News - 2025

പരിശുദ്ധ ത്രിത്വം നമ്മെ സ്‌നേഹത്തിന്റെ പങ്കുവയ്ക്കലിലേക്ക് ക്ഷണിക്കുന്നു: ഫ്രാന്‍സിസ് മാര്‍പാപ്പ

സ്വന്തം ലേഖകന്‍ 23-05-2016 - Monday

വത്തിക്കാന്‍: സ്‌നേഹത്തിന്റെയും കൂട്ടായ്മയുടെയും കരുണയുടെയും അവസ്ഥയിലേക്കു രൂപാന്തരപ്പെടുവാന്‍ നമ്മെ ശക്തീകരിക്കുന്നത് പരിശുദ്ധ ത്രിത്വമാണെന്നു ഫ്രാന്‍സിസ് പാപ്പ. പരിശുദ്ധ ത്രീത്വത്തിന്റെ തിരുനാളായ ഇന്നലെ സെന്റ് പീറ്റേഴ്‌സ് സ്വകയറില്‍ ഒത്തു കൂടിയവര്‍ക്കു നല്‍കിയ സന്ദേശത്തിലാണ് പാപ്പ പരിശുദ്ധ ത്രിത്വത്തെ കുറിച്ച് പ്രസംഗിച്ചത്.

"ദൈവപിതാവിന്റെ രക്ഷാപദ്ധതി എങ്ങനെയാണു നിറവേറ്റേണ്ടതെന്നു യേശുക്രിസ്തുവിന് അറിയാമായിരുന്നു. ഇതിനായി ക്രിസ്തു മരിക്കുകയും മരണത്തെ ജയിച്ച് ജീവനോടെ ഉയര്‍ക്കുകയും ചെയ്തു. തന്നില്‍ വിശ്വസിക്കുന്നവരെ ഉപേക്ഷിക്കാതെ, രക്ഷയുടെ സന്ദേശം അവരിലൂടെ ലോകത്തിലേക്ക് എത്തിക്കുവാന്‍ ദൈവം തന്റെ ആത്മാവിനെ തന്നെ ലോകത്തിലേക്ക് അയച്ചു". പരിശുദ്ധ പിതാവ് പറഞ്ഞു.

"അനുദിനം നമ്മെ നയിക്കുന്നത് ദൈവാത്മാവാണ്. ക്രിസ്തുവിന്റെ കാഴ്ചപാടിലൂടെ ലോകത്തെ കാണുവാന്‍ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നു. മുറിവേറ്റ മനസ്സുകള്‍ക്കു സൗഖ്യവും പീഡിതര്‍ക്ക് ആശ്വാസവും വെറുക്കപ്പെട്ടവര്‍ക്കു സ്‌നേഹവും ദൈവാത്മാവ് പകര്‍ന്നു നല്‍കുന്നു. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് ഇവര്‍ മൂന്നും വേറിട്ട ആളത്വങ്ങളല്ല. പരസ്പരം ഐക്യപ്പെട്ട ദൈവത്തിന്റെ മൂന്ന് ആളത്വങ്ങളാണിവ. ദൈവത്തിന്റെ ആളത്വങ്ങള്‍ പരസ്പരം ഐക്യപ്പെട്ടിരിക്കുന്നതു പോലെ തന്നെ ദൈവസാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യരും ഐക്യപ്പെട്ടിരിക്കണം എന്നതാണ് ദൈവത്തിന്റെ നമ്മേ കുറിച്ചുള്ള ആഗ്രഹം" ഫ്രാന്‍സിസ് പാപ്പ ഓര്‍മ്മിപ്പിച്ചു.

മെയ് 23നു തുര്‍ക്കിയില്‍ നടക്കുന്ന ലോകമാനവിക ഉച്ചകോടിക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും പിതാവ് വിശ്വാസികളോട് ആവശ്യപ്പെട്ടു. മെയ് 24-നു ചൈനയില്‍ നടക്കുന്ന ദൈവമാതാവിന്റെ തിരുനാളിനെ ഓര്‍ക്കണമെന്നും പിതാവ് ഓര്‍മ്മിപ്പിച്ചു. ഷാന്‍ഹായിലുള്ള മാതാവിന്റെ പള്ളിയില്‍ നടക്കുന്ന പ്രാര്‍ത്ഥനകള്‍ ചൈനയിലെ സഭയുടെ വളര്‍ച്ചയ്ക്കു കാരണമാകുവാന്‍ സഹായകരമാകുമെന്നും പിതാവ് പ്രത്യാശ പ്രകടിപ്പിച്ചു.


Related Articles »