News - 2024

തിമോറിലെ സന്യസ്ഥര്‍ക്ക് 'ഡെക്കറേഷന്‍ ഓഫ് ഓണര്‍' നല്‍കി പാപ്പയുടെ ആദരവ്

സ്വന്തം ലേഖകന്‍ 25-03-2019 - Monday

ദിലി, തിമോര്‍: തെക്കു കിഴക്കേ ഏഷ്യന്‍ രാജ്യമായ തിമോറിലെ കത്തോലിക്കാ സഭക്ക് സ്തുത്യര്‍ഹമായ സംഭാവനകള്‍ ചെയ്ത നാല് പുരോഹിതര്‍ക്കും ഒരു കന്യാസ്ത്രീക്കും വത്തിക്കാന്റെ ‘ഡെക്കറേഷന്‍ ഓഫ് ഓണര്‍’. തിമോര്‍ സ്വദേശികളായ ഫാ. ഫ്രാന്‍സിസ്കോ ഡോസ് സാന്റോസ് ബാരെറ്റോ, ഫാ. ഫ്രാന്‍സിസ്കോ ടവാരെസ്, ഇറ്റാലിയന്‍ പുരോഹിതനായ ഫാ. എലീജിയോ ലോക്കാടെല്ലി, ഈശോസഭാംഗമായ പോര്‍ച്ചുഗീസ് പുരോഹിതന്‍ ഫാ. ജോസ് ആല്‍വെസ് മാര്‍ട്ടിന്‍സ് എന്നിവര്‍ക്ക് പുറമേ കനോസ്സിയന്‍ കന്യാസ്ത്രീയായ മരിയ ചിയോഡയുമാണ്‌ ‘ഡെക്കറേഷന്‍ ഓഫ് ഓണര്‍ മെഡലിന് അര്‍ഹരായത്.

ഇക്കഴിഞ്ഞ മാര്‍ച്ച് 19-ന് ദിലിയിലെ ഇമ്മാകുലേറ്റ്‌ കണ്‍സപ്ഷന്‍ ദേവാലയത്തില്‍ വെച്ച് മോണ്‍സിഞ്ഞോര്‍ മാര്‍ക്കോ സ്പ്രിസ്സിയാണ് പാപ്പാക്ക് വേണ്ടി മെഡലുകള്‍ സമ്മാനിച്ചത്. ദിലിയിലെ മെത്രാനായ വിര്‍ജില്ലോ ഡോ കാര്‍മോ ഡാ സില്‍വായും ചടങ്ങില്‍ സന്നിഹിതനായിരുന്നു. ദശാബ്ദങ്ങളായി ഇവര്‍ തങ്ങളുടെ ജീവിതം സഭക്കായി സമര്‍പ്പിച്ചിരിക്കുകയാണെന്ന്‍ മെഡല്‍ സമ്മാന വേളയില്‍ മോണ്‍. മാര്‍ക്കോ സ്പ്രിസ്സി പറഞ്ഞു.

തികച്ചും അപ്രതീക്ഷിതമായാണ് ഈ അവാര്‍ഡ് ലഭിച്ചതെന്നു ഫാ. ബാരെറ്റോ പ്രതികരിച്ചു. തിമൂര്‍ ലെസ്റ്റോയിലെ കത്തോലിക്കരുടെ കാര്യത്തിലും വത്തിക്കാന്‍ ശ്രദ്ധചെലുത്തുന്നുണ്ടെന്നാണ് ഈ അവാര്‍ഡ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇരുപത്തിയേഴാമത്തെ വയസ്സിലാണ് സിസ്റ്റര്‍ ചിയോഡ കിഴക്കന്‍ തിമൂറിലെത്തുന്നത്. അവിടെ കാനോസ്സിയന്‍ കോളേജ് സ്ഥാപിക്കുന്നതില്‍ സിസ്റ്റര്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 1964-ല്‍ തിമൂറിലെത്തിയ ഫാ. ലൊക്കാടെല്ലിയാണ് ബവുക്കാവു ജില്ലയിലെ ഫാത്തിമാക്കാ കോളേജ് സ്ഥാപിച്ചത്. 1974-ലാണ് ഫാ. മാര്‍ട്ടിന്‍സ് തിമൂര്‍ ലെസ്റ്റെയിലെത്തുന്നത്. രാജ്യത്തെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതില്‍ ഇദ്ദേഹവും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

സഭക്ക് വേണ്ടി ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കുന്ന അല്‍മായര്‍ക്കും, പുരോഹിതര്‍ക്കും സന്യസ്ഥര്‍ക്കും പാപ്പ നല്‍കുന്ന മെഡലാണ് ഡെക്കറേഷന്‍ ഓഫ് ഓണര്‍. 1888-ല്‍ തന്റെ പൗരോഹിത്യത്തിന്റെ അമ്പതാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്തവരെ ആദരിക്കുന്നതിനായി ലിയോ പതിമൂന്നാമന്‍ പാപ്പായാണ് ഡെക്കറേഷന്‍ ഓഫ് ഓണര്‍ സ്ഥാപിച്ചത്. പിന്നീട് ഇത് പാപ്പമാര്‍ നല്‍കുന്ന ഒരു ബഹുമതിയായി മാറുകയായിരിന്നു.


Related Articles »