Arts - 2024

ആറാം നൂറ്റാണ്ടിലെ വിശുദ്ധ മര്‍ക്കോസിന്റെ മൊസൈക്ക് ഫലകം ഒടുവില്‍ സൈപ്രസില്‍

സ്വന്തം ലേഖകന്‍ 27-11-2018 - Tuesday

വിശുദ്ധ മര്‍ക്കോസിന്റെ മുഖം ആലേഖനം ചെയ്തിട്ടുള്ള ആയിരത്തിഅറുനൂറോളം വര്‍ഷങ്ങള്‍ പഴക്കമുള്ള മൊസൈക്ക് ഫലകം ഒടുവില്‍ സൈപ്രസ്സില്‍ തിരിച്ചെത്തി. 1970-കളില്‍ സൈപ്രസ്സില്‍ നിന്നും കാണാതായ മൊസൈക്ക് ഫലകം നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് സ്വദേശത്ത് മടങ്ങിയെത്തിയിരിക്കുന്നത്. കാണാതായ കലാവസ്തുക്കളെക്കുറിച്ച് അന്വേഷണം നടത്തുന്ന ആര്‍തര്‍ ബ്രാന്‍ഡ് എന്ന ഡച്ചുകാരനാണ് തുടര്‍ച്ചയായ അന്വേഷണങ്ങള്‍ക്കു ഒടുവില്‍ അമൂല്യ നിധി കണ്ടെത്തിയിരിക്കുന്നത്. ‘ഇന്‍ഡ്യാന ജോണ്‍സ് ഓഫ് ദി ആര്‍ട്ട് വേള്‍ഡ്’ എന്നാണ് ബ്രാന്‍ഡ് ഈ ഫലകത്തെ വിശേഷിപ്പിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച ഹേഗിലെ സൈപ്രസ് എംബസിയില്‍ വെച്ച് നടത്തിയ ഒരു സ്വകാര്യ ചടങ്ങില്‍ വെച്ചാണ് ബ്രാന്‍ഡ് വിശുദ്ധ മര്‍ക്കോസിന്റെ മുഖം ആലേഖനം ചെയ്തിട്ടുള്ള ഈ മൊസൈക്ക് ഫലകം നെതര്‍ലന്‍ഡ്‌സിലെ സൈപ്രസ് എംബസ്സിക്ക് കൈമാറിയത്. എഡി 550-ല്‍ നിര്‍മ്മിക്കപ്പെട്ടുവെന്ന് കരുതപ്പെടുന്ന ഈ അമൂല്യനിധി 1974-ല്‍ തുര്‍ക്കികളുടെ ആക്രമണസമയത്ത് വടക്കന്‍ സൈപ്രസിലെ, വടക്ക്-കിഴക്കന്‍ നിക്കോസ്യായില്‍ നിന്നും 105 കിലോമീറ്റര്‍ അകലെയുള്ള കാണാക്കാരിയായിലെ പാനാവിയ ദേവാലയത്തില്‍ നിന്നുമാണ് മോഷ്ടിക്കപ്പെടുന്നത്.

മൊണോക്കോയിലെ ഒരു ബ്രിട്ടീഷ് കുടുംബത്തിന്റെ അപ്പാര്‍ട്ട്മെന്റില്‍ നിന്നുമാണ് ആര്‍തര്‍ ബ്രാന്‍ഡ് ഈ ഫലകം കണ്ടെത്തുന്നത്. വിശ്വാസത്തിന്റെ പേരില്‍ വാങ്ങിച്ച ഈ അമൂല്യനിധിയുടെ പ്രാധാന്യമറിയാതെ കഴിഞ്ഞ 40 വര്‍ഷമായി ഈ ബ്രിട്ടീഷ് കുടുംബം ഇത് സംരക്ഷിച്ചു വരികയായിരുന്നു. മോഷ്ടിക്കപ്പെട്ടതും, വിലമതിക്കാനാവാത്തതുമായ ഒരു അമൂല്യനിധിയായിരുന്നു ഇത്രയും കാലം തങ്ങള്‍ സൂക്ഷിച്ചുവന്നിരുന്നതെന്നറിഞ്ഞപ്പോള്‍ ബ്രിട്ടീഷ് കുടുംബം അമ്പരന്നുപോയതായി ബ്രാന്‍ഡ് പറഞ്ഞു.

ബൈസന്റൈന്‍ കാലത്തെ കലാസൃഷ്ടികളുടെ മനോഹാരിതയുടെ ഉത്തമ ഉദാഹരണമാണ് ഈ മൊസൈക്ക് ഫലകമെന്നാണ് ബ്രാന്‍ഡ് പറയുന്നത്. ഇന്ന്‍ നിലനില്‍ക്കുന്ന പുരാതന ക്രിസ്ത്യന്‍ കലാസൃഷ്ടികളില്‍ പ്രധാനപ്പെട്ട ഒന്നായ ഈ മൊസൈക്ക് ഫലകത്തിന് 50 ലക്ഷം മുതല്‍ ഒരു കോടി യൂറോ വരെ വിലയുണ്ടെന്നാണ് അനുമാനിക്കപ്പെടുന്നത്.


Related Articles »