Life In Christ

ക്രിസ്തുവിനുവേണ്ടി, ഇംഗ്ലണ്ടിലെ ജോലി ഉപേക്ഷിച്ചു. പത്തുവർഷം കൊണ്ട് ഈ പ്രവാസി നേടിയത് ലോകമെമ്പാടുമുള്ള അനേകം ആത്മാക്കളെ

പ്രവാചക ശബ്ദം 27-09-2020 - Sunday

എല്ലാ പ്രവാസികളെയും പോലെ ജോസ് കുര്യാക്കോസിനും, ഇംഗ്ളണ്ടിലേക്കു കുടിയേറിയപ്പോൾ ഒരു നല്ല ജോലിയും മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളുമായിരുന്നു ലക്ഷ്യം. ഇംഗ്ലണ്ടിലെത്തി മെച്ചപ്പെട്ട ജോലിചെയ്തു ജീവിക്കുമ്പോഴാണ് സുവിശേഷ വേലക്കായി ക്രിസ്തു അദ്ദേഹത്തെ വിളിക്കുന്നത്. വലയും വള്ളവും ഉപേക്ഷിച്ചു ക്രിസ്തുവിനെ അനുഗമിച്ച അപ്പസ്തോലന്മാരെപോലെ എല്ലാം ഉപേക്ഷിച്ചു അവിടുത്തെ അനുഗമിക്കുവാൻ അദ്ദേഹത്തിന് തെല്ലും മടിയില്ലായിരുന്നു. എല്ലാം ഉപേക്ഷിച്ചു ഫുൾ ടൈം സുവിശേഷ പ്രഘോഷകനായി ജീവിതം ആരംഭിച്ചിട്ട് പത്ത് വർഷം പിന്നിടുമ്പോൾ ബ്രദർ ജോസ് കുര്യാക്കോസിനു പറയാനുള്ളത് ജീവിതസംതൃപ്തിയുടെ കഥകൾ മാത്രം.

"വിളിക്കുള്ളിലെ വിളി" എന്ന മഹാഭാഗ്യം
വിവാഹജീവിതം എന്നത് ഉന്നതമായ ഒരു ദൈവവിളിയാണ്. ആ ജീവിതാന്തസ്സിൽ ജീവിച്ചുകൊണ്ട് മുഴുവൻ സമയ സുവിശേഷ പ്രഘോഷകനായി ജീവിക്കുക എന്ന ഭാഗ്യം ലഭിച്ചതിന് ദൈവത്തോട് നന്ദി പറയുകയാണ് ബ്രദർ ജോസ് കുര്യാക്കോസും, ഭാര്യ റിനോയും മക്കളായ ഗ്രേയ്‌സും റെയ്ച്ചലും എമ്മാനുവേലും.

വൈക്കം സെൻറ് ജോസഫ് ഫൊറോനാ പള്ളി ഇടവകാംഗവും, മഠത്തിൽ കുടുംബാംഗവുമായ ജോസ് കുര്യാക്കോസ് ബാല്യം മുതലേ ഇടവകദേവാലയവുമായി ബന്ധപ്പെട്ട കൊച്ചുകൊച്ചു ശുശ്രൂഷകൾ ചെയ്താണ് വളർന്നത്. പിന്നീട് തന്റെ ഇരുപത്തിരണ്ടാമത്തെ വയസ്സിൽ ഗൾഫിലേക്ക് കുടിയേറിയപ്പോഴും പൈതൃകമായി ലഭിച്ച വിശ്വാസത്തെ മുറുകെപ്പിടിച്ചു. പത്തുവർഷക്കാലത്തെ ഗർഫ് ജീവിതത്തിൽ ജോലിയോടൊപ്പം കരിസ്മാറ്റിക് നവീകരണത്തിന്റെ ഭാഗമായി പ്രവ്രത്തിച്ചതിനുശേഷമാണ് അദ്ദേഹം 2005-ൽ ഇംഗ്ലണ്ടിലെത്തുന്നത്. ഇവിടെയെത്തിയതിനു ശേഷം ഏതാനും ചില കുടുംബങ്ങളെച്ചേർത്ത് അദ്ദേഹം അവിടെ ഒരു പ്രാർത്ഥനാകൂട്ടായ്മ ആരംഭിച്ചു.

ഇന്നത്തേതുപോലെ മലയാളം കുബ്ബാനകളോ, മലയാളി വൈദികരോ ലഭ്യമല്ലാതിരുന്ന യുകെ കുടിയേറ്റത്തിന്റെ ആദ്യകാലഘട്ടങ്ങളിൽ ഈ പ്രാർഥനാകൂട്ടായ്മകൾ അനേകർക്ക് ആശ്വാസമായി മാറി. ഈ ആത്മീയ കൂട്ടായ്മകളെ ദൈവം പിന്നീട് നൈറ്റ് വിജിൽ ശുശ്രൂഷകളുടെ തലത്തിലേക്കും, പ്രമുഖ വചനപ്രഘോഷകരും വൈദികരും നേതൃത്വം നൽകുന്ന ആത്മീയ ശുശ്രൂഷകൾ ക്രമീകരിക്കുന്ന തലത്തിലേക്കും ഉയർത്തി.

ഈ കാലഘട്ടത്തിൽ, "ഭൂമിയുടെ അതിർത്തികൾ വരെ സുവിശേഷമെത്തിക്കുക" എന്ന യേശുവിന്റെ കല്പനയനുസരിച്ചു അദ്ദേഹം ഇന്റർനെറ്റിലൂടെയുള്ള പ്രാർത്ഥനാകൂട്ടായ്മകൾ ആരംഭിച്ചു. ലോകത്തിന്റെ പലഭാഗങ്ങളിൽ ക്രിസ്തുവിനെ അറിയാത്ത അനേകരിലേക്ക് സുവിശേഷം എത്തിക്കാനും, വേദനിക്കുന്നവർക്ക് ആശ്വാസമായി ക്രിസ്തുവിന്റെ സന്ദേശം പകർന്നു നൽകുവാനും ഇന്റർനെറ്റിന്റെ സാധ്യതകൾ അദ്ദേഹം പ്രയോജനപ്പെടുത്തി. സ്കൈപ്പ് പോലുള്ള സംവിധാനങ്ങൾ അധികം പ്രചാരത്തിലാകുന്നതിനു മുൻപുതന്നെ അതിന്റെ സാധ്യതകൾ സുവിശേഷവേലക്കുവേണ്ടി ഫലപ്രദമായി പ്രയോജനപ്പെടുത്താൻ ദൈവം അദ്ദേഹത്തെ അനുവദിച്ചു.

യൂറോപ്പിൽ ക്രൈസ്തവ വിശ്വാസത്തിന്റെ പുത്തൻ ഉണർവ്വേകാൻ, ഫാ. സോജി ഓലിക്കൽ
ഈ കാലയളവിലാണ് അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ഫാ. സോജി ഓലിക്കൽ ഇംഗ്ലണ്ടിലെ ബിർമിംഗ്ഹാമിൽ ശുശ്രൂഷ ചെയ്യുവാനായി എത്തുന്നത്. അത് തന്റെ ജീവിതത്തിൽ ദൈവം നൽകിയ വലിയ ഒരു അനുഗ്രഹമായിരുന്നുവെന്ന് ബ്രദർ ജോസ് കുര്യാക്കോസ് ഓർമ്മിക്കുന്നു. പിന്നീട് സോജിയച്ചനെ പരിചയപ്പെടുവാനും അച്ചൻ നേതൃത്വം നൽകുന്ന ശുശ്രൂഷകളിൽ അച്ചനെ സഹായിക്കുവാനും അവസരം ലഭിച്ചത് തന്റെ ആത്മീയജീവിതത്തിന്റെ വലിയ വഴിത്തിരിവായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

അനേകർ ക്രൈസ്തവ വിശ്വാസത്തിൽ നിന്നും അകന്ന്, വഴിമാറി സഞ്ചരിച്ച ഒരു കാലഘട്ടത്തിലാണ്, സുവിശേഷ ദൗത്യവുമായി പന്ത്രണ്ടു വർഷങ്ങൾക്കു മുൻപ് കത്തോലിക്കാസഭ ഫാ. സോജി ഓലിക്കലിനെ ബ്രിട്ടനിലേക്ക് അയക്കുന്നത്. ദൈവം ഏൽപ്പിച്ച ദൗത്യം ഉത്സാഹത്തോടെ ഏറ്റെടുത്തുകൊണ്ട് ദൈവിക പദ്ധതികളുടെ വിജയത്തെ വിശ്വാസത്തിന്റെ കണ്ണുകൾ കൊണ്ട് നോക്കിക്കാണുന്ന സോജിയച്ചൻ തന്റെ ശുശ്രൂഷയുടെ ആദ്യനാളുകളിൽ യുകെ മുഴുവൻ ചുറ്റി സഞ്ചരിച്ചുകൊണ്ട് ക്രിസ്തുവിനെ പ്രഘോഷിച്ചു. തുടർന്ന് അദ്ദേഹം ആരംഭിച്ച രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ പിന്നീട് യൂറോപ്പിലെ തന്നെ ഒരു അത്ഭുതമായി മാറുകയായിരുന്നു. ആധുനിക കാലഘട്ടത്തിൽ സുവിശേഷം "അപ്രസക്ത"മാണെന്നു മാധ്യമങ്ങൾ വിധിയെഴുതിയ ബ്രിട്ടനിലെ മണ്ണിൽ, എല്ലാ മാസവും മൂവായിരത്തോളം ആളുകൾ ഭാഷാവ്യത്യാസമില്ലാതെ ബർമിങ്ഹാമിലെ ബഥേൽ കൺവെൻഷൻ സെന്ററിൽ ഒരുമിച്ചുചേർന്ന് ക്രിസ്തുവിനെ ആരാധിച്ചിരുന്നത് ഈ കാലഘട്ടത്തിൽ യൂറോപ്പിലെ ഏറ്റവും വലിയ ക്രൈസ്തവ സാക്ഷ്യമായി മാറുകയായിരുന്നു.

സുവിശേഷത്തിനു വേണ്ടി സഹനങ്ങൾ ഏറ്റെടുക്കുവാനും എല്ലാം ത്യജിക്കുവാനും സോജി അച്ചനിൽ നിന്നും പഠിക്കുവാൻ ബ്രദർ ജോസ് കുര്യാക്കോസിനു സാധിച്ചു. ഉന്നതമായ ജോലിയും ജീവിത സാഹചര്യങ്ങളും ലക്‌ഷ്യം വച്ചു ബ്രിട്ടനിലേക്കു കുടിയേറിയവരിൽ ചിലർ ക്രിസ്തുവിനു വേണ്ടി സ്വന്തം ജോലി പോലും ഉപേക്ഷിച്ചു സോജി അച്ഛനോടൊപ്പം ചേർന്നതിന്റെ തുടക്കം ജോസ് ബ്രദറിൽ നിന്നുമായിരുന്നു. പിന്നീട് ബ്രിട്ടനിൽ നിന്നുമുയർന്ന സുവിഷേശത്തിന്റെ ഒരു പുത്തൻ കൊടുങ്കാറ്റിനാണ് ലോകം സാക്ഷ്യം വഹിച്ചത്. സെഹിയോൻ യുകെ മിനിസ്ട്രീസിന്റെ ശുശ്രൂഷകർ സുവിശേഷപ്രഘോഷണവുമായി ആഫ്രിക്കയടക്കം നിരവധി രാജ്യങ്ങളിലേക്കു കടന്നുചെന്നു. വിവിധ ഭാഷകളിലും രാജ്യങ്ങളിലുമായി പ്രായദേദമന്യേ പതിനായിരങ്ങളോട് സുവിശഷം പ്രഘോഷിക്കപ്പെട്ടു. അങ്ങനെ സുവിശേഷത്തിന്റെ ഒളിമങ്ങാത്ത സൗന്ദര്യം ഭൂമിയുടെ അതിർത്തികൾ വരെ എത്തിക്കുവാനായി ഇരുപത്തി ഏഴോളം ആത്മീയ ശുശ്രൂഷാമേഖലകളെ ലോകത്തിലെ വിവിധ രാജ്യങ്ങളിലായി ഉയർത്തുവാൻ ദൈവം ഫാ. സോജി ഓലിക്കൽ എന്ന വൈദികനെ ഒരു ഉപകരണമാക്കിയെങ്കിൽ അതിന് അദ്ദേഹത്തെ സഹായിക്കുവാൻ ബ്രദർ ജോസിനെപ്പോലുള്ള അൽമായരെ ദൈവം തിരഞ്ഞെടുത്തു എന്നത് ഒരു അൽമായന്റെ ദൈവവിളിയുടെ മഹത്വം വെളിപ്പെടുത്തുന്നു.

ദൈവത്തിന്റെ വിളി തിരിച്ചറിയുന്നു
ഫുൾടൈം സുവിശേഷകനാകാനുള്ള ദൈവത്തിന്റെ വിളി തിരിച്ചറിയുന്നത് സോജിയച്ചനിലൂടെയായിരുന്നു എന്ന കാര്യം അദ്ദേഹം ഓർമ്മിക്കുന്നു. പരിശുദ്ധാത്മാവിന്റെ ഈ സന്ദേശം സോജിയച്ചൻ പങ്കുവച്ചപ്പോൾ ജീവിതപങ്കാളിയോടൊപ്പം ഒരുമിച്ചിരുന്നു പ്രാർഥിക്കുവാൻ ഏതാനും ദിവസങ്ങൾ മാറ്റിവച്ചു. കുടുംബത്തിന്റെ സാമ്പത്തിക മേഖലകളിൽ നേരിടേണ്ടതായി വരുന്ന ബുദ്ധിമുട്ടുകളും, സ്വന്തക്കാരിൽ നിന്നും നേരിടേണ്ടിവരുന്ന എതിർപ്പുകളും മറികടക്കാൻ ദൈവം ശക്തി തരും എന്നു വിശ്വസിച്ചുകൊണ്ട് ജോസ് ബ്രദറിന്റെ ഭാര്യ റിനോ തന്നെ അദ്ദേഹത്തോട് പറഞ്ഞു. "ദൈവം ഇത് ആഗ്രഹിക്കുന്നുവെങ്കിൽ അവിടുത്തെ ഹിതത്തിന് വിധേയപ്പെട്ടുകൊണ്ട് നമ്മുടെ ജീവിതത്തെ പൂർണ്ണമായും ദൈവത്തിന് സമർപ്പിക്കണം". ദൈവം ഇതുപോലെ ഒരു ജീവിതപങ്കാളിയെ തനിക്കു നൽകിയില്ലായിരുന്നുവെങ്കിൽ ഈ തീരുമാനമെടുക്കാൻ തനിക്കു കഴിയുകയില്ലായിരുന്നു എന്ന സത്യം അദ്ദേഹം ഓർമ്മിക്കുന്നു.

കുടുംബത്തിന്റെ സാമ്പത്തിക കാര്യങ്ങൾ ഉറപ്പുവരുത്തേണ്ടത് ഒരു കുടുംബനാഥൻ എന്ന നിലയിൽ സ്വന്തം കടമയാണ് എന്നിരിക്കെ, സ്വന്തം ജോലിയുപേക്ഷിച്ച് സുവിശേഷ വേലക്കായി ഇറങ്ങിത്തിരിക്കാൻ എങ്ങനെയാണ് ധൈര്യം വന്നത് എന്നു ചോദിച്ചാൽ അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരിക്കും: "സിംഹക്കുട്ടികൾ ഇരകിട്ടാതെ വിശന്നു വലഞ്ഞേക്കാം, കർത്താവിനെ അന്വേഷിക്കുന്നവർക്ക് ഒന്നിനും കുറവുണ്ടാവുകയില്ല" (സങ്കീ 34:10). "ഈ ദൈവ വചനത്തിൽ ഞാൻ വിശ്വസിച്ചു", അദ്ദേഹം പറയുന്നു. സാമ്പത്തിക മേഖലകളിൽ ബുദ്ധിമുട്ടുകൾ ഉണ്ടായപ്പോഴൊക്കെ ദൈവം അത്ഭുതകരമായി ഇടപെട്ടതും അവസാനം ഭാര്യ റിനോയ്ക്ക് ഉയർന്ന ശമ്പളമുള്ള ജോലി നൽകി ദൈവം അനുഗ്രഹിച്ചതും, 'കർത്താവിനെ അന്വേഷിക്കുന്നവർക്ക് ഒന്നിനും കുറവുണ്ടാവുകയില്ല' എന്നതിന്റെ തെളിവാണ് എന്ന് അദ്ദേഹം പറയുന്നു.

ഇന്ന് ഫുൾടൈം മിനിസ്ട്രിയിൽ പത്തുവർഷം പിന്നിടുമ്പോൾ ജോസ് ബ്രദറിന്റെ ഭാര്യ റിനോ, സെഹിയോൻ യുകെ മിനിസ്ട്രീസിന്റെ ഭാഗമായി കുട്ടികളുടെ ശുശ്രൂഷ നയിക്കുകയും, മക്കളായ ഗ്രേയ്‌സും റെയ്ച്ചലും എമ്മാനുവേലും ശുശ്രൂഷകളിൽ സഹായിക്കുകയും ചെയ്യുന്നു. അങ്ങനെ ഒരു കുടുംബം മുഴുവൻ ഒന്നുചേർന്ന് സുവിശേഷ വേല ചെയ്തുകൊണ്ട് കർത്താവിനെ മഹത്വപ്പെടുത്തുന്നു.

ഒരുകൈയിൽ ബൈബിളും മറ്റേകൈയിൽ രണ്ടു വയസ്സുള്ള കുഞ്ഞും
മുഴുവൻ സമയ സുവിശേഷകനായി ജീവിതം ആരംഭിക്കുമ്പോൾ അദ്ദേഹത്തിന്റെ ഇളയ മകൻ എമ്മാനുവേലിന് രണ്ടു വയസ്സു മാത്രമായിരുന്നു പ്രായം. ഭാര്യ റിനോയ്ക്ക് ജോലിയുള്ള ദിവസങ്ങളിൽ മക്കളെ നോക്കുന്ന ഉത്തരവാദിത്വവും ജോസ് ബ്രദറിനു തന്നെയാണ്. ചില ദിവസങ്ങളിൽ മണിക്കൂറുകളോളം യാത്ര ചെയ്തുവേണം വചനപ്രഘോഷണ വേദികളിൽ എത്താൻ. ആ ദിവസങ്ങളിൽ തന്റെ മൂന്നുമക്കളോടോപ്പമാണ് അദ്ദേഹത്തിന്റെ യാത്ര. ഇംഗ്ലണ്ട് പോലുള്ള ഒരു രാജ്യത്ത് മൂന്നു ചെറിയ കുട്ടികളെയും കൂടി മറ്റാരുടെയും സഹായമില്ലാതെ മണിക്കൂറുകളോളം യാത്ര ചെയ്യുന്നത്തിന്റെ കഷ്ടപ്പാടുകൾ അത് അനുഭവിച്ചറിഞ്ഞവർക്ക് തീർച്ചയായും മനസ്സിലാകും.

ഇപ്രകാരം യാത്രചെയ്ത് അദ്ദേഹം വേദിയിൽ എത്തി വചനപ്രഘോഷണം ആരംഭിച്ച് അൽപസമയം കഴിയുമ്പോഴേക്കും രണ്ടു വയസ്സുകാരനായ എമ്മാനുവേൽ ചുറ്റുപാടും നോക്കും. തനിക്കു പരിചയമില്ലാത്ത മുഖങ്ങൾ ചുറ്റും കാണുമ്പോൾ അവൻ കരയാൻ തുടങ്ങും. അവന്റെ മൂത്ത സഹോദരിമാർക്ക് അവനെ ആശ്വസിപ്പിക്കാൻ കഴിയാതെ വരുമ്പോൾ അവൻ വേദിയിലെ ജോസ് ബ്രദറിന്റെ അടുത്തേക്ക് ഓടിക്കയറും. പിന്നെ ഈ കൊച്ചുകൂട്ടിയെയും കൈയിൽ എടുത്തുപിടിച്ചുകൊണ്ടാണ് തുടർന്നുള്ള വചനപ്രഘോഷണം. ഇപ്രകാരം ഭൂമിയിലെ പിതാവിന്റെ ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിർവ്വഹിച്ചുകൊണ്ട് സ്വർഗ്ഗത്തിലെ പിതാവിനെ കാണിച്ചുകൊടുക്കുന്ന ഒരു സുവിഷേഷകനായി അദ്ദേഹം മാറുകയായിരുന്നു.

അനേകം ആത്മാക്കളെ നേടാൻ ദൈവം എടുത്തുപയോഗിക്കുന്ന വ്യക്തിത്വം
ഫാ. സോജി ഓലിക്കലിനോടൊപ്പം മുഴുവൻ സമയ സുവിശേഷകനായി പ്രവർത്തിച്ചപ്പോഴും, പിന്നീട് ഇപ്പോൾ സെഹിയോൻ യുകെ മിനിസ്ട്രിയുടെ കോഓർഡിനേറ്റർ ആയി സേവനം ചെയ്യുമ്പോഴും ഈ അൽമായ സഹോദരനിലൂടെ ദൈവം വൻകാര്യങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട അനേകരെ സാധാരണ ജീവിതത്തിലേക്കും, ആഴമായ വിശ്വാസജീവിതത്തിലേക്കും കൈപിടിച്ചു നയിക്കാൻ ദൈവം ഈ സഹോദരനെ എടുത്തുപയോഗിക്കുന്നു. മദ്യപാനം മൂലം ആത്മഹത്യചെയ്യാൻ തീരുമാനിച്ച ഒരു വ്യക്തിയെ സ്വന്തം ഭവനത്തിൽ കൂട്ടിക്കൊണ്ട് വന്ന് താമസിപ്പിക്കുകയും അയാൾക്ക് ദൈവത്തിന്റെ വചനവും അവിടുത്തെ സ്നേഹവും പകർന്ന് നൽകി മാനസാന്തരത്തിലേക്കു നയിക്കുകയും; പിന്നീട് ആ വ്യക്തിയും ക്രിസ്തുവിന്റെ ഒരു പ്രേഷിതനായി മാറുകയും ചെയ്തത് ഇത്തരം അനേക സംഭവങ്ങളിൽ ഒന്നു മാത്രം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിട്ടും ഇന്റർനെറ്റിലൂടെയും ഇദ്ദേഹം നടത്തുന്ന സുവിശേഷ വേലകളിലൂടെ അനേകർ ക്രിസ്തുവിന്റെ സ്നേഹം അനുഭവിക്കുന്നു. ആധുനിക തലമുറ അന്വേഷിക്കുന്ന യഥാർത്ഥ സന്തോഷത്തിന് ക്രിസ്തുവിനെ മുഖമാണെന്ന് ആയിരക്കണക്കിന് കുട്ടികളും യുവാക്കളും ജോസ് ബ്രദറിന്റെ ശുശ്രൂഷയിലൂടെ തിരിച്ചറിയുന്നു. തകർന്നുപോയ അനേകം കുടുംബങ്ങൾ സ്നേഹത്തിൽ വീണ്ടും ഒന്നാകുന്നതിനും, ഈ ലോകത്തിൽ സ്വർഗ്ഗം തീർക്കുന്ന ഏറ്റവും മനോഹരമായ ബന്ധമാണ് ദാമ്പത്യ ബന്ധം എന്ന് അനേകം ദമ്പതികൾ തിരിച്ചറിയുന്നതിനും, പ്രായഭേദമന്യേ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട നിരവധിപേരെ പ്രത്യാശ നൽകി പുതു ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനും, മരണത്തിന്റെ വക്കിലെത്തിയ നിരവധി രോഗികൾ അത്ഭുതകരമായി സൗഖ്യം പ്രാപിക്കുന്നതിനും ദൈവത്തിന്റെ കരം ഈ അൽമായ സഹോദരനിലൂടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. പ്രവാസജീവിതത്തിലേയും, കുടുംബജീവിതത്തിലെയും ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിർവ്വഹിച്ചുകൊണ്ട് സുവിശേഷ വേലചെയ്യുന്ന കാര്യത്തിൽ ലോകമെമ്പാടുമുള്ള പ്രവാസികൾക്ക് മാതൃകയാവുകയാണ് ഭർത്താവും മൂന്നുമക്കളുടെ പിതാവുമായ ബ്രദർ ജോസ് കുര്യാക്കോസ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »