News

സഭ കോടികൾ മുടക്കി അഭയ കേസ് ഒതുക്കാൻ ശ്രമിച്ചുവോ? ഈ കത്ത് വായിക്കാതെ പോകരുത്

പ്രവാചക ശബ്ദം 24-12-2020 - Thursday

സഭ കോടികൾ മുടക്കി അഭയകേസ് ഒതുക്കാൻ ശ്രമിച്ചുവെന്നും, സഭ കേസുമായി സഹകരിച്ചില്ലന്നും പ്രചരിപ്പിക്കുന്നവർ കോട്ടയം അതിരൂപതയുടെ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് 2007-ൽ വൈദികർക്കെഴുതിയ ഈ കത്ത് വായിക്കാതെ പോകരുത്. സത്യം പുറത്തു വരണമെന്നും കുറ്റവാളികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്നും സഭ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു എന്നതിന് തെളിവാണ് ഈ കത്ത്.

പ്രിയ ബ. അച്ചാ, ‍

നമ്മുടെ അതിരൂപതയിലെ സെന്റ് ജോസഫ്സ് സമൂഹാംഗമായിരുന്ന സി. അഭയയുടെ ദുരൂഹമരണം നടന്നിട്ട് 15 വർഷത്തിലേറെയായി. നമ്മുടെ സമൂഹത്തെ മുഴുവൻ ദുഖിപ്പിച്ച ആ മരണത്തിന്റെ സാഹചര്യങ്ങളിലേക്കു വെളിച്ചം വീശുവാൻ കഴിഞ്ഞ 15 വർഷങ്ങളായി നടക്കുന്ന അന്വേഷണങ്ങൾക്കിനിയും സാധിച്ചിട്ടില്ല എന്നത് ഏറെ ദുഃഖകരമാണ്. എങ്കിലും ഇന്നല്ലെങ്കിൽ നാളെ സത്യം പുറത്തു വരും എന്ന് നാം പ്രതീക്ഷിക്കുന്നു. അതിനായി കൂടുതൽ തീക്ഷ്ണതയോടെ നമുക്ക് പ്രാർത്ഥിക്കാം.

ആദ്യം മുതൽ തന്നെ അന്വേഷണ ഏജൻസികൾക്കു നാം പൂർണ്ണമായ സഹകരണം നൽകിയിട്ടുണ്ട്. അതിനുള്ള സംതൃപ്തി അവരെന്നെ അറിയിക്കുകയുണ്ടായി. എങ്കിലും അജ്ഞത മൂലമോ സ്വാർത്ഥലക്ഷ്യങ്ങൾക്കു വേണ്ടിയോ പലരും നടത്തിയ പരാമർശങ്ങളും നടത്തുന്ന അഭിപ്രായ പ്രകടനങ്ങളുമൊക്കെ തെറ്റിദ്ധാരണകൾക്കിട നൽകിയിട്ടുണ്ട്. അതിനേക്കാളേറെ നമ്മെ ദുഖിപ്പിക്കുന്നത് ഇത്തരക്കാരുടെ ജല്പനങ്ങൾ മൂലം ഹൃദയത്തിൽ മുറിവേറ്റ നമ്മുടെ സഹോദരങ്ങളുടെ തീവ്രവേദനയാണ്. ശത്രുക്കൾക്കുവേണ്ടി പ്രാർത്ഥിച്ച മിശിഹായുടെ സഹനത്തിലുള്ള അവരുടെ പങ്കുചേരൽ നമ്മുടെ അതിരൂപതയുടെ മുഴുവൻ നന്മയ്ക്കായി ദൈവം സ്വീകരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ദൈവത്തിൽ ആശ്രയിച്ച് ഈ ദുഃഖങ്ങളെ തുടർന്നും അതിജീവിക്കുവാൻ ആവശ്യമായ ശക്തി അവർക്കു നൽകണമേ എന്ന് നമുക്കു ദൈവത്തോടു പ്രാർത്ഥിക്കാം.

ഇപ്പോൾ നിങ്ങൾക്ക് ഞാൻ ഈ കത്തെഴുതുന്നത് അഭയക്കേസ്‌ അന്വേഷിക്കുന്ന സി.ബി.ഐ. സംഘത്തിന്റെ അഭ്യർത്ഥന അനുസരിച്ചാണ്. നമ്മുടെ ബ. അച്ചന്മാർക്കെങ്കിലും ഈ കേസു സംബന്ധമായ എന്തെങ്കിലും സൂചനകൾ നൽകാൻ സാധിക്കുമെങ്കിൽ അതവർക്ക് ലഭ്യമാക്കാൻ സി.ബി.ഐ. എന്റെ സഹായം തേടിയിരിക്കുകയാണ്. അതിനാൽ ഇത്തരത്തിലുള്ള എന്തെങ്കിലും സൂചനകൾ നൽകാൻ സാധിക്കുന്ന ബ. അച്ചന്മാർ ഈ കത്ത് കിട്ടിയാൽ എത്രയും വേഗം അത്തരം വിവരങ്ങൾ എന്നെ അറിയിക്കുമല്ലോ. ഈ മാസത്തിൽ തന്നെ നമ്മുടെ വൈദികധ്യാനങ്ങൾ നടക്കുന്നതിനാൽ ആ അവസരത്തിലായാലും നിങ്ങൾക്കറിവുള്ള കാര്യങ്ങൾ എന്നെ അറിയിച്ചാൽ അങ്ങനെ ലഭിക്കുന്ന വിവരങ്ങൾ ഞാൻ സി.ബി.ഐ. സംഘത്തിന് നൽകുന്നതാണ്. ആവശ്യമായ കൂടുതൽ അന്വേഷണങ്ങൾക്ക് അതവർക്കു സഹായകമാകട്ടെ.

സത്യം വെളിച്ചത്തു കൊണ്ടുവരുവാനുള്ള നമ്മുടെ കൂട്ടായ പരിശ്രമങ്ങൾ അതിവേഗം ഫലമണിയുവാൻ ദൈവസഹായം പ്രത്യേകം പ്രാർത്ഥിച്ചു കൊണ്ട്,

സ്നേഹപൂർവ്വം,

നിങ്ങളുടെ മൂലക്കാട്ട്പിതാവ് ‍

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക    


Related Articles »