News - 2024
ബൈബിള്‍ കൈവശംവെക്കുന്നത് കുറ്റകരം? ബില്ലില്‍ ആശങ്ക പ്രകടിപ്പിച്ച് സ്കോട്ടിഷ് ദേശീയ മെത്രാന്‍ സമിതി
പ്രവാചക ശബ്ദം 01-08-2020 - Saturday
എഡിന്‍ബറോ: സ്‌കോട്ട്‌ലാന്‍ഡ് സര്‍ക്കാരിന്റെ വിവാദപരമായ പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായുള്ള നിര്‍ദ്ദിഷ്ട ‘ഹേറ്റ് ക്രൈം ആന്‍ഡ് പബ്ലിക് ഓര്‍ഡര്‍' ബില്ലില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് സ്കോട്ടിഷ് ദേശീയ മെത്രാന്‍ സമിതി രംഗത്ത്. ബില്‍ നിയമമാകുകയാണെങ്കില്‍ ബൈബിളോ, കത്തോലിക്കാ മതബോധന ഗ്രന്ഥമോ കൈവശം വെക്കുന്നത് കുറ്റകരമായേക്കുമെന്ന ആശങ്കയാണ് മെത്രാന്‍ സമിതി പങ്കുവെയ്ക്കുന്നത്. ഫലത്തില്‍ കത്തോലിക്ക പ്രബോധനങ്ങള്‍ക്ക് മേലുള്ള സെന്‍സര്‍ഷിപ്പിലേക്ക് നയിക്കുന്നതാണ് നിര്‍ദ്ദിഷ്ട ബില്ലെന്ന് ഇക്കഴിഞ്ഞ ജൂലൈ 29ന് സ്കോട്ടിഷ് മെത്രാന്‍ സമിതി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
വിവിധ ഭാഗങ്ങളുള്ള പുതിയ നിയമനിര്‍മ്മാണത്തില്‍ 'വിദ്വേഷ ജനകം', 'ജ്വലന സഹായികളായ വസ്തുക്കള്‍ കൈവശം വെക്കല്‍' എന്നീ രണ്ട് കുറ്റകൃത്യങ്ങള്‍ കൂടി ഉള്‍പ്പെടുന്നുണ്ട്. ബില്ലിലെ സെക്ഷന്‍ അഞ്ചില്‍ പറഞ്ഞിരിക്കുന്ന ജ്വലന സഹായി കൈവശം വെക്കല്‍ എന്ന വകുപ്പനുസരിച്ച് ബൈബിളും, കത്തോലിക്കാ മതബോധനഗ്രന്ഥങ്ങളും, സര്‍ക്കാര്‍ ഉപദേശത്തിനായി മെത്രാന്‍ സമിതി സമര്‍പ്പിക്കുന്ന രേഖകളും ‘ജ്വലന സഹായി’കളുടെ പട്ടികയില്‍ ഉള്‍പ്പെട്ടേക്കുമെന്ന് മെത്രാന്‍ സമിതി ചൂണ്ടിക്കാട്ടുന്നു.
സംസാര സ്വാതന്ത്ര്യം, അഭിപ്രായ പ്രകടന സ്വാതന്ത്ര്യം, വിശ്വാസ അവബോധം തുടങ്ങിയ അടിസ്ഥാന സ്വാതന്ത്ര്യങ്ങളുടെ മേല്‍ കത്തിവെക്കുന്നതാണ് നിയമനിര്‍മ്മാണമെന്ന്‍, നിയമം സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുവാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് കമ്മിറ്റി മുമ്പാകെ, മെത്രാന്‍ സമിതി സമര്‍പ്പിച്ച സബ്മിഷനില്‍ പറയുന്നു. മാന്യമായ സംവാദത്തിന്റേയും, സഹിഷ്ണുതയുടേയും മേല്‍ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നത് സ്‌കോട്ട്‌ലന്‍ഡിനെ അസഹിഷ്ണുതയും, സ്വതന്ത്യമില്ലാത്തതുമായ ഒരു രാഷ്ട്രമാക്കി മാറ്റുമെന്ന മുന്നറിയിപ്പും മെത്രാന്‍ സമിതി നല്‍കുന്നു. കത്തോലിക്ക മെത്രാന്‍ സമിതിക്ക് പുറമേ വിവിധ മതസമുദായ നേതാക്കളും നിര്‍ദ്ദിഷ്ട നിയമനിര്‍മ്മാണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക