Christian Prayer - March 2025

വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: പതിനേഴാം തീയതി

വണക്കമാസം 17-03-2024 - Sunday

"അവന്‍ ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള്‍ ഗര്‍ഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍നിന്നാണ്‌" (മത്തായി 1:20).

വിശുദ്ധ യൗസേപ്പ് പിതാവ്- ക്ഷമയുടെ പര്യായം

"നീതിയ്ക്കു വേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാർ. എന്തെന്നാല്‍ അവർക്ക് സംതൃപ്തി ലഭിക്കും" (വിശുദ്ധ മത്തായി 5:6) എന്ന് ഈശോ നാഥന്‍ ഗിരിപ്രഭാഷണത്തില്‍ അരുളിച്ചെയ്യുകയുണ്ടായി. അടുത്ത കാലത്ത് ഒരു മനുഷ്യന്‍ അയാളുടെ ഭാര്യയേയും ആറു കുട്ടികളെയും വിഷം കൊടുത്തു കൊന്നതിനു ശേഷം ആത്മഹത്യ ചെയ്തതായി ഒരു വാര്‍ത്ത കേട്ടിട്ടുണ്ട്. ജീവിത പ്രശ്നങ്ങളുമായി ഏറ്റുമുട്ടി നൈരാശ്യ നിമിത്തമത്രേ അപ്രകാരം ചെയ്തത്. ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ പലരും അസ്വസ്ഥചിത്തരും നിരാശരുമാകുന്നത് എന്തുകൊണ്ടാണ്? അതിനുള്ള ലളിതമായ ഉത്തരമിതാണ്, ജീവിതത്തിന്‍റെ അര്‍ത്ഥം എന്താണെന്ന് അവര്‍ മനസില്ലാക്കിയിട്ടില്ലയെന്നത് തന്നെ.

നമ്മുടെ ഭരണാധികാരികളും നേതാക്കന്മാരും മറ്റുള്ളവരും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി പരിശ്രമിക്കുന്നുണ്ട്. പ്രശ്നമില്ലാത്ത ഒരു ലോക സൃഷ്ടിക്കായി അവര്‍ അവിശ്രമം പരിശ്രമിക്കുന്നു. പക്ഷേ പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. എന്തുകൊണ്ടാണ് ദൈവത്തെ മാറ്റി നിര്‍ത്തിക്കൊണ്ട് പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ പരിശ്രമിക്കുന്നത്? നമ്മുടെ എല്ലാ പ്രശ്നങ്ങളുടെയും ഏക പരിഹാരം ദൈവമാണ്. നമ്മുടെ പിതാവ് മാര്‍ യൗസേപ്പ് അദ്ദേഹത്തിന്‍റെ എല്ലാ പ്രശ്നങ്ങളുടെയും പരിഹാരം ദൈവത്തിലാണ് കണ്ടെത്തിയത്. അതാണ്‌ മാര്‍ യൗസേപ്പിന്‍റെ മഹത്വത്തിന് നിദാനം.

സംശയങ്ങളിലും ബുദ്ധിമുട്ടുകളിലും യാതനകളിലുമെല്ലാം അദ്ദേഹം ദൈവത്തില്‍ അഭയം ഗമിച്ചതിനാല്‍ സമചിത്തതയോടുകൂടി എല്ലാ പ്രതിബന്ധങ്ങളെയും അഭിമുഖീകരിക്കുവാനും അവയേ വിജയപൂര്‍വ്വം തരണം ചെയ്യുവാനും അദ്ദേഹത്തിന് സാധിച്ചു. അതിനാല്‍ തിരുക്കുടുംബത്തില്‍ വലിയ സമാധാനവും സന്തോഷവും നിറഞ്ഞു നിന്നു. നമ്മുടെ ജീവിതത്തില്‍ പ്രശ്നങ്ങളെയും വെല്ലുവിളികളേയും അഭിമുഖീകരിക്കേണ്ടതായി വന്നേക്കാം. അപ്പോള്‍ നമ്മുടെ മനോഭാവം എന്താണ്? അങ്ങനെയുള്ള സാഹചര്യത്തില്‍ ദൈവത്തെയും കുടുംബാംഗങ്ങളേയും അയല്‍വാസികളേയും ശപിക്കുകയോ മറ്റേതെങ്കിലും വിധത്തില്‍ നിര്‍ഭാഗ്യകരമായ ജീവിതം നയിക്കുകയോ നാം ചെയ്യുന്നില്ലേ.

എന്നാല്‍ ക്രിസ്തുവിലുള്ള പ്രത്യാശയും ധൈര്യവും നമുക്കുണ്ടെങ്കില്‍ അക്ഷോഭ്യരായി അചഞ്ചലരായി പതറാതെ തളരാതെ മുന്നേറുവാന്‍ സാധിക്കും. അപ്പോള്‍ നാം ഈശോയോടും പരിശുദ്ധ കന്യകാ മറിയത്തോടും നമ്മുടെ പിതാവായ മാര്‍ യൗസേപ്പിനോടും അനുരൂപരായി തീരുന്നു. തന്മൂലം സമാധാനത്തിന്‍റെയും സ്നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും കൂടിചേരലായി നമ്മുടെ കുടുംബം മാറുകയും ചെയ്യും.

സംഭവം

റോമിലുള്ള സന്യാസിനി സമൂഹം ഒരിക്കല്‍ തങ്ങളുടെ മഠത്തോടനുബന്ധിച്ച് ഒരു ദേവാലയവും അനാഥാലയവും പണി കഴിപ്പിച്ചു. പണികളുടെ മേല്‍നോട്ടം നടത്തിയിരുന്ന വ്യക്തികളുടെ വഞ്ചന മൂലം സന്യാസ സമൂഹത്തിന് വളരെ ധന നഷ്ടം ഉണ്ടായി. ഉപവി പ്രവൃത്തിക്ക് വേണ്ടി നടത്തുന്ന ആ പ്രസ്ഥാനവും ദേവാലയവും പൂര്‍ത്തിയാക്കുവാന്‍ കഴിയാതെ അവര്‍ ക്ലേശിച്ചു. ആ ദിവസങ്ങളില്‍ അന്‍പതിലേറെ അനാഥക്കുട്ടികളും ജോലിക്കാരും മഠത്തിന്‍റെ വരാന്തയിലും മറ്റും കിടന്നാണ് നിദ്ര പോക്കിയത്. തങ്ങളുടെ സംരംഭം മുഴുമിപ്പിക്കുവാന്‍ യാതൊരു നിര്‍വാഹവും കാണാതെ വിഷമത്തിലായ സന്യാസിനികള്‍ മാര്‍ യൗസേപ്പില്‍ അഭയം പ്രാപിച്ചു. അവര്‍ യൗസേപ്പ് പിതാവിന്‍റെ നവനാള്‍ ആരംഭിച്ചു. ആരും തുണയില്ലാത്ത അനാഥക്കുഞ്ഞുങ്ങള്‍ക്കു വേണ്ടി ആ സന്യാസിനികള്‍ പ്രാര്‍ത്ഥിച്ചു. നവനാള്‍ അവസാനിക്കുന്നതിനു മുമ്പു തന്നെ അവരുടെ പ്രാര്‍ത്ഥന ഫലമണിഞ്ഞു.

പട്ടണത്തില്‍ ആസ്പത്രിയില്‍ സമ്പന്നയായ ഒരു രോഗിണി ഉണ്ടായിരുന്നു. അവര്‍ ആളെ അയച്ച് മഠാധിപയെ വരുത്തി അവരെക്കൂടി അനാഥാലയത്തില്‍ സ്വീകരിക്കണമെന്ന് അപേക്ഷിച്ചു. എന്നാല്‍ ദരിദ്രരെ മാത്രമേ തങ്ങള്‍ക്ക് സ്വീകരിക്കാന്‍ കഴിയുകയുള്ളൂ എന്ന്‍ മഠാധിപ അവരെ അറിയിച്ചു. എന്നാല്‍ ഭക്നാശയായി തനിക്കു വേണ്ടി മാര്‍ യൗസേപ്പ് പിതാവിനോടു പ്രാര്‍ത്ഥക്കണമെന്നു അപേക്ഷിച്ച് സന്യാസിനി സമൂഹത്തിനു വേണ്ടി ഒരു വലിയ തുക സംഭാവന ചെയ്തു. മുടങ്ങിക്കിടന്ന അനാഥാലയവും ദൈവാലയവും പണി തീര്‍ക്കുവാന്‍ ആ സംഭാവന മൂലം സന്യാസിനിമാര്‍ക്ക് സാധിച്ചു. തങ്ങളുടെ ആവശ്യനേരത്ത് സന്യാസിമാര്‍ക്ക് സാധിച്ചു. തങ്ങളുടെ ആവശ്യനെരത്ത് സഹായമരുളിയ മാര്‍ യൗസേപ്പ് പിതാവിനെ അവര്‍ സ്തുതിച്ചു.

ജപം

മാര്‍ യൗസേപ്പ്പിതാവേ അങ്ങ് ജീവിതത്തിലെ പ്രശ്നങ്ങളെയും വെല്ലുവിളികളേയും ധീരമായി അഭിമിഖീകരിച്ച് യാതനകളെയും ക്ലേശങ്ങളെയും അസാധാരണമായ ക്ഷമയും സഹനശക്തിയേയും പ്രദര്‍ശിപ്പിക്കുകയുണ്ടായി. ഞങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന വിഷമങ്ങളും വെല്ലുവിളികളും ഭീഷണികളും ഞങ്ങള്‍ പ്രശാന്തതയോടെ ക്രിസ്തീയമായ പ്രത്യാശയോടും ക്ഷമയോടും കൂടി നേരിടുവാന്‍ വേണ്ട അനുഗ്രഹം നല്‍കണമേ. ഞങ്ങളെ ആത്മീയവും ഭൗതികവുമായ വിപത്തുകളില്‍ നിന്ന്‍ അങ്ങ സംരക്ഷിക്കുകയും ചെയ്യണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1. ത്രിത്വ.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ

കര്‍ത്താവേ, അനുഗ്രഹിക്കണമേ

(കര്‍ത്താവേ...)

മിശിഹായെ, അനുഗ്രഹിക്കണമേ.

(മിശിഹായെ...)

കര്‍ത്താവേ, അനുഗ്രഹിക്കണമേ.

(കര്‍ത്താവേ...)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,

(മിശിഹായെ...)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

(മിശിഹായെ...)

സ്വര്‍ഗ്ഗസ്ഥനായ പിതാവേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

ലോകരക്ഷകനായ ക്രിസ്തുവേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ,

.

പരിശുദ്ധ മറിയമേ,

(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

വിശുദ്ധ യൗസേപ്പേ,

ദാവീദിന്‍റെ വിശിഷ്ട സന്താനമേ,

ഗോത്രപിതാക്കളുടെ പ്രകാശമേ,

ദൈവജനനിയുടെ ഭര്‍ത്താവേ,

പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ,

ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ,

മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ,

തിരുക്കുടുംബത്തിന്‍റെ നാഥനേ,

എത്രയും നീതിമാനായ വി. യൗസേപ്പേ,

മഹാ വിരക്തനായ വി.യൗസേപ്പേ,

മഹാ വിവേകിയായ വി. യൗസേപ്പേ,

മഹാ ധീരനായ വി. യൗസേപ്പേ,

അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,

മഹാ വിശ്വസ്തനായ വി. യൗസേപ്പേ,

ക്ഷമയുടെ ദര്‍പ്പണമേ,

ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ,

തൊഴിലാളികളുടെ മാതൃകയേ,

കുടുംബജീവിതത്തിന്‍റെ അലങ്കാരമേ,

കന്യകകളുടെ സംരക്ഷകാ,

കുടുംബങ്ങളുടെ ആധാരമേ,

നിര്‍ഭാഗ്യരുടെ ആശ്വാസമേ,

രോഗികളുടെ ആശ്രയമേ,

മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,

പിശാചുക്കളുടെ പരിഭ്രമമേ,

തിരുസ്സഭയുടെ പാലകാ,

ഭൂലോകപാപ....(3)

(നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു.

(സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.

പ്രാര്‍ത്ഥിക്കാം

അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍.

സുകൃതജപം

ക്ഷമയുടെ മാതൃകയായ മാര്‍ യൗസേപ്പേ ഞങ്ങള്‍ക്കു ശാന്തത നല്‍കണമേ.

ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »