News

മുപ്പത്തിയഞ്ചു വര്‍ഷം തടവിലായിരുന്ന വൈദികനെ വിയറ്റ്‌നാം മോചിപ്പിച്ചു

സ്വന്തം ലേഖകന്‍ 25-05-2016 - Wednesday

ഹാനോയി: ഇരുപതു വര്‍ഷം ജയിലിലും 15 വര്‍ഷം വീട്ടുതടങ്കലിലും കഴിഞ്ഞ വൈദികനെ വിയറ്റ്‌നാം സര്‍ക്കാര്‍ മോചിപ്പിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് 80-കാരനായ ഫാദര്‍ തദിയൂസ് നിഗ്യുന്‍ വാന്‍ ലീ മോചിതനായത്. രാജ്യത്ത് കമ്യൂണിസ്റ്റ് ഭരണകൂടം നടത്തുന്ന മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തിയതിനാണ് 35 വര്‍ഷത്തോളം പീഡനങ്ങള്‍ക്കു വൈദികനെ വിധേയനാക്കിയത്. ഫാദര്‍ ലീ ഹ്യൂ ആര്‍ച്ച് ബിഷപ്പിന്റെ മുന്‍പാകെ മുട്ടുകുത്തി നില്‍ക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. വൈദികന്റെ ആരോഗ്യത്തിനു പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നു രൂപതയുടെ വക്താക്കള്‍ അറിയിച്ചു.

1974-ല്‍ വൈദികനായി തീര്‍ന്ന ഫാദര്‍ ലീ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തി. അഭിപ്രായ സ്വാതന്ത്ര്യം ജനങ്ങളുടെ അവകാശമാണെന്നു വാദിച്ചു. സഭയുടെ സ്വത്തുക്കള്‍ സര്‍ക്കാര്‍ പലസ്ഥലങ്ങളിലും കണ്ടുകെട്ടിയപ്പോള്‍ ഫാദര്‍ ലീ ഇതിനെതിരെ സമരങ്ങള്‍ ചെയ്തു. ഇവയെല്ലാം കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ കണ്ണിലെ കരടായി ഫാദര്‍ ലീയെ മാറ്റി. 2007 ഫെബ്രുവരി 19-നാണു സര്‍ക്കാര്‍ ലീയെ അവസാനമായി അറസ്റ്റ് ചെയ്തത്. തലയ്ക്കു ട്യൂമര്‍ ബാധിച്ചതിനു ചികിത്സ സ്വീകരിക്കുന്നതിനായി 2010-ല്‍ കുറച്ചു നാള്‍ ലീയെ പുറത്തു വിട്ടു. പിന്നീട് വീണ്ടും തടവിലാക്കി.

ഒബാമയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ചു നിരവധി ഗ്രൂപ്പുകള്‍ ഫാദര്‍ ലീയുടെ മോചനം സാധ്യമാക്കണമെന്ന് യുഎസ് ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതെ തുടര്‍ന്നു വിയറ്റ്‌നാം സര്‍ക്കാരിന്റെ മുന്നില്‍ യുഎസ് ഭരണകൂടം വൈദികന്റെ മോചനം എന്ന ആവശ്യം മുന്നോട്ടു വച്ചു. യുഎസിന്റെ ആവശ്യം നിരസിച്ചാല്‍ ലഭിക്കാന്‍ സാധ്യതയുള്ള വന്‍ ധനസഹായം മുടങ്ങുമെന്നു വിയറ്റനാം സര്‍ക്കാരിനു തോന്നി. ഇതാണു സര്‍ക്കാരിനെ കൊണ്ടു മനസില്ലാ മനസോടെയാണെങ്കിലും വൈദികനെ മോചിപ്പിക്കാം എന്ന തീരുമാനത്തിലേക്ക് എത്തിച്ചത്.

ഹോ-ചീ-മിന്‍ എന്ന കമ്യൂണിസ്റ്റ് നേതാവിന്റെ 126-ാം ജന്‍മദിനത്തോട് ബന്ധപ്പെട്ടാണു വൈദികനെ മോചിപ്പിക്കുന്നതെന്നാണു സര്‍ക്കാര്‍ ആര്‍ച്ച് ബിഷപ്പിനെ അറിയിച്ചിരിക്കുന്നത്. കുറച്ചു നാളുകള്‍ക്കു ശേഷം എന്തെങ്കിലും കള്ള കാരണങ്ങള്‍ ഉണ്ടാക്കി ഫാദര്‍ ലീയെ വീണ്ടും തടവിലടയ്ക്കുവാനുള്ള സാധ്യതയും വിശ്വാസികള്‍ കാണുന്നു. പ്രാര്‍ത്ഥനയോടെ ലീയുടെ മോചനത്തിനു നന്ദി അര്‍പ്പിക്കുന്ന ദൈവജനം വീണ്ടും ലീയെ ജയിലില്‍ അടയ്ക്കുവാന്‍ ഇടവരില്ല എന്ന പ്രതീക്ഷയിലാണ്.


Related Articles »