News - 2024

തൊഴിലാളികളെ ചൂഷണം ചെയ്തു പണം സമ്പാദിക്കുന്ന മുതലാളിമാര്‍ക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ

സ്വന്തം ലേഖകന്‍ 20-05-2016 - Friday

വത്തിക്കാന്‍: തൊഴിലാളികളെ ചൂഷണം ചെയ്തു പണം സമ്പാദിക്കുന്ന മുതലാളിമാര്‍ക്കെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ ശക്തമായ ഭാഷയിൽ പ്രതികരിക്കുന്നു. തൊഴില്‍ രംഗത്തെ വിവിധ ചൂഷണങ്ങള്‍ക്കെതിരെ ശക്തമായ ഭാഷയിലാണു ഫ്രാന്‍സിസ് പാപ്പ തന്റെ പ്രതികരണങ്ങള്‍ നടത്തിയത്. ബൈബിളില്‍ ഇത്തരക്കാരെ കുറിച്ചു പറയുന്ന ഭാഗങ്ങളില്‍ ഊന്നിയായിരുന്നു പാപ്പ തന്റെ പ്രസംഗം നടത്തിയത്. ഡോമസ് സാന്റെ മാര്‍ക്തേ ചാപ്പലില്‍ വിശുദ്ധ ബലി അര്‍പ്പിക്കുന്നതിനിടെ നടത്തിയ പ്രസംഗത്തിനിടെയാണു പാപ്പ ചൂഷണങ്ങള്‍ക്കെതിരെ സംസാരിച്ചത്.

"തൊഴിലാളികളുടെ വിയര്‍പ്പിനു തക്കവിധം പ്രതിഫലം നല്‍കാത്തവര്‍ യഥാര്‍ത്ഥ അട്ടകളാണ്. രക്തം ഊറ്റികുടിക്കുന്ന അട്ടകള്‍. അടിമകളെ പോലെയാണ് ഇവര്‍ തങ്ങളുടെ കൂടെ തൊഴില്‍ ചെയ്യുന്നവരെ കാണുന്നത്." പാപ്പ തന്റെ വാക്കുകള്‍ കടുപ്പിച്ചു. അപ്പോസ്‌ത്തോലനായ വിശുദ്ധ പൗലോസ് യാക്കോബിനെഴുതിയ ലേഖനത്തിന്റെ അഞ്ചാം അദ്ധ്യായത്തിലെ ആദ്യ അഞ്ചു വചനങ്ങള്‍ പാപ്പ പ്രത്യേകം സൂചിപ്പിച്ചു. ജോലിക്കാരുടെ കൂലി നല്‍കാത്ത യജമാനന്‍മാരുടെ മേല്‍ വരുന്ന ദൈവമായ കര്‍ത്താവിന്റെ ശിക്ഷയെ കുറിച്ചാണ് അപ്പോസ്‌ത്തോലന്‍ ഈ വാക്യങ്ങളില്‍ ഓര്‍മ്മിപ്പിക്കുന്നത്.

താന്‍ അടുത്തിടെ സംസാരിച്ച ഒരു യുവതിയുടെ അനുഭവവും പാപ്പ പറഞ്ഞു. "പതിനൊന്നു മണിക്കൂര്‍ ഓഫീസില്‍ കഷ്ടപ്പെടുന്ന യുവതിക്ക് ഒരു മാസം കിട്ടുന്ന കൂലി വെറും 650 യൂറോയാണ്. ഇത്തരത്തില്‍ ജോലിയെടുപ്പിക്കുന്നത് ശരിക്കും അടിമത്വമാണ്. ആളുകളെ ചൂഷണം ചെയ്യുകയാണിവിടെ. ഇതു സുവിശേഷത്തിന് എതിരാണ്". പാപ്പ വിവരിച്ചു. ലാസറിന്റെയും ധനവാന്റെയും കഥ പാപ്പ വീണ്ടും ഓര്‍മ്മിപ്പിച്ചു. തന്റെ അടഞ്ഞുകിടക്കുന്ന വാതിലിന്റെ അപ്പുറത്ത് വിശപ്പാണെന്നു ധനവാന്‍മാരായവര്‍ മനസിലാക്കണമെന്നും പാപ്പ പറഞ്ഞു. മനുഷ്യക്കടത്തിനേയും നിര്‍ബന്ധിപ്പിച്ചു ജോലികള്‍ ചെയ്യിപ്പിക്കുന്നതിനേയും പാപ്പ വിമര്‍ശിച്ചു. അവധിയും ഇന്‍ഷുറന്‍സും മറ്റ് ആനുകൂല്യങ്ങളും നല്‍കാത്ത കമ്പനികളേയും പാപ്പ പ്രസംഗത്തിനിടെ പരാമര്‍ശിച്ചു.

ധനവാനാകുന്നതില്‍ തെറ്റൊന്നുമില്ലെന്നു പറഞ്ഞ പാപ്പ അതു നാശത്തിലേക്കുള്ള വഴിയായി മാറരുതെന്നും പറഞ്ഞു. സൗമ്യതയുടെ പാഠങ്ങളാണു ക്രിസ്തു പഠിപ്പച്ചതെന്നു പറഞ്ഞ മാര്‍പാപ്പ പണത്തിന്റെ പിറകെ മാത്രം പോകുന്നവര്‍ ക്രിസ്തുവിനെ ഉപേക്ഷിച്ചിട്ടാണ് ആ വഴി നടക്കുന്നതെന്ന കാര്യവും ഓര്‍മ്മിപ്പിച്ചു. "ദാഹിക്കുന്നവനു ക്രിസ്തുവിന്റെ നാമത്തില്‍ ഒരു ഗ്ലാസ് വെള്ളം കൊടുക്കുന്നതാണു ചൂഷണത്തിലൂടെ സമ്പാദിച്ച എല്ലാ ധനങ്ങള്‍ക്കും സ്വത്തുക്കള്‍ക്കും മീതെയുള്ള ശരിയായ സമ്പത്ത്". ഈ വാചകങ്ങളോടെയാണു പാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.