Social Media - 2024
യഹോവ സാക്ഷികളുടെ തന്ത്രം സൂക്ഷിക്കുക
ഫാ. നോബിള്‍ തോമസ് പാറയ്ക്കല്‍ 19-05-2018 - Saturday
പരിചയമുള്ള ഒരു ഭവനം സന്ദര്‍ശിക്കവേയാണ് അന്ന് അവിടെയെത്തിയ രക്ഷിക്കപ്പെട്ടവര്‍ നല്കിയ ഒരു കാര്‍ഡ് വീട്ടമ്മ കാണിച്ചു തന്നത്. യഥാര്‍ത്ഥ ദൈവത്തെയറിയാനും വിശ്വാസം ജീവിക്കാനുമായി ഈ കാര്‍ഡിലെ കോഡ് വരുന്ന ഭാഗം ഇന്‍റര്‍നെറ്റ് ആക്ടിവേറ്റ് ആക്കിയിട്ടുള്ള ഒരു സ്മാര്‍ട്ട് ഫോണിന്‍റെ ക്യാമറയില്‍ കാണിക്കുകയേ വേണ്ടൂ. ഉടനെ യഹോവാ സാക്ഷികളുടെ വിശാലവും ഗംഭീരവുമായ വെബ്സൈറ്റിലേക്ക് പ്രവേശിക്കുകയായി. കത്തോലിക്കാസഭയുടെ വിശ്വാസപരിശീലനത്തിന്‍റെയോ രൂപതകളുടെയോ ഒന്നും വെബ്സൈറ്റുകള്‍ക്ക് ഇന്നുവരെയും നല്കാനാവാത്തത്ര വിഭവങ്ങള്‍ നിരത്തിക്കൊണ്ട് സത്യം അന്വേഷിക്കുന്ന ആരെയും ആകര്‍ഷിക്കാന്‍ കഴിയുമാറാണ് ആ വെബ്സൈറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്.
നാം അലസമായിരിക്കുന്ന സമയത്ത് നമ്മുടെ വീട്ടിലുള്ളത് പലതും നഷ്ടമാകുന്നുണ്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്ത കാലമാണിത്. നമ്മുടെ നിദ്രയുടെയും അലസഗമനത്തിന്‍റെയും അശ്രദ്ധയുടെയും സമയത്ത് സൂക്ഷിച്ച് വച്ചിട്ടുണ്ടെന്ന് നാം ധരിച്ചിരിക്കുന്ന പലതും ചോര്‍ന്നുപോയ്ക്കൊണ്ടിരിക്കുകയാണ്. യഹോവാ സാക്ഷികള്‍ നൂതനമായി ആരംഭം കുറിച്ചിരിക്കുന്ന ഈ സൈറ്റില്‍ സന്ദര്‍ശകരുടെ എണ്ണം അറിഞ്ഞിടത്തോളം ദിനംപ്രതി പെരുകിവരുന്നുമുണ്ട്. വിദേശരാജ്യങ്ങളിലും ഈ നാട്ടിലുമായി പത്തിലധികം പേര്‍ ഈ ഓണ്‍ലൈന്‍ മിനിസ്ട്രി കൈകാര്യം ചെയ്യുന്നുമുണ്ട്. കത്തോലിക്കാസഭയുടെ സംഘടിതവും സുസജ്ജവുമായ സംവിധാനങ്ങളില്‍ അഹങ്കരിക്കാനുള്ള കാലം അവസാനിച്ചെന്നും ജാഗ്രതയോടെയുള്ള ഉണര്‍ന്നിരിപ്പുകള്‍ അനിവാര്യമാണെന്നുമുള്ള ഓര്‍മ്മപ്പെടുത്തല്‍ ഈ ചെറിയ കാര്‍ഡിന്‍റെ രൂപത്തില്‍ നല്കുന്നുവെന്ന് മാത്രം. വഴിതെറ്റാന്‍ കാത്തിരിക്കുന്നവരെയോര്‍ത്ത് ആശങ്കപ്പെട്ടുകൊണ്ട് ഈ പ്രസ്ഥാനത്തിന്‍റെ ചരിത്രവും അബദ്ധപഠനങ്ങളും അല്പമാത്രമായി നല്കുന്നു.
യഹോവാ സാക്ഷികള്‍ - അല്പം ചരിത്രം
യഹോവാസാക്ഷികള്‍ അത്ര അപ്രധാനമായ ഒരു സെക്ട് അല്ല. ഒരു വിഘടിതപ്രസ്ഥാനമെന്ന നിലയില്‍ ഇതിന്‍റെ പിറവി വടക്കേ അമേരിക്കയിലാണ്. പത്തൊന്പതാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ രൂപംകൊണ്ട വിവിധ പാഷണ്ഡതാ പ്രസ്ഥാനങ്ങളില്‍ ഒന്നാണിത്.അമേരിക്കന്‍ വസ്ത്രവ്യാപാരിയായ ചാള്‍സ് ടാസെ റസ്സല്‍ (1852-1916) രൂപം കൊടുത്ത Watch Tower International Bible Students - ന്‍റെ പില്‍ക്കാലരൂപമാണിത്. പ്രസ്ബിറ്റേറിയന്‍ സഭാഗംമായിരുന്ന ഇദ്ദേഹം ക്രമേണ അഡ്വൈന്‍റിസ്റ്റ് ചിന്തകളുമായി കൂട്ടുകൂടുകയും പിന്നീട് അവരുമായി തെറ്റിപ്പിരിഞ്ഞ് സ്വയം ഒരു പ്രസ്ഥാനം ആരംഭിക്കുകയും ചെയ്തു. അതാണ് മുകളില്‍പ്പറഞ്ഞ വാച്ച് ടവര്‍. പലപേരുകളില്‍ അറിയപ്പെട്ടിരുന്നെങ്കിലും 1931 മുതലാണ് യഹോവാസാക്ഷികള്‍ (Yahweh Witness) എന്ന് ഇവര്‍ വിളിക്കപ്പെട്ടു തുടങ്ങിയത്. റസ്സലിന്‍റെ പിന്‍ഗാമിയായിരുന്ന റൂഥര്‍ഫോര്‍ഡിന്‍റെ കാലം മുതലാണ് ഇത് ആരംഭിച്ചത്. യഹോവാ സാക്ഷികള്‍ അല്ലെങ്കില്‍ റസ്സല്‍ മതക്കാര്‍ എന്നറിയപ്പെടുന്ന ഇക്കൂട്ടര്‍ തങ്ങളാണ് യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍ എന്ന് അവകാശപ്പെടുന്നു. എങ്കിലും ക്രിസ്തുമതത്തിന്‍റെ അടിസ്ഥാനതത്വങ്ങളെയും പ്രമാണങ്ങളെയുമെല്ലാം ഇവര്‍ നിരാകരിക്കുന്നു. ദൈവപുത്രനായ യേശുവിലൂടെ സംലഭ്യമാകുന്ന രക്ഷയെ നിരാകരിച്ച് പഴയനിയമചിന്തയില്‍ ജീവിക്കുന്നവരാണിവര്‍. അതിനാല്‍ ക്രിസ്ത്യാനികള്‍ എന്ന് പോലും ഇവരെ വിളിക്കാന്‍ കഴിയില്ല. പ്രൊട്ടസ്റ്റന്‍റ് പ്രത്യയശാസ്ത്രങ്ങളും പുതുയുഗത്തിന്‍റെ ചിന്താധാരകളും മറ്റ് സ്വാധീനങ്ങളുമൊക്കെ കൂടിക്കലര്‍ന്നു കിടക്കുന്ന ഒരു തരം വിശ്വാസ അരാജകത്വമാണ് യെഹോവാസാക്ഷികളുടെ പ്രബോധനങ്ങളുടെ ആകെത്തുക എന്ന് വേണമെങ്കില്‍ പറയാം.
പ്രധാന പഠനങ്ങള്‍ (അബദ്ധ പ്രബോധനങ്ങള്‍)
1. യേശു ദൈവപുത്രനും രക്ഷകനുമാണ് എന്ന വിശ്വാസസത്യത്തെ ഇവര്‍ നിഷേധിക്കുന്നു. യേശു സന്മാതൃകകള്‍ നല്കിയ കേവലമൊരു മനുഷ്യവ്യക്തി മാത്രമാണെന്നാണ് ഇവരുടെ നിലപാട്.
2. കത്തോലിക്കാസഭയിലെ കുര്‍ബാനയും മറ്റു കൂദാശകളും വിശുദ്ധ ഗ്രന്ഥത്തിന് വിരുദ്ധമാണെന്ന് ആരോപിച്ച് അവയെ നിരാകരിക്കുന്നു.
3. ദൈവവും സാത്താനും തമ്മില്‍ ഒരു യുദ്ധം നടക്കും. അതില്‍ യഹോവാസാക്ഷികളല്ലാത്തവരെല്ലാം ചത്തൊടുങ്ങും. അര്‍മാഗെദ്ദോനിലെ ഈ യുദ്ധത്തിന്‍റെ അവസാനം ഭൗമികപറുദീസ സ്ഥാപിക്കപ്പെടും. അത് യെഹോവാസാക്ഷികള്‍ക്ക് മാത്രമുള്ളതായിരിക്കും.
4. വെളിപാട് 20,1-6-നെ ആധാരമാക്കി ലോകാവസാനത്തിന് മുന്പ് ആയിരം വര്‍ഷത്തെ ഭരണത്തിനായി ക്രിസ്തു വരും. അതിനുശേഷം അല്പകാലം അന്തിക്രിസ്തുവിന്‍റെ ഭരണമായിരിക്കും. അന്തിക്രിസ്തുവിനെ പരാജയപ്പെടുത്തി യേശു ആയിരം വര്‍ഷത്തോളം ലോകം ഭരിക്കും
5. ജലത്തില്‍ മുങ്ങിയുള്ള സ്നാനം വഴിയാണ് ഒരാള്‍ യെഹോവാസാക്ഷിയാണെന്ന് പ്രഖ്യാപിക്കുന്നത്. 144000 പേര്‍ മാമ്മോദീസാ സ്വീകരിക്കും. അത് അരൂപിയിലുള്ള മാമ്മോദീസായാണ്. യെഹോവാസാക്ഷികള്‍ മാത്രമാണ് അതിന് യോഗ്യരായിട്ടുള്ളത്.
6. പരിശുദ്ധ മറിയത്തെക്കുറിച്ചുള്ള എല്ലാ വിശ്വാസസത്യങ്ങളും ഇവര്‍ നിഷേധിക്കുന്നു.
ഉപസംഹാരം
പഴയനിയമ ആത്മീയതക്കാണ് ഇവര്‍ പ്രാധാന്യം കൊടുക്കുന്നത്. എന്നാല്‍ ക്രിസ്തുവിലൂടെ പൂര്‍ത്തീകരിക്കപ്പെടാത്ത പഴയനിയമചിന്തകള്‍ അപൂര്‍ണമായിരിക്കും, അബദ്ധജഡിലമായിരിക്കും. അതിനാല്‍ത്തന്നെ യഹോവാസാക്ഷികളുടെ വിശ്വാസപ്രബോധനം ഒരര്‍ത്ഥത്തില്‍ കത്തോലിക്കാസഭയിലൂടെ മാനവരാശി ആര്‍ജ്ജിച്ചെടുത്ത കുലീനമായ ദൈവാവബോധത്തില്‍ നിന്നുള്ള പിന്നോട്ട് നടപ്പാണ്. ചഞ്ചലചിത്തരായവരെ വശീകരിച്ചും ആവശ്യത്തിലകപ്പെട്ടവരെ സാന്പത്തികമായി സഹായിച്ചും ക്രൈസ്തവവിശ്വാസികളുടെ ഭവനങ്ങള്‍ കയറിയിറങ്ങിയും ഇവര്‍ പ്രചരിപ്പിക്കുന്ന അബദ്ധസിദ്ധാന്തങ്ങളെക്കുറിച്ച് കരുതലുള്ളവരാവുക. കുടുംബക്കൂട്ടായ്മകളും ഇടവകാസമൂഹങ്ങളും സ്വയം ഉത്തരവാദിത്വമേറ്റെടുക്കുകയും ഇത്തരം മുന്നേറ്റങ്ങളെ -ചെറുതാണെങ്കില്‍പ്പോലും-ആരംഭത്തിലേ പ്രതിരോധിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.