Faith And Reason - 2025

ഇസ്ലാമിക് സ്റ്റേറ്റ് കത്തിച്ച ബൈബിളിൽ സത്യപ്രതിജ്ഞ ചെയ്ത് കുർദിസ്ഥാൻ മന്ത്രി

സ്വന്തം ലേഖകന്‍ 12-07-2019 - Friday

ഇര്‍ബില്‍: ഇറാഖിലെ സ്വയംഭരണ കുർദിസ്ഥാൻ പ്രവിശ്യയിൽ പുതിയ സർക്കാർ സ്ഥാനമേറ്റെടുത്തപ്പോൾ മന്ത്രിസഭയിലെ ഏക ക്രൈസ്തവ മന്ത്രിയായ അനോ ജവഹർ അബ്ദുൽ മാസിഹ് നടത്തിയ സത്യപ്രതിജ്ഞ ശ്രദ്ധേയമായി. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭരണകാലഘട്ടത്തിൽ അവർ കത്തിച്ച ബൈബിളില്‍ കൈവെച്ചാണ് അദ്ദേഹം സത്യപ്രതിജ്ഞ നടത്തിയത്. അലയൻസ് ഓഫ് നാഷണൽ യൂണിറ്റി എന്ന പാർട്ടി അംഗമായ ജവഹർ അബ്ദുൽ, ഗതാഗത- വാർത്താവിനിമയ വകുപ്പ് മന്ത്രിയായാണ് സ്ഥാനമേറ്റെടുത്തിരിക്കുന്നത്.

കുർദിസ്ഥാൻ പ്രവിശ്യയിലെ അത്യന്താപേക്ഷിതമായ ഭാഗമായിത്തന്നെ ക്രൈസ്തവർ നിലനിൽക്കുമെന്ന് കാണിക്കാനാണ് നാനൂറു വർഷം പഴക്കമുള്ള തീവ്രവാദികള്‍ കത്തിച്ച ബൈബിളിൽ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. തന്റെ പ്രവർത്തിയിലൂടെ ഇസ്ലാമിക് സ്റ്റേറ്റ്- ക്രൈസ്തവർക്കും, യസീദികൾക്കും, മറ്റു ന്യൂനപക്ഷങ്ങൾക്കെതിരെയും നടത്തിയ ക്രൂരമായ കൃത്യങ്ങൾ ഓർമ്മപ്പെടുത്താനാണ് ശ്രമിച്ചതെന്ന് ഇദ്ദേഹം കുർദിഷ് വാർത്താ ഏജൻസിയായ റൂഡോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കുർദിഷ് പ്രവിശ്യയിലെ പാർലമെന്റിൽ 111 അംഗങ്ങളാണുള്ളത്. ഇതിൽ 11 സീറ്റുകൾ ന്യൂനപക്ഷങ്ങൾക്കായി മാറ്റിവെച്ചിട്ടുണ്ട്. പുതിയ മന്ത്രിസഭയിലും ന്യൂനപക്ഷങ്ങൾക്ക് പദവികൾ നൽകിയിട്ടുണ്ടെങ്കിലും ഏക ക്രൈസ്തവ മന്ത്രിയാണ് അനോ ജവഹർ.


Related Articles »