Youth Zone - 2024
യുവജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ട്യൂറിനിലെ സംഗമത്തില്‍ ഫ്രാന്‍സിസ് മാർപാപ്പ ഉത്തരം നല്കി..
08-07-2015 - Wednesday
ട്യൂറിനിലെ വിത്തോറിയോ മൈതാനത്തില്‍ ജൂണ്‍ 21-ന് വൈകുന്നെരം നടന്ന യുവജനസംഗമത്തിലാണ് ഫ്രാന്‍സിസ് പാപ്പ യുവാക്കളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തീരുമാനിച്ചത്. മൂന്നു ചോദ്യങ്ങള്‍ക്ക് ഫ്രാന്‍സിസ് മാർപാപ്പ ഉത്തരം നല്കി.
ആദ്യത്തേ ചോദ്യം ക്യാരാ വാഗ്നര്‍ എന്ന അംഗവൈകല്യമുള്ള യുവതിയുടേതായിരുന്നു. "സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനും എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ സ്നേഹത്തിന്‍റെ തലത്തിലാണ് പലപ്പോഴും ജീവിതത്തില്‍ ക്ലേശിക്കേണ്ടി വരുന്നതും. ക്രിസ്തു സ്നേഹത്തിന്‍റെ വലുപ്പം എന്താണ്? എങ്ങനെ ക്രിസ്തു സ്നേഹം അനുഭവിക്കാന്‍ സാധിക്കും?"
മാർപാപ്പ മറുപടി നൽകി "ക്രിസ്തു കാണിച്ചുതരുന്ന സ്നേഹം നിസ്വാര്‍ത്ഥമാണ്. തിരുക്കച്ചയുടെ പ്രദര്‍ശനത്തിലെ ചിത്രണത്തില്‍ കുറിച്ചിരിക്കുന്നതുപോലെ, ‘വളരെ വലിയ സ്നേഹം- സ്നേഹിക്കുവോര്‍ക്കായ് സ്വയം ജീവന്‍ നൽകുന്ന സ്നേഹത്തിലും മീതെ സ്നേഹമില്ലെന്നാണ് ക്രിസ്തു പഠിപ്പിക്കുന്നത്. സ്നേഹത്തെക്കുറിച്ച് പാടുന്നതും, സ്വപ്നം കാണുന്നതും, കൈയ്യടിക്കുന്നതോ ആര്‍ത്തു വിളിക്കുന്നതോ പോലെയല്ല അതു ജീവിക്കുന്നത്. വിശ്വസ്തവും ക്ഷമയുള്ളതും, മഹത്തരവുമായ സ്നേഹത്തില്‍ സഹനമുണ്ട്. അത് ജീവന്‍ സമര്‍പ്പിക്കുന്നതുമാണ്. യഥാര്‍ത്ഥ സ്നേഹമുണ്ടെങ്കില്‍ അത് മറ്റുള്ളവര്‍ക്കുവേണ്ടി ചെറുതാകുകയും ദാസന്‍റെ രൂപം അണിയുകയും ചെയ്യുന്നു. കുട്ടികളെയും യുവജനങ്ങളെയും സ്നേഹിച്ച വിശുദ്ധനാണ് ഡോണ്‍ബോസ്ക്കോ. അവിടുന്ന് യുവജനങ്ങളുടെ അടുത്ത് എപ്പോഴും ഉണ്ടായിരുന്നു. അവരുടെകൂടെ ജീവിച്ചു. അവരെ സ്നേഹിച്ചു, വളര്‍ത്തി".
പിന്നീട് സറാ അമദിയോ എന്ന ബിരുദധാരി ചോദിച്ചു "ജീവന്‍ നല്കും, എന്നൊക്കെ പറയുന്നതിന്‍റെ അര്‍ത്ഥമെന്താണ്? ജീവിതത്തില്‍ നാം പൊതുവെ വഞ്ചിതരാവുയല്ലേ?"
ഇതിന് മാർപാപ്പ ബൈബിളിൽ നിന്നാണ് ഉത്തരം നല്കിയത് "ജീവന്‍ പരിരക്ഷിക്കുന്നവന് അത് നഷ്ടമാകും. എന്നാല്‍ മറ്റുള്ളവര്‍ക്കുവേണ്ടി ജീവന്‍ സമര്‍പ്പിക്കുന്നവന് അത് നേട്ടമായിരിക്കും (ലൂക്ക 9, 24)". അദ്ദേഹം തുടർന്നു "എന്നാല്‍ നാം ചുറ്റും കാണുന്നത്, ഉദാരമല്ലാത്ത സ്നേഹമാണ്. വെല്ലുവിളികളില്ലാതെ എങ്ങനെ സുഖമായി ജീവിക്കാം എന്നാണ് എല്ലാവരും കണക്കുകൂട്ടുന്നത്. സമയവം സാദ്ധ്യതകളുമെല്ലാം സ്വന്തം കാര്യത്തിനു മാത്രം. അത് സ്വാര്‍ത്ഥ സ്നേഹമാണ്. ട്യൂറിന്‍റെ പുത്രന്‍, വാഴ്ത്തപ്പെട്ട പിയെര്‍ ഫ്രിസാത്തിയുടെ വാക്കുകള്‍ ഓര്‍ക്കാം, ജീവിതം ജീവിക്കാനുള്ളതാണ്, അത് തള്ളിനീക്കേണ്ടതല്ല...! അങ്ങനെ സമര്‍പ്പിതമാകുന്ന ജീവിതങ്ങളിലേ സന്തോഷമുണ്ടാവുകയുള്ളൂ. സുവിശേഷ സന്തോഷവും ശക്തിയും ലഭിക്കുവാനുള്ള മാര്‍ഗ്ഗം ഇതാണ്... മറ്റുള്ളവര്‍ക്കായ് ജീവന്‍ സമര്‍പ്പിക്കുക. അങ്ങനെ നമ്മില്‍ പ്രത്യാശ വളര്‍ത്തുന്നതോടൊപ്പം, മറ്റുള്ളവരിലും പ്രത്യാശ വളര്‍ത്തുന്ന വിധത്തില്‍ ജീവിക്കാം".
തുടർന്നു ലൂയിജി കപേലോ എന്ന യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി "ക്രിസ്തു സ്നേഹം എങ്ങനെയാണ് മറ്റുള്ളവരില്‍ എത്തിക്കുന്നത്?" എന്ന് ചോദിച്ചു.
"ക്രിസ്തുവിനോടുള്ള സ്നേഹമാണ്, ആദ്യമാര്‍ഗ്ഗം. അത് മാതൃകയാക്കുക. അനുദിന ജീവിതത്തില്‍ ക്രിസ്തുവിനോടു ചേര്‍ന്നുനില്ക്കുക, വിശ്വസ്തരായിരിക്കുക. മുന്തിരിച്ചെടിയില്‍ ശാഖയെന്നപോലെ ഒട്ടിച്ചേര്‍ന്നിരിക്കുക. ക്രിസ്തുസ്നേഹത്തിന്‍റെ ഓജസ്സും ശക്തിയും നിങ്ങളുടെ ജീവിതത്തില്‍ പ്രസരിക്കും, അത് മറ്റുള്ളവരിലേയ്ക്കും പടരും. അത് ഫലണിയും. ദൈവാരൂപിയുടെ ശക്തി നിങ്ങളിലൂടെ പ്രവഹിക്കാന്‍ ഇടയാകും. അങ്ങനെ കരയുന്നവരോടൊപ്പം കരയുവാനും, സന്തോഷിക്കുന്നവരോടൊത്തു സന്തോഷിക്കുവാനും നിങ്ങള്‍ക്കു സാധിക്കും. നിങ്ങളെ സ്നേഹിക്കാത്തവരെ സ്നേഹിക്കുവാനും, തിന്മയെ നന്മകൊണ്ടു നേരിടുവാനുമുള്ള കരുത്ത് നിങ്ങള്‍ക്കു ലഭിക്കും". ഫ്രാന്‍സിസ് മാർപാപ്പ ഉത്തരം നല്കി.