News - 2025

ജാര്‍ഖണ്ഡില്‍ വചനപ്രഘോഷകനെ കഴുത്തറത്തു കൊലപ്പെടുത്തി

സ്വന്തം ലേഖകന്‍ 06-05-2018 - Sunday

റാഞ്ചി: ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ വചനപ്രഘോഷകനെ അജ്ഞാതര്‍ കഴുത്തറത്തു കൊന്നു. ഫെലോഷിപ്പ് ചര്‍ച്ച് എന്ന പെന്തക്കോസ്ത് വിഭാഗത്തിലെ പാസ്റ്ററായിരുന്ന സുവിശേഷ പ്രവര്‍ത്തകന്‍ ഏബ്രഹാം ടോപ്‌നോയെയാണ് അജ്ഞാതര്‍ ക്രൂരമായ രീതിയില്‍ കൊലപ്പെടുത്തിയത്. ശിരസ്സും ശരീരവും വേര്‍തിരിക്കപ്പെട്ട രീതിയിലാണ് മൃതശരീരം കണ്ടെത്തിയത്. ആക്രമത്തിന് പിന്നില്‍ ആരെന്ന്‍ ഇനിയും വ്യക്തമല്ല. മതമൗലികവാദികളാണോ മാവോയിസ്റ്റുകളാണോ ഘാതകര്‍ എന്ന കാര്യത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.

മേയ് ഒന്നിനു രാത്രി ഇരുപതിലേറെപ്പേര്‍ ചേര്‍ന്നാണ് ടോപ്‌നോയെ കുബാസായി എന്ന ഗ്രാമത്തില്‍ നിന്നു പിടിച്ചുകൊണ്ടുപോയത്. ഇദ്ദേഹം വന്ന വാഹനം തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ഓടിച്ചശേഷം വാഹനം കത്തിക്കുകയും ചെയ്തു. പിന്നീട് കഴുത്തറക്കപ്പെട്ട നിലയില്‍ അടുത്തുള്ള ഡാമിന്റെ സമീപമാണ് ശരീരം കണ്ടത്. വിവാഹിതനായ ടോപ്‌നോയ്ക്കു ഭാര്യയും ഒരു ദത്തു പുത്രനുമുണ്ട്. മാവോയിസ്റ്റുകളെപ്പറ്റി പോലീസിനു വിവരം നല്‍കിയിരുന്നതിന്റെ പേരില്‍ തീവ്രവാദികള്‍ ഇദ്ദേഹത്തെ ഭീഷണിപ്പെുടുത്തിയിരുന്നതായി നിയാസ് മുണ്ട എന്ന സീനിയര്‍ പാസ്റ്റര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.


Related Articles »