News - 2024

സിറിയയില്‍ നടന്ന അക്രമങ്ങളില്‍ ഫ്രാന്‍സിസ്‌ പാപ്പാ ഖേദം രേഖപ്പെടുത്തി; ചര്‍ച്ചകള്‍ പുനരാരംഭിക്കുവാന്‍ വീണ്ടും ആഹ്വാനം

സ്വന്തം ലേഖകന്‍ 02-05-2016 - Monday

വത്തിക്കാന്‍: അടുത്ത കാലത്തായി സിറിയയിലെ അലേപ്പോവില്‍ അക്രമങ്ങള്‍ പുനരാരംഭിച്ചതിനെ ഫ്രാന്‍സിസ് പാപ്പാ ശക്തമായി അപലപിച്ചു. ചര്‍ച്ചകളിലൂടെ സമാധാനം പുനസ്ഥാപിക്കണമെന്ന്‍ പരിശുദ്ധ പിതാവ് ആവര്‍ത്തിച്ചു. “സിറിയയില്‍ നിന്നും വരുന്ന വാര്‍ത്തകളെ വളരെയേറെ ദുഃഖത്തോട് കൂടിയാണ് ഞാന്‍ സ്വീകരിച്ചത്. ഇതിനോടകം തന്നെ നിരാശാജനകമായ അവിടത്തെ ജീവിത സാഹചര്യം ഒന്നുകൂടി കഠിനമായിരിക്കുകയാണ്". ഞായാറാഴ്ച സെന്റ്‌ പീറ്റേഴ്സ് സ്ക്വയറില്‍ നടന്ന മരിയന്‍ പ്രാര്‍ത്ഥനയ്ക്കു ശേഷമാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്‌.

സിറിയയില്‍ നടക്കുന്ന അക്രമങ്ങള്‍ കൂടുതലായി ബാധിച്ചിരിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ നഗരമായ അലെപ്പോവിനേയാണ്. കുട്ടികളും, രോഗികളുമടങ്ങുന്ന നിഷ്കളങ്കകരായ ജനങ്ങളെയും അവരെ സഹായിക്കുവാനായി മുന്നിട്ടിറങ്ങുന്നവരെയും പാപ്പാ ഓര്‍മ്മിപ്പിച്ചു. “ഇത്തരം അക്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ പാര്‍ട്ടികളും യുദ്ധത്തിനു വിരാമമിടുകയും ഇപ്പോള്‍ നടന്നുവരുന്ന ചര്‍ച്ചകളെ ശക്തിപ്പെടുത്തുകയും വേണം, അത് മാത്രമാണ് സമാധാനത്തിനുള്ള ഏക മാര്‍ഗ്ഗം” പാപ്പാ പറഞ്ഞു.

കഴിഞ്ഞ 9 ദിവസമായി നിലവിലുണ്ടായിരുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെട്ടിരിക്കുകയാണ്. ഗവണ്‍മെന്റും, വിമതരും തമ്മില്‍ ഏപ്രില്‍ 22നു ആരംഭിച്ച ആക്രമണങ്ങളില്‍ ഏതാണ്ട് 250-ഓളം സാധാരണക്കാരായ ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ബ്രിട്ടീഷ്‌ ആസ്ഥാനമായുള്ള നിരീക്ഷക സംഘടനയായ ‘ദി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹുമന്‍ റൈറ്റ്‌സ്’ പറഞ്ഞിട്ടുണ്ടെന്നു ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രസിഡന്റ് ബാഷാര്‍ അല്‍ അസ്സദിന്റെ സൈന്യം അലെപ്പോവിനു നേരെ കരമാര്‍ഗ്ഗമുള്ള ആക്രമണങ്ങളും, വ്യോമാക്രമണങ്ങളും പുനരാരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന് ബോംബുകളും, മിസ്സൈലുകളും ഉപയോഗിക്കപ്പെടുന്നുണ്ടെന്നും ‘ദിഗാര്‍ഡിയന്‍’ കൂട്ടി ചേര്‍ക്കുന്നു. സര്‍ക്കാര്‍ അനുകൂലികളും വിമതരും തമ്മിലുള്ള ആഭ്യന്തരയുദ്ധം തുടങ്ങിയിട്ട് അഞ്ചു വര്‍ഷത്തോളമായി. ലക്ഷകണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും, ദശലക്ഷകണക്കിന് ആള്‍ക്കാര്‍ ഭവനരഹിതരാവുകയും ചെയ്തിട്ടുണ്ടെന്ന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

പ്രസംഗത്തിനിടെ കുട്ടികള്‍ക്ക് നേരെയുള്ള എല്ലാതരത്തിലുള്ള അക്രമങ്ങളും തടയുവാന്‍ വേണ്ട നടപടികള്‍ക്ക്‌ വത്തിക്കാന്‍ ആരംഭം കുറിക്കുമെന്ന് ഫ്രാന്‍സിസ്‌ പാപ്പാ അഭിപ്രായപ്പെട്ടു. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാനും, അവര്‍ക്ക്‌ നേരെയുള്ള അക്രമങ്ങളെ തടയുവാനുമായി 1989-ല്‍ രൂപീകരിക്കപ്പെട്ട ‘മീറ്റര്‍ ഓണ്‍ലുസ്’ എന്ന സംഘടനക്ക്‌ പാപ്പാ പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. “നാം കുട്ടികളെ സംരക്ഷിക്കണം, കൂടാതെ കുട്ടികളെ ദുരുപയോഗം ചെയ്യുന്നവരെ കഠിനമായി ശിക്ഷിക്കുകയും വേണം” പാപ്പാ പറഞ്ഞു.

തന്റെ മുന്നില്‍ തടിച്ച് കൂടിയ ജനങ്ങള്‍ക്കു, അവസാന അത്താഴത്തില്‍ പരിശുദ്ധാത്മാവിന്റെ വരവിനെക്കുറിച്ചുള്ള യേശുവിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് പാപ്പ പരാമര്‍ശിക്കുകയുണ്ടായി. "യേശുവിന്റെ വാക്കുകളുടെ ഓര്‍മ്മ ഉണര്‍ത്തുവാനും, ലോകം മുഴുവനും സുവിശേഷം പ്രചരിപ്പിക്കുവാനുമായി, സുവിശേഷത്തെക്കുറിച്ചുള്ള ശിഷ്യന്‍മാരുടെ അറിവ്‌ വര്‍ദ്ധിപ്പിക്കുക എന്നതായിരുന്നു പരിശുദ്ധാത്മാവിന്റെ ദൗത്യം. ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യാന്‍ യേശു പഠിപ്പിച്ചിട്ടുള്ള കാര്യങ്ങള്‍ എങ്ങനെ പ്രയോഗത്തില്‍ വരുത്തണമെന്ന് പരിശുദ്ധാത്മാവ് അവരെ ഓര്‍മ്മിപ്പിക്കുകയാണ് ചെയ്തത്" പാപ്പാ പറഞ്ഞു.

“പരിശുദ്ധാത്മാവുമായുള്ള ബന്ധം വഴിയായി മാത്രമേ ഉത്ഥിതനുമായ യേശുവുമായി ഒരു ബന്ധം സ്ഥാപിക്കുവാന്‍ കഴിയുകയുള്ളൂ. മാമോദീസയും, സ്ഥൈര്യ ലേപനവുമാകുന്ന കൂദാശകള്‍ വഴിയാണ് ആത്മാവ് നമ്മളിലേക്ക് പ്രവഹിക്കുന്നത്. നാം ചിന്തിക്കുകയും, പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ വഴി അവന്‍ നമ്മെ നയിക്കുന്നു. യേശുവിന്റെ അചഞ്ചലമായ സ്നേഹത്താലും പരിശുദ്ധാത്മാവിന്റെ പ്രകാശത്താലും, ശക്തിയാലുമാണ് തിരുസഭ നയിക്കപ്പെടുന്നത്” പാപ്പാ കൂട്ടിച്ചേര്‍ത്തു.