Question And Answer - 2024

ഈശോ ഒറ്റയ്ക്കിരുന്ന് പ്രാർത്ഥിച്ച പ്രാർത്ഥനകൾ എങ്ങനെ വിശുദ്ധ ബൈബിളിൽ വന്നു?

പ്രവാചക ശബ്ദം 24-08-2020 - Monday

ശ്രദ്ധയോടെ വിശകലനം ചെയ്യേണ്ട ഒരു ചോദ്യമാണിത്. ഇവിടെയും ഓർത്തിരിക്കേണ്ട പ്രധാനകാര്യം ബൈബിളിൻ്റെ ദൈവനിവേശിത സ്വഭാവമാണ്. സുവിശേഷകർക്ക് രചനയ്ക്കുള്ള കാര്യങ്ങൾ ലഭിച്ചത് അവരുടെ സമൂഹത്തിൽ നിന്നും അപ്പസ്തോലന്മാരടങ്ങുന്ന ആദിമ പ്രഘോഷകരിൽ നിന്നുമാണ്. ഈ പ്രഭാഷകരിൽ ചിലർ ഈശോയുടെ സഹചാരികളായിരുന്നു. അപ്പസ്തോലന്മാരുടെ പ്രത്യക്ഷസാക്ഷ്യവുമായി സുവിശേഷത്തിലെ വിവരണങ്ങൾക്ക് ഗാഢ ബന്ധമുണ്ടായിരുന്നുവെന്ന് പൊതുവെ അംഗീകരിക്കപ്പെട്ട വസ്‌തുതയാണ്. അതിനാൽ ഈശോയുടെ സ്വകാര്യ പ്രാർത്ഥനകളും അപ്പസ്തോലിക പ്രഘോഷണത്തിൻ്റെയും ദൈവ നിവേശിത സ്വഭാവത്തിൻ്റെയും അടിസ്ഥാനത്തിൽ മനസ്സിലാക്കുകയാണ് ഉചിതം. ഈശോയുടെ സ്വകാര്യ പ്രാർത്ഥനകളുടെ ശബ്ദരേഖയിൽ നിന്നോ അപ്പസ്തോലന്മാരുടെ കുറിപ്പുകളിൽ നിന്നോ അല്ല അവ രേഖപെടുത്തിയിരിക്കുന്നത്.

സുവിശേഷകന്മാർ ഈശോയുടെ വാക്കുകളും പ്രവൃത്തികളും രേഖപ്പടുത്തിയത് വേറൊരു ക്രമത്തിലാണെങ്കിലും, അക്ഷരാർത്ഥത്തിലല്ലെങ്കിലും, അതൊന്നും അവയുടെ സത്യത്തെ ബാധിക്കുന്നില്ല. കാരണം ഈശോയുടെ വാക്കുകളും ജീവിതവും രേഖപ്പെടുത്തിട്ടുള്ളത് അവ അതേപടി ഓർത്തിരിക്കാൻ വേണ്ടി മാത്രമായിരിന്നില്ല. പിന്നെയോ, സഭയുടെ വിശ്വാസത്തിൻ്റെയും ധാർമ്മിക ജീവിതത്തിൻ്റെയും അടിസ്ഥാനമായിരിക്കാൻ വേണ്ടിയത്രേ അവ പ്രഘോഷിക്കപ്പെട്ടത്. ചുരുക്കത്തിൽ ഈശോയുടെ പരസ്യശുശ്രൂഷയിൽ നിന്ന് രൂപപ്പെടുന്ന വചനപ്രഘോഷണത്തിൻ്റെ ലക്‌ഷ്യം ജീവചരിത്ര രചനയോ പദാനുപദമായ ആലേഖനമോ ആയിരുന്നില്ല. മറിച്ച് പരിശുദ്ധാത്മാവിനാൽ പ്രേരിതമായി ശ്രോതാക്കളുടെ ജീവിത സാഹചര്യങ്ങൾക്കിണങ്ങും വിധം അവതരിക്കപ്പെടുകയും എഴുതപ്പെടുകയും ചെയ്ത വിവരങ്ങളാണവ.

ഈശോയുടെ സ്വകാര്യപ്രാർത്ഥനകളും പരിശുദ്ധാത്മാവ് പ്രചോദിപ്പിച്ചതും ദൈവം നമുക്കു നൽകിയിട്ടുള്ളതുമാണ്. ലിഖിതരൂപങ്ങൾക്കപ്പുറം പോയി അവയെ പുനരാവിഷ്കരിക്കുക സാധ്യമല്ല. ദൈവത്തിൻ്റെ പരിപാലനയിൽ ഈശോയുടെ വാക്കുകളുടെയും ചെയ്തികളുടെയും പദാനുപദവിവരണത്തിനു പകരം പരിശുദ്ധാത്മാവ് പരിണാമ വിധേയമായ പാരമ്പര്യങ്ങളുടെ സത്തെടുത്ത് വിശുദ്ധ ഗ്രന്ഥത്തിൽ നൽകിയിരിക്കുകയാണ്. മാത്രമല്ല യേശു ഒറ്റയ്‌ക്കിരുന്നു പ്രാർത്ഥിച്ചു എന്ന് വിശുദ്ധഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്ന കാര്യം ഒരു സംക്ഷിപ്ത വിവരണ രൂപമാണ് (Summary Statement ) യേശു ഒറ്റയ്ക്കിരുന്നു പ്രാർത്ഥിച്ചു; അതിപ്രകാരമായിരുന്നു എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല.

കടപ്പാട്: വിശ്വാസ വഴിയിലെ സംശയങ്ങള്‍ ‍

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »