Editor's Pick

സർവ്വമത പ്രാർത്ഥന: ക്രൈസ്തവ വിശ്വാസികൾ തിരിച്ചറിയേണ്ട സത്യങ്ങൾ

സ്വന്തം ലേഖകന്‍ 03-05-2020 - Sunday

കോവിഡ്-19 എന്ന മഹാമാരിയെ ചെറുക്കുവാൻ പലവിധ മാർഗ്ഗങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രത്യക്ഷപ്പെടാറുണ്ട്. അതിൽ ഒന്ന് പ്രാർത്ഥനയാണ്. രോഗം മാറ്റാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നത് എല്ലാ മതങ്ങളിലും കണ്ടുവരുന്ന ഒരു രീതിയാണ്. ഓരോ മനുഷ്യനും അവന്റെ വിശ്വാസത്തിനനുസരിച്ച് പ്രാർത്ഥിക്കുവാൻ അവകാശമുണ്ട്. എന്നാൽ സത്യദൈവത്തെ തിരിച്ചറിഞ്ഞ, സത്യദൈവത്ത മാത്രം പ്രഘോഷിക്കാൻ വിളിക്കപ്പെട്ട ക്രൈസ്തവർ ആരോടാണ് പ്രാർത്ഥിക്കേണ്ടത്?

ഇന്ന് കേരളത്തിലെ ഒരു ക്രൈസ്തവ വിഭാഗത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട സർവ്വമതപ്രാർത്ഥന കണ്ട് അമ്പരന്നിരിക്കുകയാണ് സത്യ വിശ്വാസികൾ. ക്രിസ്തുവിന്റെ അപ്പസ്തോലന്മാർ പ്രഘോഷിച്ച സത്യ വിശ്വാസത്തിനു വിരുദ്ധമായി, വിഗ്രഹാരാധകരെയും, ഇതിഹാസ കഥാപാത്രങ്ങളെയും ദൈവമായി ആരാധിക്കുന്നവരുടെ പ്രാർത്ഥനാരീതികൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള കൂട്ടായ പ്രാർത്ഥനയിലൂടെ കോവിഡ് 19-നെ ചെറുക്കാം എന്നു കരുതുന്നവർ വിശ്വാസികൾക്കു നൽകുന്ന ദുർമാതൃക എത്രയോ വലുതാണ്.

മറ്റു മതവിശ്വാസികളെ കുറ്റപ്പെടുത്തുവാനോ അവരെ വിധിക്കുവാനോ നമ്മുക്ക് അവകാശമില്ല; കാരണം, അജ്ഞതയുടെ കാലത്തെ ദൈവം കണക്കിലെടുക്കുന്നില്ല. അവരെയും കൂടി രക്ഷിക്കുവാൻ വേണ്ടിയാണ് ക്രിസ്തു കുരിശിൽ മരിച്ചത്. തെറ്റായ ദൈവികസങ്കല്പങ്ങളെ പിന്തുടരുന്നവർക്ക് മുൻപിൽ വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും സുവിശേഷം പ്രഘോഷിച്ച് അവരെയും സത്യവിശ്വാസത്തിലേക്കു കൂട്ടിക്കൊണ്ടു വരേണ്ടതിനു പകരം അവരുടെ തെറ്റായ ദൈവനാമം വിളിച്ചുള്ള പ്രാർത്ഥനകൾ ക്രൈസ്തവ വിശ്വാസികൾക്ക് മുൻപിൽ അവതരിപ്പിച്ച് വിശ്വാസികളിൽ ഇടർച്ചയുണ്ടാക്കുന്ന ക്രൈസ്തവ നേതൃത്വം, സത്യവിശ്വസത്തിന്റെ വഴിയിൽ ഇനിയും ബഹുദൂരം മുന്നോട്ടു പോകേണ്ടിയിരിക്കുന്നു.

ക്രൈസ്തവ നേതൃത്വം വിളിക്കപ്പെട്ടിരിക്കുന്നതും അയയ്ക്കപ്പെട്ടിരിക്കുന്നതും ക്രിസ്തുവിന്‍റെ ശുശ്രൂഷകരാകാനും അവിടുത്തെ പ്രഘോഷിക്കാനുമാണ്. "ആകാശത്തിനു കീഴെ മനുഷ്യരുടെ ഇടയില്‍ നമുക്കു രക്ഷയ്ക്കു വേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല" (അപ്പ 4:12) എന്നു ലോകത്തോട്‌ ധൈര്യപൂര്‍വ്വം പ്രഘോഷിക്കാൻ ക്രൈസ്തവനേതൃത്വത്തിന് കടമയുണ്ട്. ഇപ്രകാരം ഏകകര്‍ത്താവും ഏകരക്ഷകനുമായ യേശുക്രിസ്തുവിനെ പ്രഘോഷിക്കേണ്ടവർ നേതൃത്വം നൽകുന്ന യൂട്യൂബ് ചാനലിൽ നിന്നും/ ഫേസ്‌ബുക്ക് പേജിൽ നിന്നും അന്യദൈവങ്ങളുടെ സ്തുതിഗീതങ്ങള്‍ ഉയര്‍ന്നാല്‍ അത് എത്രയോ ഗൗരവമായ വീഴ്ച്ചയായിരിക്കും?

'മതസ്വാതന്ത്ര്യത്തിനുള്ള അവകാശം തെറ്റിനെ പുല്‍കാനുള്ള ധാര്‍മ്മികാനുവാദമോ തെറ്റു ചെയ്യാനുള്ള അവകാശമോ അല്ല. ഒന്നാം പ്രമാണം ബഹുദേവതാ സങ്കല്‍പ്പത്തെ ശപിച്ചു തള്ളുന്നു' (Catechism of the Catholic Church 2108, 2112). യേശു പറയുന്നു: "ദൈവത്തെയും മാമ്മോനെയും സേവിക്കാൻ നിങ്ങൾക്കു കഴിയുകയില്ല" (മത്തായി 6:24). സഭയിലെ പല രക്തസാക്ഷികളും മരിച്ചതു അന്യദൈവ സങ്കല്പങ്ങളെ ആരാധിക്കുന്നതിനായി വിസമ്മതിച്ചുകൊണ്ടല്ല, പിന്നെയോ ഇപ്രകാരം ആരാധിക്കുന്നതായി നടിക്കുന്നതിനുപോലും വിസമ്മതിച്ചുകൊണ്ടാണെന്നുള്ള സത്യം ക്രൈസ്തവ നേതൃത്വം വിസ്മരിച്ചുകൂടാ.

"നിങ്ങളുടെ ചുറ്റുമുള്ള ജനതകള്‍ സേവിക്കുന്ന അന്യദേവന്മാരെ നിങ്ങള്‍ സേവിക്കരുത്; സേവിച്ചാല്‍ അവിടുത്തെ കോപം നിങ്ങള്‍ക്കെതിരായി ജ്വലിക്കുകയും നിങ്ങളെ ഭൂമുഖത്ത് നിന്നു നശിപ്പിച്ചു കളയുകയും ചെയ്യും" (നിയമാ 6:14-15) എന്ന് ദൈവമായ കര്‍ത്താവ് ശക്തമായി താക്കീത് നല്‍കുന്നു. മാമ്മോദീസാ എന്ന കൂദാശയിലൂടെ ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചവർ, ലോകത്ത് മഹാമാരികൾ ഉണ്ടാകുമ്പോൾ അന്യദൈവങ്ങളെ വിളിച്ചുള്ള സവ്വമത പ്രാർത്ഥനകളിൽ പങ്കെടുക്കുകയല്ല വേണ്ടത്, പിന്നെയോ തങ്ങൾ തിരിച്ചറിഞ്ഞ, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകവും സത്യവുമായ ദൈവനാമം വിളിച്ചപേക്ഷിച്ചുകൊണ്ട് ലോകം മുഴുവനും വേണ്ടി പ്രാർത്ഥിക്കുകയാണ് ചെയ്യേണ്ടത്.