News - 2024

കര്‍ദ്ദിനാള്‍ ന്യൂമാന്‍റെ വിശുദ്ധ പദവിക്ക് നന്ദിയര്‍പ്പിച്ച് ആംഗ്ലിക്കന്‍ സഭയുടെ പ്രാര്‍ത്ഥന

സ്വന്തം ലേഖകന്‍ 22-10-2019 - Tuesday

വെസ്റ്റ്മിന്‍സ്റ്റര്‍: ആഗ്ലിക്കന്‍ സഭയില്‍ നിന്നും കത്തോലിക്കാ വിശ്വാസം സ്വീകരിച്ച് സഭാചരിത്രത്തിന്റെ ഭാഗമായി മാറി വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ആത്മീയാചാര്യനും, ദൈവശാസ്ത്ര പണ്ഡിതനുമായ കര്‍ദ്ദിനാള്‍ ജോണ്‍ ഹെന്‍റി ന്യൂമാന്‍റെ നാമകരണത്തില്‍ നന്ദിയര്‍പ്പിച്ച് ആംഗ്ലിക്കന്‍ സഭയും. കര്‍ദ്ദിനാള്‍ ന്യൂമാനെ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തപ്പെട്ടതിന്റെ ആഹ്ലാദവും, നന്ദിയും സൂചിപ്പിക്കുന്നതിനായി ഒക്ടോബര്‍ 19 ശനിയാഴ്ച വെസ്റ്റ്മിന്‍സ്റ്റര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ അര്‍പ്പിച്ച പ്രാര്‍ത്ഥനയില്‍ ആംഗ്ലിക്കന്‍ സഭയുടെ തലവനും കാന്റര്‍ബറി മെത്രാപ്പോലീത്തയുമായ ജസ്റ്റിന്‍ വെല്‍ബി വിശുദ്ധനെക്കുറിച്ച് നടത്തിയ പ്രഭാഷണവും ശ്രദ്ധേയമായി. ലക്ഷ്യബോധമുള്ള ഒരു യഥാര്‍ത്ഥ ശിഷ്യന്റെ ഉത്തമ മാതൃകയാണെന്നാണ് മെത്രാപ്പോലീത്ത, വിശുദ്ധ ന്യൂമാനെ വിശേഷിപ്പിച്ചത്.

പത്തൊമ്പതാം നൂറ്റാണ്ടിലെ രോഗാതുരമായ ഇംഗ്ലീഷ് സഭയില്‍ ദൈവത്തിന്റെ പ്രവര്‍ത്തി ഏറ്റവുമധികം തിളങ്ങികാണുന്നത് കര്‍ദ്ദിനാള്‍ ജോണ്‍ ഹെന്‍റി ന്യൂമാനിലാണെന്ന് പറഞ്ഞുകൊണ്ടാണ് മെത്രാപ്പോലീത്ത തന്റെ സന്ദേശം ആരംഭിച്ചത്. ക്രിസ്തുവിലൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ദൈവത്തിന്റെ ആട്ടിന്‍കൂട്ടമാണ്‌ നമ്മളെന്നും, ഫുട്ബോള്‍ ടീം പോലെ തിരഞ്ഞെടുക്കപ്പെട്ടവരല്ലെന്നും, നിത്യതയാണ് നമ്മുടെ യാത്രയുടെ ലക്ഷ്യമെന്നുമാണ് വിശുദ്ധ ന്യൂമാന്‍ തന്റെ ഉദാത്തമായ രചനകളിലൂടെ പറഞ്ഞിരിക്കുന്നതെന്ന കാര്യവും മെത്രാപ്പോലീത്ത ഓര്‍മ്മിപ്പിച്ചു. ദൈവത്തിന്റെ അജഗണമെന്ന വ്യക്തിത്വം ലഭിക്കുന്നതിനായി ശക്തമായ ആഗ്രഹം വേണം. കര്‍ദ്ദിനാള്‍ ന്യൂമാന് അതറിയാമായിരുന്നു, അദ്ദേഹം ആ വ്യക്തിത്വം തേടിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും കാന്റര്‍ബറി മെത്രാപ്പോലീത്ത വിവരിച്ചു. നാമകരണത്തിന് നന്ദിയര്‍പ്പിച്ചു കൊണ്ട് നടന്ന പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ നിരവധി വിശ്വാസികളും എത്തിയിരിന്നു.


Related Articles »