Meditation. - February 2024
നോമ്പ്കാലം- നഷ്ടമായ സന്തോഷം വീണ്ടെടുക്കുവാന്‍ സഹായിക്കുന്ന സമയം
സ്വന്തം ലേഖകന്‍ 24-02-2024 - Saturday
"അങ്ങയുടെ സന്നിധിയിൽ നിന്ന് എന്നെ തള്ളികളയരുതേ !അങ്ങയുടെ പരിശുദ്ധാത്മാവിനെ എന്നിൽ നിന്നും എടുത്തു കളയരുതേ" (സങ്കീർത്തനം 51:11)
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഫെബ്രുവരി 24
'പാപം മായിച്ചു കളയുവാൻ’ ഉള്ള പരിശ്രമത്തിൽ, പാപം എന്ന വിപത്തിന്‍റെ ആഴത്തെ പറ്റിയുള്ള ചിന്ത ആധുനിക മനുഷ്യനു നഷ്ടപ്പെട്ടിരിക്കുന്നു. ദൈവസന്നിധിയിൽ ആയിരിക്കുന്നതിലൂടെ ലഭിക്കുന്ന നന്മയുടെ നല്ല വശങ്ങളെ, മാനുഷിക വ്യക്തിത്വത്തിന്റെ സമ്പൂർണതയെ, മനസാക്ഷിയുടെ തലങ്ങളെ മനുഷ്യന് നഷ്ട്ടമായിരിക്കുന്നു.
"അങ്ങയുടെ സന്നിധിയിൽ നിന്ന് എന്നെ തള്ളികളയരുതെ, അങ്ങയുടെ രക്ഷയുടെ സന്തോഷം എനിക്ക് വീണ്ടും നൽകേണമേ." സങ്കീർത്തകന്റെ ഈ വാക്കുകൾ എത്രയോ അര്‍ത്ഥവത്താണ്. ദൈവത്തിൽ നിന്നും ലഭിച്ച സന്തോഷം ആധുനിക മനുഷ്യന് നഷ്ട്ടമായിരിക്കുന്നു. എന്നാല്‍ നോമ്പ് കാലം നഷ്ടമായ ആ സന്തോഷം വീണ്ടെടുക്കുവാന്‍ സഹായിക്കുന്നു; അല്ലങ്കിൽ ആ സന്തോഷത്തെ കൂടുതൽ ആഴപ്പെടുത്തുവാൻ സഹായിക്കുന്നു.
സങ്കീർത്തകന്റെ മേല്‍ പറഞ്ഞ വാക്കുകൾ നമുക്ക് പ്രചോദനം നല്‍കുവാനും മുന്നേറുവാനും സഹായിക്കുന്നു. അതിനുമപ്പുറം, യേശു ക്രിസ്‌തുവിന്റെ രക്ഷാകര രഹസ്യത്തിലേയ്ക്ക് നമ്മെ നയിക്കുന്നു. വിശുദ്ധ പൌലൊസ് ശ്ലീഹാ പറയുന്നു, "എന്തെന്നാൽ അവനിൽ നാമെല്ലാവരും ദൈവത്തിന്റെ നീതിയാകേണ്ടതിനു, പാപം അറിയാത്തവനെ ദൈവം നമുക്കു വേണ്ടി പാപമാക്കി" (2 കൊറിന്തോസ് 5: 21).
യേശുക്രിസ്തു രക്ഷയിലേക്ക് നമ്മെ നയിക്കുന്ന കൃപയുടെ സമ്പൂർണതയാണ്. നിങ്ങള്‍ക്ക് കൈവന്നിരിക്കുന്ന ദൈവകൃപ വ്യര്‍ത്ഥമാക്കരുതെന്നു അവിടുത്തെ സഹപ്രവര്‍ത്തകരെന്ന നിലയില്‍ ഞങ്ങള്‍ നിങ്ങളോട് അപേക്ഷിക്കുന്നു (2 കോറി 6:1). വിശുദ്ധ പൌലൊസ് ശ്ലീഹയുടെ ഈ വാക്കുകള്‍ നമ്മുക്ക് ധ്യാനിക്കാം. ക്രിസ്തുവിനെ വീണ്ടും കണ്ടെത്തുവാനുള്ള രക്ഷാകര രഹസ്യം ഈ നോമ്പ് കാലം നമുക്ക് പ്രദാനം ചെയ്യട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 17.2.88)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.