Arts - 2025
'ദ് ലീസ്റ്റ് ഓഫ് ദീസ്': ഗ്രഹാം സ്റ്റെയിൻസിന്റെ ജീവിത കഥ തീയറ്ററുകളില്‍
സ്വന്തം ലേഖകന്‍ 29-03-2019 - Friday
ന്യൂഡല്‍ഹി: ഒഡീഷയിലെ ആദിവാസി മേഖലകളിലെ പാവപ്പെട്ടവർക്ക് വൈദ്യ സഹായം ലഭ്യമാക്കാൻ ജീവിതം സമര്‍പ്പിച്ചതിന്റെ പേരിൽ ഹൈന്ദവ തീവ്രവാദികൾ കൊലപ്പെടുത്തിയ ഓസ്‌ട്രേലിയൻ മിഷ്ണറി ഗ്രഹാം സ്റ്റെയിൻസിന്റെ കഥ പറയുന്ന ചലച്ചിത്രം ഇന്നു തീയറ്ററുകളിലേക്ക്. ദ് ലീസ്റ്റ് ഓഫ് ദീസ് (ഇവരിൽ ഏറ്റവും ചെറിയവൻ) എന്ന പേര് നല്‍കിയിരിക്കുന്ന ചലച്ചിത്രം രാജ്യത്തെ 135 തീയറ്ററുകളിലാണ് എത്തിയിരിക്കുന്നത്. യുഎസിൽ ഹിറ്റായ ചലച്ചിത്രം വിതരണ കമ്പനിയായ പിവിആർ ആണ് ഇന്ത്യയില്‍ എത്തിച്ചത്. അധികം വൈകാതെ ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, ഒറിയ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തുമെന്ന് മലയാളിയായ നിർമാതാവ് വിക്ടർ ഏബ്രഹാം അറിയിച്ചു.
500 കലാകാരന്മാരുടെ 5 വർഷത്തെ പ്രയത്നത്തിന് ഒടുവിലാണ് ചലച്ചിത്രം തീയറ്ററുകളില്‍ എത്തിയിരിക്കുന്നത്. പ്രശസ്ത ബോളിവുഡ് താരം സ്റ്റീഫൻ ബാൾഡ് വിന്നാണ് ഗ്രഹാം സ്റ്റെയിൻസായി വേഷമിടുന്നത്. നടൻ ശർമൻ ജോഷി മാനവ് ബാനർജി എന്ന പത്രപ്രവർത്തകന്റെ വേഷത്തില്‍ നടത്തുന്ന അന്വേഷണത്തിലൂടെയാണ് സ്റ്റെയിൻസിന്റെയും മക്കളായ ഫിലിപ്പിന്റെയും (10), തിമോത്തിയുടെയും (6) കഥ ഇതൾ വിരിയുന്നത്. സ്റ്റെയിൻസിന്റെ ഭാര്യ ഗ്ലാഡിസായി എത്തുന്നത് ശാരി റിഗ്സി എന്ന നടിയാണ്.
1965ൽ ഓസ്ട്രേലിയിൽ നിന്ന് ഇന്ത്യയിലെത്തി ഒഡീഷയിലെ ദാരിപ്പെഡിൽ കുഷ്ടരോഗികളുടെ പുനരധിവാസത്തിനായി ജീവിതം ഉഴിഞ്ഞു വച്ച സ്റ്റെയിൻസിനെയും 2 മക്കളെയും 1999-ല്‍ വാഹനത്തിലിട്ട് തീവ്ര ഹിന്ദുത്വവാദികള്‍ കൊന്നൊടുക്കുകയായിരിന്നു. തന്റെ ഭർത്താവിന്റെയും മക്കളുടെയും ജീവൻ കവർന്നവരോടു ക്ഷമിച്ച ഗ്ലാഡിസ് ലോക ശ്രദ്ധയാകര്‍ഷിച്ചിരിന്നു. ഇപ്പോൾ ഓസ്ട്രേലിയയിൽ താമസിക്കുന്ന ഗ്ലാഡിസിനായി ചിത്രം ജൂണിൽ അവിടെ പ്രദർശിപ്പിക്കുമെന്ന് നിർമ്മാതാവ് പറഞ്ഞു.
ഡാളസിലെ സ്കൈപാസ് ഗ്രൂപ്പിന്റെ സിഇഒ ആണ് നിർമാതാവായ വിക്ടർ ഏബ്രഹാം. മുംബൈയിൽ ജനിച്ച് 35 വർഷമായി യുഎസിലെ ഡാളസിൽ താമസിക്കുന്ന വിക്ടർ പത്തനംതിട്ട മല്ലശേരി സ്വദേശിയാണ്. ദേവാലയങ്ങള്‍ക്കും പ്രാര്‍ത്ഥനാകൂട്ടായ്മകള്‍ക്കും അടുത്ത തീയറ്ററുകളില്‍ ഷോ നടത്തുന്നതിനു സിനിമയുടെ അണിയറക്കാര്‍ പ്രത്യേക സൌകര്യം ആരംഭിച്ചിട്ടുണ്ട്. ബുക്കിംഗിനായി ഇവിടെ ക്ലിക്ക് ചെയ്യുക: