India - 2024

യേശുക്രിസ്തുവിലെ രക്ഷയാണ് ഏകത്വം: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

സ്വന്തം ലേഖകന്‍ 14-02-2019 - Thursday

മാരാമണ്‍: യേശുക്രിസ്തുവിലെ രക്ഷയാണ് ഏകത്വമെന്നും കാതോലികവും അപ്പസ്‌തോലികവുമായ സാര്‍വത്രികസഭയുടെ അംഗങ്ങളായിരിക്കുന്‌പോള്‍ തന്നെ ക്രൈസ്തവ സഭകള്‍ക്കു വൈവിധ്യത്തിലൂടെ ഏകത്വം കണ്ടെത്താനാകുമെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മാരാമണ്‍ കണ്‍വന്‍ഷനില്‍ ഇന്നലെ രാവിലെ നടന്ന എക്യുമെനിക്കല്‍ യോഗത്തില്‍ മുഖ്യസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

ദൈവത്തിന്റെ ദാസന്മാരായി സഭകള്‍ പ്രവര്‍ത്തിക്കുന്നതാണ് സുവിശേഷം. സ്വന്തം ജീവിതത്തിലൂടെ യേശുക്രിസ്തുവിനെ ലോകത്തിനു നല്‍കുന്‌പോള്‍ മാത്രമേ സുവിശേഷവത്കരണം സാധ്യമാകൂ. മാനുഷികതയെ ശക്തിപ്പെടുത്തി ദൈവത്തെ പ്രഘോഷിക്കാനുള്ള കഴിവ് നമുക്കു ദൈവം നല്‍കിയിട്ടുണ്ട്. രക്ഷയുടെ അനുഭവം ലോകത്തിനു മുഴുവന്‍ വാഗ്ദാനം ചെയ്യപ്പെട്ടതാണ്.

ആരെയും ഭയപ്പെടേണ്ടതില്ല, മടിച്ചുനില്‍ക്കാനും പാടില്ല. വിനയത്തോടെ ദൈവമക്കളായി ജീവിച്ച് എല്ലാവരെയും അംഗീകരിച്ച് എല്ലാവര്‍ക്കും ഇടം നല്‍കി മുന്നേറുക. വാതിലുകള്‍ തുറന്നിടുക, ക്രിസ്തുവിന്റെ മേച്ചില്‍പ്പുറങ്ങളായി ലോകം മാറട്ടെ. ഇതിലൂടെയാണ് എക്യുമെനിസവും അതിന്റെ പൂര്‍ണതയിലെത്തുന്നത്. ഓരോ സഭയും അവരുടെ വിശ്വാസത്തിന്റെ പൂര്‍ണത ഉള്‍ക്കൊള്ളുന്‌പോള്‍തന്നെ ഇതരസഭകളുടെ വിശ്വാസത്തെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യണമെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.

ക്‌നാനായ ആര്‍ച്ച്ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതാധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, പത്തനംതിട്ട രൂപത കോ അഡ്ജത്തൂര്‍ ബിഷപ് ഡോ.സാമുവേല്‍ മാര്‍ ഐറേനിയോസ്, സിഎസ്‌ഐ ബിഷപ് ഉമ്മന്‍ ജോര്‍ജ്, ക്‌നാനായ സഭ മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ ഗ്രീഗോറിയോസ് തുടങ്ങിയവരും മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാരും യോഗത്തില്‍ പങ്കെടുത്തു.


Related Articles »