Meditation. - February 2025

മനുഷ്യന്റെ ഉല്പത്തി- ശാസ്ത്രത്തിനു അതീതമായ ദൈവീക രഹസ്യം

സ്വന്തം ലേഖകന്‍ 10-02-2023 - Friday

"ഞാൻ പറയുന്നു, നിങ്ങൾ ദൈവങ്ങളാണ്; നിങ്ങളെല്ലാവരും അത്യുന്നതന്റെ മക്കളാണ്" (സങ്കീ 82:6)

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഫെബ്രുവരി 10

നമ്മുടെ അനുദിനജീവിതത്തിന്‍റെ വിവിധ മേഖലകളിലേക്ക് ആവശ്യമായ നിരവധി കാര്യങ്ങള്‍ ശാസ്ത്രം കണ്ടുപിടിച്ചിട്ടുണ്ട്. മാത്രമല്ല ആ കർമം തുടർന്നും കൊണ്ടിരിക്കുന്നു. പ്രകൃതിയുമായിട്ടുള്ള മനുഷ്യന്റെ ബന്ധവും ആശ്രയത്വവും, വിവിധ വർഗ്ഗത്തിലുള്ള ജീവികളുടെ ഉറവിടം തേടിയുള്ള അവന്റെ പരിണാമ സിദ്ധാന്തവും, അതിനെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്ര- സാങ്കേതിക പരീക്ഷണങ്ങളും ശാസ്ത്രത്തെ പുതിയ തലത്തിലേക്ക് നയിക്കുന്നു. അവരുടെ ഈ എല്ലാ പരീക്ഷണങ്ങളോടും അതർഹിക്കുന്ന ആദരവിന്റെ അടിസ്ഥാനത്തിൽ തന്നെ പറയട്ടെ, 'പരീക്ഷണങ്ങളില്‍ മാത്രമായി നമുക്ക് ഒതുങ്ങുവാൻ ആവില്ല'.

മനുഷ്യൻ ഇണങ്ങി ചേർന്നിരിക്കുന്ന പ്രകൃതിയിൽ നിന്നും, അവൻ തീർത്തും വ്യത്യസ്തനാണെന്ന് അവന്റെയുള്ളിലെക്കു ഇറങ്ങിച്ചെന്നു സസൂഷ്മം പഠിക്കുമ്പോൾ നമുക്ക് മനസിലാകും. നരവംശ ശാസ്ത്രവും, തത്വശാസ്ത്രവും ഇക്കാര്യത്തിൽ ഒരേ ദിശയിലേയ്ക്കാണ് നീങ്ങുന്നത്. മറ്റ് ജീവികളില്‍ നിന്നു വ്യത്യസ്തമായി മനുഷ്യന്റെ ബുദ്ധിശക്തി, സ്വാതന്ത്ര്യം, മനസ്സ്, ആദ്ധ്യാത്മികത, എന്നിവയെ പറ്റി ആഴത്തില്‍ പഠിക്കുമ്പോൾ ഈ വൈരുദ്ധ്യം നമ്മുക്ക് മനസ്സിലാക്കാന്‍ കഴിയും.

ഉൽപ്പത്തി പുസ്തകത്തിൽ ശാസ്ത്രത്തിന്റെ ഈ രണ്ട് വശങ്ങളും നമുക്ക് കാണുവാൻ സാധിക്കും. 'ദൈവത്തിന്റെ സ്വന്തം ഛായയിൽ' സൃഷ്ട്ടിക്കപെട്ട മനുഷ്യന്റെ ഉല്പത്തി അവൻ തിരയുന്ന പ്രകൃതിയിൽ അവനു കണ്ടെത്തുവാൻ കഴിയില്ല. കാരണം, അവൻ അനുരൂപനും സദൃശ്യനുമായിരിക്കുന്നത് അവന്റെ സൃഷ്ട്ടാവായ ദൈവത്തോടാണ്‌. സങ്കീർത്തനം (82:6) ഓര്‍മ്മിപ്പിച്ചു കൊണ്ട് യോഹന്നാന്‍റെ സുവിശേഷത്തില്‍ യേശുക്രിസ്തു ഇങ്ങനെ പറയുന്നു, 'നിങ്ങൾ ദൈവങ്ങളാണെന്ന്‍ ഞാന്‍ പറഞ്ഞുവെന്ന് നിങ്ങളുടെ നിയമത്തില്‍ എഴുതപ്പെട്ടിട്ടില്ലേ? (യോഹ .10:34)

(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, റോം, 6.12.78)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »