News - 2024

പാപ്പയുടെ വരവും കാത്ത് പ്രാര്‍ത്ഥനയോടെ മൊറോക്കൻ ജനത

സ്വന്തം ലേഖകന്‍ 27-02-2019 - Wednesday

റബത്ത്: ഫ്രാൻസിസ് പാപ്പയുടെ സന്ദർശനം മൊറോക്കൻ സഭയ്ക്ക് വില മതിക്കാനാവാത്തതാണെന്ന് റബത്ത് ആർച്ച് ബിഷപ്പ് മോൺ. ക്രിസ്റ്റോബൽ ലോപസ്. മാർച്ച് 30, 31 ദിവസങ്ങളിൽ നടക്കുന്ന സന്ദർശനത്തിനായി വലിയ രീതിയിലുള്ള ഒരുക്കമാണ് നടത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ ജീവിതത്തിന്റെ പൂർണതയായ ദിവ്യകാരുണ്യം പോലെ സഭാതലവനായ മാർപാപ്പയുടെ വരവിനായി ക്രൈസ്തവ സമൂഹം അത്യന്തം പ്രതീക്ഷയോടെ ഒരുങ്ങിയിരിക്കുകയാണെന്നും മോൺ. ലോപസ് വ്യക്തമാക്കി.

പ്രത്യാശയുടെ ദൂതനായി വരുന്ന പാപ്പ എല്ലാവരിലും പ്രതീക്ഷ നിറച്ച് നമുക്ക് ശക്തി പകരും. നിരുത്സാഹരായിരിക്കുന്നവരിൽ ആവേശം നല്‍കാൻ സുവിശേഷവുമായാണ് അദ്ദേഹം നമ്മെ സമീപിക്കുന്നത്. പാപ്പയുടെ വാക്കുകൾക്ക് കാതോർത്തു അവിടുത്തെ സന്ദേശം സ്വീകരിച്ച് വിശ്വാസത്തിന് സാക്ഷ്യം വഹിക്കണമെന്നും ബിഷപ്പ് പറഞ്ഞു.

രൂപതയുടെ കാരിത്താസ് അഭയാർത്ഥി കേന്ദ്രത്തിലും ഉപവിയുടെ മക്കൾ എന്ന സന്യാസ സ്ഥാപനം നടത്തുന്ന സാമൂഹിക കേന്ദ്രത്തിലും മുസ്ലിം ഇമാമുകൾക്കും പ്രാസംഗികർക്കും പരിശീലനം നല്കുന്ന മുഹമ്മദ് ആറാമൻ നാമധേയത്തിലുള്ള സ്ഥാപനത്തിലും സന്ദർശനം നടത്തുന്ന പാപ്പ പ്രശസ്തമായ ഹസൻ മോസ്ക്കിനു സമീപം മൊറോക്കൻ രാജാവുമായി കൂടിക്കാഴ്ചയും നടത്തുന്നുണ്ട്. ഇസ്ളാമിക ഭൂരിപക്ഷ രാജ്യമായ മൊറോക്കയില്‍ ആദ്യമായാണ് ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശനം നടത്തുന്നത്.


Related Articles »