Christian Prayer - March 2025

വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: പത്തൊൻപതാം തീയതി

വണക്കമാസം 19-03-2024 - Tuesday

"യാക്കോബ്, മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളിൽ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു" (മത്തായി 1:16)

വിശുദ്ധ യൌസേപ്പിതാവ് നല്‍മരണ മദ്ധ്യസ്ഥന്‍

മരണം കേവലം സ്വാഭാവിക പ്രതിഭാസമല്ല. അതിന് സനാതനമായ ഒരു അര്‍ത്ഥമുണ്ട്. മിശിഹായുടെ പെസഹാ രഹസ്യത്തിന്‍റെ പ്രകാശത്തില്‍ മരണത്തെ നാം വീക്ഷിക്കണം. മരണം ശരീരത്തില്‍ നിന്നുള്ള ആത്മാവിന്‍റെ വേര്‍പാടാണ്. എന്നാല്‍ അത് നിത്യമായ ഐക്യത്തിനു വേണ്ടിയാണ്. ഒരു കൃസ്ത്യാനിയെ സംബന്ധിച്ചിടത്തോളം മരണം ഭയാനകമല്ല. അത് സ്വര്‍ഗ്ഗീയ പിതാവിന്‍റെ ക്ഷണമാണ്. പാരത്രിക ജീവിതത്തിലേക്കുള്ള ജനനമാണ്‌. നമുക്ക് മരണത്തില്‍ ദൈവത്തെ കണ്ടെത്തുവാന്‍‍ സാധിച്ചാല്‍ മരണത്തെ കീഴടക്കാം. നമ്മുടെ വന്ദ്യപിതാവ്‌ മാര്‍ യൗസേപ്പ് മരണത്തെ കീഴടക്കി.

വിശുദ്ധ യൗസേപ്പിനെ മിശിഹായുടെ പരസ്യജീവിത കാലത്തു നാം ഒരിക്കലും ദര്‍ശിക്കുന്നില്ല. തന്നിമിത്തം അദ്ദേഹം ഈശോയുടെ രഹസ്യജീവിത പരിസമാപ്തിയോടടുത്ത് മരണമടഞ്ഞിരിക്കണമെന്നാണ് കരുതുന്നത്. വിശുദ്ധ യൗസേപ്പിന്‍റെ മരണം ഏറ്റവും സൗഭാഗ്യപൂര്‍ണ്ണമായിരുന്നു. പരിശുദ്ധ കന്യകയുടെ സാന്നിധ്യത്തില്‍ ഈശോയുടെ തൃക്കരങ്ങളിലായിരുന്നു അദ്ദേഹത്തിന്‍റെ മരണം. പാപമോ ലൗകിക സമ്പത്തോ സ്ഥാനമാനങ്ങളോ മറ്റേതെങ്കിലും വസ്തുവോ ആ പാവനാത്മാവിന്‍റെ മരണത്തെ ശോകപൂര്‍ണ്ണമാക്കിയില്ല. മറിച്ച് അതും ഒരു സ്നേഹനിദ്രയായിരുന്നു. തന്നിമിത്തം അദ്ദേഹം ഉത്തമ മരണത്തിന്‍റെ മാതൃകയാണ്. നല്‍മരണ മദ്ധ്യസ്ഥനുമാണ്.

ഒരു വ്യക്തിയുടെ ജീവിതവിജയം ഒരു നല്ല മരണത്തെ ആശ്രയിച്ചാണിരിക്കുന്നത്. മരണ സമയത്ത് വരപ്രസാദാവസ്ഥയിലാണ് ആത്മാവെങ്കില്‍ മരണം ഒരിക്കലും ഭയാനകമല്ല. പാപവും ലൗകിക സമ്പത്തിനോടുള്ള അതിരുകടന്ന സ്നേഹവുമാണ് പലപ്പോഴും മരണത്തെ ഭയാനകമാക്കുന്നത്.

ഒരു കൃസ്ത്യാനി ഉത്തമ ക്രിസ്ത്യാനിയായി ജീവിച്ചതു കൊണ്ട് ഒരിക്കലും മരണ സമയത്ത് ഖേദിക്കേണ്ടതായി വന്നിട്ടില്ലായെന്ന്‍ ആംഗ്ലേയ സാഹിത്യകാരനായ ഹില്ലയര്‍ബല്ലക്ക് പ്രസ്താവിച്ചിട്ടുണ്ട്. നേരെമറിച്ച്, ദൈവത്തെയും സഹോദരങ്ങളെയും സ്നേഹിക്കാതെ ജീവിതാന്തസ്സിന്‍റെ കടമകള്‍ ശരിയായി നിര്‍വഹിക്കാതിരുന്നവര്‍ ജീവിതത്തെ പഴാക്കി കളഞ്ഞവര്‍ മരണസമയത്ത് ഓരോ മനുഷ്യാത്മാവും അന്തിമമായ തെരഞ്ഞെടുപ്പ് നടത്തും. ജീവിതകാലത്ത് ചെയ്തിട്ടുള്ള സകല പ്രവൃത്തികളും വിചാരങ്ങളും എല്ലാം അതില്‍ സ്വാധീന ശക്തി ചെലുത്തും. വി. യൗസേപ്പ് അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ എല്ലായ്പ്പോഴും ദൈവത്തിനും ഈശോമിശിഹായ്ക്കും സംപ്രീതിജനകമായവ മാത്രം പ്രവര്‍ത്തിച്ചു. പ. കന്യകയെ സ്നേഹിച്ചിരുന്നു. അയല്‍വാസികളെയും സ്നേഹിച്ചു. ദൈവോന്മുഖമായ ജീവിതമാണ് നയിച്ചിരുന്നത്. തന്നിമിത്തമത്രേ സൗഭാഗ്യപൂര്‍ണ്ണവും സമാധാനപരവുമായ ഒരു മരണം കൈവരിച്ചത്. ജീവിതം എപ്രകാരമാണോ അപ്രകാരമായിരിക്കും മരണം.

സംഭവം

കേരളത്തില്‍ മാര്‍ യൗസേപ്പിതാവിന്‍റെ നാമധേയത്തിലുള്ള ഒരു പ്രശസ്ത ദൈവാലയത്തിലെ വൈദികന്‍റെ സാക്ഷ്യമാണ് താഴെ കാണുന്നത്. മാര്‍ യൗസേപ്പിതാവിന്‍റെ തിരുനാള്‍ വര്‍ഷം തോറും ഭക്തിപൂര്‍വ്വം ആഘോഷിക്കുന്ന ഒരു ദൈവാലയത്തില്‍ രണ്ടു ചാക്കുകള്‍ നിറയെ അരിയുമായി ഒരു മോട്ടോര്‍ കാറില്‍ ഒരു കുടുംബം എത്തി. അവര്‍ പറഞ്ഞ സാക്ഷ്യമാണിത്. അവര്‍ അവരുടെ മത്സ്യബന്ധന ബോട്ട് കടലിലിറക്കിയ ദിവസം അതിന് സെന്‍റ് ജോസഫ് എന്നു പേരു നല്‍കി പ്രതിഷ്ഠിച്ചു. തങ്ങളുടെ ബോട്ടിനും അതില്‍ പണിയെടുക്കുന്ന പക്ഷം യാതൊരപകടവും ഉണ്ടാകാതിരിക്കാന്‍ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാള്‍ ദിവസം ഒരു ചാക്ക് അരി പാവപ്പെട്ടവരുടെ ഇടയില്‍ വിതരണം ചെയ്യുമെന്നായിരുന്നു നേര്‍ച്ച.

മൂന്നു നാലു മാസങ്ങള്‍ക്കു ശേഷം, ഒരു ദിവസം പുറംകടലില്‍ മത്സ്യബന്ധനത്തിനായിപ്പോയ നാല് ബോട്ടുകളില്‍ ഒന്ന്‍ സെന്‍റ് ജോസഫ് ആയിരുന്നു. കനത്ത കാറ്റും മഴയും കടലിലുണ്ടായി. കടല്‍ക്ഷോഭം കൊണ്ട് ബോട്ടുകള്‍ ഇളകി മറിഞ്ഞു. മൂന്നു ബോട്ടുകളും തിരമാലകളില്‍പ്പെട്ടു തകര്‍ന്നതാണ്. അവയിലുണ്ടായിരുന്ന ആളുകള്‍ നീന്തി. പതിമൂന്നു പേര്‍ക്ക് ജീവാപായം സംഭവിച്ചു. സെന്‍റ് ജോസഫ് ബോട്ടു മാത്രം മറിയാതെ രക്ഷപെട്ടു. മറ്റു ബോട്ടുകളില്‍ കയറിയിരുന്ന ഹതഭാഗ്യരില്‍ ശേഷിച്ചവരെ സെന്‍റ് ജോസഫ് ബോട്ടിലെ ആളുകള്‍ രക്ഷപെടുത്തി. മാര്‍ യൗസേപ്പിന്‍റെ മദ്ധ്യസ്ഥതയാല്‍ തങ്ങള്‍ക്കുണ്ടായ അനുഗ്രഹത്താല്‍ സന്തുഷ്ടചിത്തരായ അവര്‍ നേരത്തെ നേര്‍ച്ച നേര്‍ന്നതിനു പുറമെ ഒരു ചാക്ക് അരി കൂടി ആ വിശുദ്ധന്‍റെ സ്തുതിക്കായി പാവപ്പെട്ടവരുടെ ഇടയില്‍ വിതരണം ചെയ്യുവാന്‍ തയ്യാറായി.

ജപം

ഞങ്ങളുടെ വത്സലപിതാവായ മാര്‍ യൗസേപ്പേ, അങ്ങ് ഈശോ മിശിഹായുടെ തൃക്കരങ്ങളില്‍ പ. കന്യകയുടെ സാന്നിദ്ധ്യത്തില്‍ സമാധാന പൂര്‍ണ്ണമായി മരണം പ്രാപിച്ചുവല്ലോ. പാപികളായ ഞങ്ങളുടെ മരണ സമയത്ത് ഈശോയുടെയും പ. കന്യകാമറിയത്തിന്‍റെയും അങ്ങയുടെയും സഹായം ഞങ്ങള്‍ക്കു നല്‍കണമേ. അപ്രകാരം ഞങ്ങള്‍ നിത്യാനന്ദ സൗഭാഗ്യത്തില്‍ ചേരുവാന്‍ അര്‍ഹമായിത്തീരട്ടെ. നല്ല മരണത്തിനു പ്രതിബന്ധമായ പാപത്തെയും അതിന്‍റെ സാഹചര്യങ്ങളെയും ലൗകിക വസ്തുക്കളോടുള്ള അതിരു കടന്ന സ്നേഹത്തെയും പരിത്യജിക്കുവാനുള്ള ധീരത ഞങ്ങള്‍ക്കു നല്‍കണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1. ത്രിത്വ.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ

കര്‍ത്താവേ, അനുഗ്രഹിക്കണമേ

(കര്‍ത്താവേ...)

മിശിഹായെ, അനുഗ്രഹിക്കണമേ.

(മിശിഹായെ...)

കര്‍ത്താവേ, അനുഗ്രഹിക്കണമേ.

(കര്‍ത്താവേ...)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,

(മിശിഹായെ...)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

(മിശിഹായെ...)

സ്വര്‍ഗ്ഗസ്ഥനായ പിതാവേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

ലോകരക്ഷകനായ ക്രിസ്തുവേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ,

.

പരിശുദ്ധ മറിയമേ,

(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

വിശുദ്ധ യൗസേപ്പേ,

ദാവീദിന്‍റെ വിശിഷ്ട സന്താനമേ,

ഗോത്രപിതാക്കളുടെ പ്രകാശമേ,

ദൈവജനനിയുടെ ഭര്‍ത്താവേ,

പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ,

ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ,

മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ,

തിരുക്കുടുംബത്തിന്‍റെ നാഥനേ,

എത്രയും നീതിമാനായ വി. യൗസേപ്പേ,

മഹാ വിരക്തനായ വി.യൗസേപ്പേ,

മഹാ വിവേകിയായ വി. യൗസേപ്പേ,

മഹാ ധീരനായ വി. യൗസേപ്പേ,

അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,

മഹാ വിശ്വസ്തനായ വി. യൗസേപ്പേ,

ക്ഷമയുടെ ദര്‍പ്പണമേ,

ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ,

തൊഴിലാളികളുടെ മാതൃകയേ,

കുടുംബജീവിതത്തിന്‍റെ അലങ്കാരമേ,

കന്യകകളുടെ സംരക്ഷകാ,

കുടുംബങ്ങളുടെ ആധാരമേ,

നിര്‍ഭാഗ്യരുടെ ആശ്വാസമേ,

രോഗികളുടെ ആശ്രയമേ,

മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,

പിശാചുക്കളുടെ പരിഭ്രമമേ,

തിരുസ്സഭയുടെ പാലകാ,

ഭൂലോകപാപ....(3)

(നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു.

(സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.

പ്രാര്‍ത്ഥിക്കാം

അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍.

സുകൃതജപം

നല്‍മരണ മദ്ധ്യസ്ഥനായ മാര്‍ യൗസേപ്പേ, ഞങ്ങളെ നല്‍മരണം പ്രാപിക്കുവാന്‍ ഇടയാക്കണമേ.

ആത്മ ശരീരങ്ങളെ യൗസേപ്പിതാവിനു കാഴ്ച വച്ച് ഏല്‍പ്പിക്കുന്ന ജപം

എത്രയും മഹത്വമുള്ള ഞങ്ങളുടെ മദ്ധ്യസ്ഥനായിരിക്കുന്ന മാര്‍ യൗസേപ്പു പിതാവേ! അങ്ങേ പരിശുദ്ധതയേയും പരലോകത്തില്‍ അനുഭവിക്കുന്ന മഹത്വത്തെയും ചിന്തിച്ചു ഞങ്ങള്‍ ആശ്ചര്യപ്പെടുന്നു. ആകയാല്‍ ഞങ്ങള്‍ അങ്ങേ വന്ദിച്ച് ഞങ്ങളെ അങ്ങേയ്ക്ക് സ്വന്ത അടിമകളായി കാഴ്ച വച്ചു. ഞങ്ങളുടെ ശരീരത്തിലും ആത്മാവിലും ഉള്ളതൊക്കെയും അങ്ങേ ഏല്‍പ്പിച്ചു കൊള്ളുന്നു. ഞങ്ങളുടെ ശരീരത്തെയും അതിന്‍റെ പഞ്ചേന്ദ്രിയങ്ങളെയും കാത്തു കൊള്ളണമേ. ഞങ്ങളുടെ ആത്മാവിനെയും അതിന്‍റെ ശക്തിയെയും കാത്തു കൊള്ളണമേ. ആന്തരേന്ദ്രിയങ്ങളും ആത്മാവും ദൈവതിരുമനസ്സോട് ഒന്നിച്ചിരുന്നതിന്‍ വണ്ണം ഞങ്ങളുടെ ആന്തരീകവും ബാഹ്യവുമായ ഇന്ദ്രിയങ്ങളും ദൈവതിരുമനസ്സോടു ഒന്നിച്ചിരിക്കുവാന്‍ വേണ്ട അനുഗ്രഹം നല്‍കേണമേ.

അങ്ങേ തിരുനാളാല്‍ ചരിക്കുന്ന ഇന്നു ഞങ്ങളുടെ പ്രധാന മദ്ധ്യസ്ഥനായിട്ടും ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കുന്ന ആളായിട്ടും അങ്ങയേ ഞങ്ങള്‍ തെരഞ്ഞെടുക്കുന്നു. ഇനിമേല്‍ അങ്ങയെപ്രതി ഒരു സല്‍കൃത്യമെങ്കിലും ചെയ്യാത്ത ദിവസമുണ്ടായിരിക്കയില്ല. എല്ലായ്പ്പോഴും പ്രത്യേകം ഞങ്ങളുടെ മരണ നേരത്തിലും ഞങ്ങളെ കാത്തു രക്ഷിച്ച് അങ്ങയോടു കൂടെ അങ്ങേ തിരുപുത്രനെയും മണവാട്ടിയേയും കണ്ട് സ്തുതിച്ചു വാഴ്ത്തുവാന്‍ മനോഗുണം തരുവിക്കേണമേ. ആമ്മേന്‍.

ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »