News

കുഞ്ഞ് ആല്‍ഫിക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ വീണ്ടും പാപ്പയുടെ അഭ്യര്‍ത്ഥന

സ്വന്തം ലേഖകന്‍ 25-04-2018 - Wednesday

വത്തിക്കാന്‍ സിറ്റി: തലച്ചോറിലെ നാഡീ ഞരമ്പുകൾ ക്ഷയിക്കുന്ന അപൂർവരോഗം ബാധിച്ച് ലിവര്‍പൂളില്‍ ചികിത്സയില്‍ കഴിയുന്ന ആല്‍ഫി ഇവാന്‍സിനു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ വീണ്ടും അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ. ട്വീറ്റ് വഴിയാണ് പാപ്പ പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ആല്‍ഫി ഇവാന്‍സിനോടു കാണിക്കുന്ന ഐക്യദാര്‍ഢ്യത്താലും, അവനുവേണ്ടിയുള്ള പ്രാര്‍ത്ഥനകളാലും സ്പര്‍ശിക്കപ്പെട്ട്, കുഞ്ഞിന്‍റെ മാതാപിതാക്കളുടെ വേദന മറ്റുള്ളവര്‍ കേള്‍ക്കപ്പെടണമെന്നും, പുതിയ ചികിത്സാരീതികള്‍ തേടുക എന്ന അവരുടെ ആഗ്രഹം അനുവദിക്കപ്പെടണമെന്നുമുള്ള തന്‍റെ അഭ്യര്‍ഥന പുതുക്കുകയാണെന്ന് പാപ്പ ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ ഒരു വർഷമായി ലിവർപൂളിലെ ആൽഡർഹേ ചിൽഡ്രൻസ് ആശുപത്രിയിൽ അബോധാവസ്ഥയിൽ ചികിത്സയിലാണ് ആല്‍ഫി. ലോകമെമ്പാടും ആല്‍ഫിക്ക് വേണ്ടി പ്രാര്‍ത്ഥന ഉയരുന്നുണ്ട്. ഇതിനിടെ കുഞ്ഞിന്റെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയെങ്കിലും നിലനിർത്തണമെന്ന മാതാപിതാക്കളുടെ അപേക്ഷ ബ്രിട്ടീഷ് ഹൈക്കോടതി തള്ളി. വെന്റിലേറ്റർ നീക്കിയെങ്കിലും ആറു മണിക്കൂറോളം കുഞ്ഞ് ആൽഫി സ്വയം ശ്വസിച്ചെന്നും പിന്നീടു ഡോക്ടർമാർ ഓക്സിജൻ നൽകിത്തുടങ്ങിയെന്നും പിതാവ് ടോം വെളിപ്പെടുത്തിയിട്ടുണ്ട്.

ഇതേ തുടര്‍ന്നു ജീവൻരക്ഷാ ഉപകരണങ്ങൾ ഒഴിവാക്കിയിട്ടും കുഞ്ഞുജീവൻ നിലനിർത്തിയെന്നും ചികിൽസാ സഹായം തുടരണമെന്നുമുള്ള മാതാപിതാക്കളുടെ പുതിയ ഹർജി അടിയന്തരമായി പരിഗണിക്കാൻ ഹൈക്കോടതി തീരുമാനിച്ചു. ആല്‍ഫിക്ക് ചികിൽസകൊണ്ടു ഫലമില്ലെന്നും വെന്റിലേറ്റർ ഒഴിവാക്കി സ്വാഭാവികമരണം അനുവദിക്കണമെന്നുമാണു ഡോക്ടർമാര്‍ നിലപാട് എടുത്തത്.

എന്നാൽ, ആൽഫിയെ റോമിലെ ആശുപത്രിയിൽ എത്തിച്ചു ചികിൽസിക്കണമെന്നാണു മാതാപിതാക്കളായ ടോമിന്റെയും കേറ്റ് ജയിംസിന്റെയും ആവശ്യം. കഴിഞ്ഞ ബുധനാഴ്ച ആല്‍ഫി ഇവാന്‍സിന്‍റെ പിതാവ്, ഇംഗ്ലണ്ടില്‍ നിന്നും എത്തി, ഫ്രാന്‍സിസ് പാപ്പായെ കണ്ടിരുന്നു. ആല്‍ഫിയുടെ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച പാപ്പ ജീവന്റെ അധികാരി ദൈവമാണെന്നും ദൈവത്തിനു മാത്രമേ മരണം നിശ്ചയിക്കാനാകൂ എന്നും പറഞ്ഞിരിന്നു. നേരത്തെ വിശ്വാസികളുമായുള്ള പൊതുകൂടിക്കാഴ്ചാവേളയിലും പാപ്പ ആല്‍ഫിയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ അഭ്യര്‍ത്ഥിച്ചിരിന്നു.


Related Articles »