനായ മിഷനുകളിൽ ക്നാനായകാരല്ലാത്തവർക്കും പ്രവേശനം നൽകണം എന്ന നിർദ്ദേശം വന്നപ്പോൾ അതിനെ എതിർത്തുകൊണ്ട് ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും സോഷ്യൽ മീഡിയയിലൂടെ പ്രക്ഷോഭം സംഘടിപ്പിച്ചത് അല്മായർ തന്നെയായിരുന്നു എന്ന സത്യവും ഇതോടൊപ്പം ചേർത്തു വായിക്കുന്നത് നന്നായിരിക്കും.
അതിനാൽ പ്രിയപ്പെട്ട സഹോദരങ്ങളെ, നമ്മുടെ കണ്ണുകളെ നമ്മുക്കു സത്യത്തിനു നേരെ തുറന്നു പിടിക്കാം. സുവിശേകന്റെ ജോലി ചെയ്യുക എന്ന ദൗത്യം ഏറ്റെടുത്തുകൊണ്ട് ഈ രാജ്യത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ വിശ്രമമില്ലാതെ സഞ്ചരിക്കുന്ന ഒരു ഇടയനെയും, അദ്ദേഹത്തിന്റെ സഹപ്രവർത്തകരായി ദൈവം അയച്ചിരിക്കുന്ന വൈദികരെയും നമ്മുക്കു സ്നേഹിക്കാം. ഇടയനെ അടിച്ച് ആടുകളെ ചിതറിക്കാൻ നോക്കുന്ന ചിലർ നമ്മുക്കിടയിലുണ്ട് എന്ന സത്യവും നാം വിസ്മരിച്ചുകൂടാ. ഇക്കര്യത്തിൽ നാം ജാഗ്രത പുലർത്തുന്നില്ലങ്കിൽ ചിതറിക്കപ്പെടുന്നത് നമ്മൾ തന്നെയായിരിക്കും.
ഏതെങ്കിലും ഒരു ദേവാലയത്തിന്റെ പിന്നിലിരുന്ന് ഒരു കുബ്ബാന കണ്ട് മടങ്ങിപ്പോരുന്നതല്ല വിശ്വാസജീവിതം. ജീവിതം ബലിയായി തീരുന്നതാണ് ക്രൈസ്തവ ജീവിതം. അതിനായി നാം ഏതു വിശ്വാസസമൂഹത്തോടൊപ്പം സഞ്ചരിക്കുന്നു എന്നത് പ്രധാനമാണ്; സഭയ്ക്കുവേണ്ടി നമ്മുടെ സമയവും സമ്പത്തും എപ്രകാരം പങ്കുവയ്ക്കുന്നു എന്നതും പ്രധാനമാണ്. ഈ രാജ്യത്തെ മരണമണി മുഴങ്ങുന്ന ദേവാലയങ്ങളെ സംരക്ഷിക്കാൻ നമ്മുക്കു സാധിക്കണമെങ്കിൽ അവയെ സംരക്ഷിക്കാനുള്ള ഊർജ്ജം നമ്മുക്ക് ആവശ്യമാണ്. വിശ്വാസതീക്ഷണതയാൽ ജ്വലിക്കുന്ന ഒരു സഭാസമൂഹത്തോട് ചേർന്നു നിൽക്കുമ്പോൾ മാത്രമേ ആ ഊർജ്ജം നമ്മുക്കു ലഭിക്കൂ. അതിനു നാം തയ്യാറാകാതെ, നമ്മുടെ സ്വന്തം കഴിവുകൊണ്ട്, ഈ രാജ്യത്ത് ക്ഷയിച്ചുകൊണ്ടിരിക്കുന്ന ക്രൈസ്തവ വിശ്വാസത്തെ നമ്മുക്കു ശക്തിപെടുത്താം എന്നു നാം കരുതിയാൽ, നമ്മളും ഈ ലേഖനത്തിന്റെ ആരംഭത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്ന ഒരു സമൂഹത്തെപ്പോലെ മരണമണി മുഴങ്ങുന്ന ദേവാലയത്തിലിരുന്ന് വിലപിക്കുന്നവരായി തീർന്നേക്കാം.