News

ദൈവത്തിന്റെ മക്കള്‍ എന്ന നമ്മുടെ അവകാശത്തെ ആര്‍ക്കും എടുത്തു മാറ്റുവാന്‍ സാധിക്കില്ല: ഫ്രാന്‍സിസ് മാർപാപ്പ

സ്വന്തം ലേഖകന്‍ 12-05-2016 - Thursday

വത്തിക്കാന്‍: ദൈവത്തിന്റെ മക്കള്‍ എന്ന നമ്മുടെ അവകാശത്തെ ആര്‍ക്കും എടുത്തു മാറ്റുവാന്‍ സാധിക്കില്ലെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ദൈവപിതാവ് നമുക്കു നല്‍കിയിരിക്കുന്ന ഏറ്റവും വലിയ കൃപയാണിതെന്നും പാപ്പ പറഞ്ഞു. ബൈബിളിലെ ധൂര്‍ത്തപുത്രന്റെ ഉപമ വിശദീകരിച്ചു കൊണ്ടാണ് പരിശുദ്ധ പിതാവ് ഇക്കാര്യം പറഞ്ഞത്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ ചത്വരത്തില്‍ പതിനായിരങ്ങളാണു പിതാവിന്റെ സന്ദേശം കേള്‍ക്കുവാന്‍ ഒത്തുകൂടിയത്.

"ദൈവത്തിന്റെ മക്കളാണു മനുഷ്യരായ നാം ഒരോരുത്തരും. ഈ വലിയ പദവിയില്‍ നിന്നും നമ്മേ നീക്കി കളയുവാന്‍ ആര്‍ക്കും സാധിക്കുകയില്ല. സാത്തുനു പോലും. ദൈവപിതാവിന്റെ ഹൃദയത്തിനുള്ളിലെ ഏറ്റവും സ്‌നേഹകരമായ കൃപയാണു മക്കള്‍ എന്ന അവകാശത്തിലൂടെ നമുക്കു ലഭിച്ചിരിക്കുന്നത്". പരിശുദ്ധ പിതാവ് പറഞ്ഞു. ധൂര്‍ത്തപുത്രന്റെ ഉപമയുടെ അടിസ്ഥാനത്തില്‍ ഈ കാലഘട്ടത്തില്‍ നാം ഒരോരുത്തരുടെയും സ്ഥാനം എവിടെയാണെന്നും പരിശുദ്ധ പിതാവ് ലളിതമായി വ്യാഖ്യാനിച്ചു.

ധൂര്‍ത്തപുത്രന്റെ ഉപമയിലെ സ്‌നേഹവാനായ പിതാവിനെ പോലെ ഒരോ മാതാപിതാക്കളും മാറണമെന്നു ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. "നമ്മുടെ മക്കള്‍ പലപ്പോഴും തെറ്റായ വഴികളിലൂടെയും ജീവിതമാര്‍ഗങ്ങളിലൂടെയും സഞ്ചരിക്കും. അപ്പോള്‍ അവരെ കുറ്റപ്പെടുത്തുകയും വെറുക്കുകയും ചെയ്യുന്നവരായല്ല നാം തീരേണ്ടത്. സ്‌നേഹമുള്ള പിതാവിന്റെ ഹൃദയത്തോടെ അവരുടെ മടങ്ങിവരവിനായി പ്രാര്‍ത്ഥനാ പൂര്‍വ്വം നാം കാത്തിരിക്കണം". പിതാവ് പറഞ്ഞു.

ഭാവിയെകുറിച്ച് ഒരു പ്രതീക്ഷയുമില്ലാത്ത കുറ്റവാളികളേയും തടവറയില്‍ പാര്‍ക്കുന്നവരേയും സ്‌നേഹത്തോടെ ചേര്‍ത്തു പിടിക്കുവാന്‍ വൈദികര്‍ക്കും സഭയിലെ മറ്റു നേതാക്കന്‍മാര്‍ക്കും കഴിയണമെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. "തങ്ങള്‍ തെറ്റുചെയ്തു ധൂര്‍ത്തപുത്രനെ പോലെയായെന്ന തോന്നല്‍ പലര്‍ക്കുമുണ്ടാകുന്നുണ്ട്. ഇത്തരത്തില്‍ തെറ്റിയ ധൂര്‍ത്തപുത്രന്‍മാര്‍ തങ്ങളുടെ കുറവുകള്‍ ഓര്‍ക്കാതെ തന്നെ ആഴമായി സ്‌നേഹിക്കുന്ന ഒരു പിതാവുണ്ടെന്ന ബോധ്യം വേണം". പിതാവ് കൂട്ടിച്ചേര്‍ത്തു.

ധൂര്‍ത്തപുത്രന്റെ കഥയിലെ ജ്യേഷ്ഠന്റെ കാര്യവും പരിശുദ്ധ പിതാവ് തന്റെ പ്രസംഗത്തില്‍ ഉള്‍ക്കൊള്ളിച്ചു. അവന്‍ എപ്പോഴും പിതാവിന്റെ അടുത്തായിരുന്നു. എന്നാല്‍ പിതാവിന്റെ സ്‌നേഹം ശരിയായി മനസിലാക്കുവാന്‍ മൂത്തപുത്രനു കഴിഞ്ഞില്ല. വഴിതെറ്റിയ സഹോദരന്‍ തിരികെ വരുമ്പോള്‍ സന്തോഷിക്കുന്ന പിതാവിന്റെ മനസിനെ അവന്‍ മനസിലാക്കുന്നില്ല. പകരം അതില്‍ നീരസപ്പെടുകയാണ്. നമ്മളും പലപ്പോഴും ഇതുപോലെയാണ്. നാം എപ്പോഴും ദൈവത്തിന്റെ കൂടെയാണുള്ളത്. എന്നാല്‍ ദൈവത്തിന്റെ ഹൃദയത്തിന്റെ ആഴമായ സ്‌നേഹത്തെ ശരിയായി നാം മനസിലാക്കുന്നില്ല. ഈ അവസ്ഥയ്ക്കു മാറ്റം വരണമെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. കരുണയുടെ ഈ വര്‍ഷം സഹോദര്യബന്ധങ്ങള്‍ ശക്തമായി നിലനിര്‍ത്തുവാന്‍ നമുക്കു ശ്രമിക്കാം എന്നു പറഞ്ഞാണു പിതാവ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.


Related Articles »