News
മടുപ്പു കൂടാതെ പ്രാര്‍ത്ഥിക്കുക; ദൈവം തീര്‍ച്ചയായും ഉത്തരമരുളും: ഫ്രാന്‍സിസ് മാര്‍പാപ്പ
സ്വന്തം ലേഖകന്‍ 26-05-2016 - Thursday
വത്തിക്കാന്‍: പലപ്പോഴും നാം ഉദ്ദേശിക്കുന്ന തരത്തിലുള്ള ഉത്തരങ്ങള്‍ പ്രാര്‍ത്ഥനയില്‍ ലഭിക്കുന്നില്ലെങ്കിലും മടുപ്പു കൂടാതെ നാം പ്രാര്‍ത്ഥിക്കണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. 'അത്ഭുതങ്ങള്‍ മാത്രം എപ്പോഴും സംഭവിക്കുവാന്‍ വേണ്ടിയല്ല നാം പ്രാര്‍ത്ഥിക്കേണ്ടത്. നമുക്ക് താല്‍പര്യമുള്ളപ്പോള്‍ മാത്രവുമല്ല നാം പ്രാര്‍ത്ഥിക്കേണ്ടത്. കര്‍ത്താവ് പറഞ്ഞതു പോലെ എപ്പോഴും പ്രാര്‍ത്ഥിക്കണം. മടുപ്പു കൂടാതെ പ്രാര്‍ത്ഥിക്കണം'. സെന്റ് പീറ്റേഴ്‌സ് സ്വകയറില്‍ തന്റെ പ്രസംഗം കേള്‍ക്കുവാന്‍ വന്ന ആയിരങ്ങളോടായി ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.
പ്രാര്‍ത്ഥനയില്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ദൈവത്തില്‍ നിന്നും ലഭിക്കാതെ വരുമ്പോള്‍ എല്ലാവര്‍ക്കും നിരാശയും ദുഃഖവും സ്വാഭാവികമായി ഉണ്ടാകുമെങ്കിലും പ്രാർത്ഥിക്കുന്നതിൽ നമുക്കു മടുപ്പ് തോന്നരുത് എന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു. വി. ലൂക്കായുടെ സുവിശേഷത്തിലെ ന്യായാധിപന്റെയും വിധവയുടേയും ഉപമയില്‍ ഊന്നിയാണു പിതാവ് തന്റെ പ്രസംഗം നടത്തിയത്.
"ദൈവം തന്റെ മക്കളുടെ പ്രാര്‍ത്ഥനകള്‍ക്ക് തത്സമയം ഉത്തരം നല്‍കുന്നുണ്ട്. നമ്മള്‍ ആഗ്രഹിക്കുന്ന അതെ തരത്തിലാകണമെന്നില്ല ഉത്തരങ്ങള്‍ ലഭിക്കുക. ചിലപ്പോള്‍ നമ്മള്‍ ലഭിക്കണമെന്നു പ്രതീക്ഷിക്കുന്ന ഉത്തരം ദൈവത്തില്‍ നിന്നും ലഭിക്കുകയില്ല. മറ്റൊരു പദ്ധതിയിലൂടെ ആകും ദൈവം നമ്മെ അനുഗ്രഹിക്കുവാന്‍ ഉദ്ദേശിക്കുന്നത്. ചില ഉത്തരങ്ങള്‍ വൈകിയാകും ലഭിക്കുക. അത് നമ്മുടെ നന്മയ്ക്കായിട്ടുള്ള ദൈവത്തിന്റെ ഇടപെടലുകള്‍ മാത്രമാണ്". പാപ്പ സൂചിപ്പിച്ചു.
"പഴയനിമയത്തില്‍ ന്യായാധിപനു് വലിയ ഗുണങ്ങള്‍ വേണമെന്നു നിഷ്‌കര്‍ഷിക്കുന്നുണ്ട്. ദൈവഭക്തിയും, പ്രാര്‍ത്ഥനയും, സ്‌നേഹവും, നീതിയിലുള്ള വിശ്വാസവുമെല്ലാം. പുതിയ നിയമത്തിലെ, വി. ലൂക്കായുടെ സുവിശേഷത്തിലെ ന്യായാധിപനില്‍ ഈ ഗുണങ്ങള്‍ ഒന്നും തന്നെയില്ല. അയാള്‍ തികച്ചും ദുഷ്ടനാണ്. എന്നിട്ടും വിധവയായ സ്ത്രീ അയാളോടു നിരന്തരം അഭ്യര്‍ത്ഥിക്കുന്നു. മടത്തുപോകാതെ തന്റെ വ്യവഹാരം നേടിയേടുക്കുവോളം അവള്‍ ആ ന്യായാധിപന്റെ മുന്നില്‍ എത്തുന്നു.
അവസാനം ദുഷ്ടനായിരുന്ന ന്യായാധിപന്‍ പോലും, തന്റെ അടുക്കല്‍ വന്ന് അഭ്യര്‍ത്ഥന നടത്തിയ സ്ത്രീയുടെ പ്രശ്‌നം തീര്‍ത്തു കൊടുക്കുന്നു. അങ്ങനെയെങ്കില്‍ സ്‌നേഹവാനായ ദൈവം തന്നെ വിളിച്ചപേക്ഷിക്കുന്ന സ്വന്തം മക്കളുടെ പ്രാര്‍ത്ഥനയ്ക്ക് എങ്ങനെ ഉത്തരം നല്‍കാതെ ഇരിക്കും". പാപ്പ സുവിശേഷം വ്യാഖ്യാനിച്ച് ചോദിച്ചു.
പഴയ നിയമത്തിലെ ന്യായാധിപന്‍മാരുടെ ഗുണങ്ങള്‍ ഇന്നത്തെ നമ്മുടെ ന്യായാധിപന്‍മാര്‍ക്കും ഉള്ളത് നല്ലതാണെന്ന പാപ്പയുടെ പരാമര്‍ശം കേള്‍വിക്കാരില്‍ ചിരി പടര്‍ത്തി. ക്രിസ്തുവിന്റെ പ്രാര്‍ത്ഥനയെ കുറിച്ചും ദൈവപിതാവ് എങ്ങനെയാണു യേശുവിന് ഉത്തരം നല്‍കിയതെന്നും പിന്നീട് പിതാവ് വിശദ്ധീകരിച്ചു. "കഴിയുമെങ്കില്‍ മരണമാകുന്ന പാനപാത്രത്തില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നു ക്രിസ്തു പ്രാര്‍ത്ഥിക്കുന്നുണ്ട്. ദൈവപിതാവ് ക്രിസ്തുവിനെ ഇതില്‍ നിന്നും ഒഴിവാക്കിയതായി നമുക്ക് കാണാം. അപ്പോള്‍ നിങ്ങള്‍ ചിന്തിക്കും ക്രിസ്തു ക്രൂശില്‍ പീഡനങ്ങള്‍ സഹിച്ചു മരിച്ചിരുന്നുവല്ലോ എന്ന്. ശരിയാണ്. മരണത്തില്‍ നിന്നും ഒഴിവാക്കണമെന്ന ക്രിസ്തുവിന്റെ പ്രാര്‍ത്ഥന പിതാവ് കേട്ടതു ക്രിസ്തുവിനെ മരണത്തിനു വിട്ടുനല്‍കിയാണ്. മരിച്ച ക്രിസ്തു മരണത്തെ പൂര്‍ണ്ണമായും പരാജയപ്പെടുത്തി ഉയര്‍ത്തു. ഇനി ഒരിക്കലും മരിക്കാത്തവനായി ജീവിക്കുകയും ചെയ്യുന്നു". പരിശുദ്ധ പിതാവ് പറഞ്ഞു.
വിശ്വാസം നഷ്ടപ്പെടാതെ ജീവിക്കണമെങ്കില്‍ പ്രാര്‍ത്ഥന ഏറ്റവും അത്യാവശ്യമാണെന്നും പിതാവ് ഓര്‍മ്മിപ്പിച്ചു. നഷ്ടപ്പെട്ട കുട്ടികള്‍ക്കുവേണ്ടിയുള്ള അന്താരാഷ്ട്ര ദിനമായ മേയ് 25-ല്‍ കുട്ടികള്‍ക്കായും വേദന അനുഭവിക്കുന്ന അവരുടെ മാതാപിതാക്കള്‍ക്കായും പ്രാര്‍ത്ഥിക്കുന്നതായും പിതാവ് പറഞ്ഞു. കഴിഞ്ഞ ദിവസം സിറിയയില്‍ രണ്ടു സ്‌ഫോടനങ്ങളിലായി കൊല്ലപ്പെട്ട 160 പേര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുന്നുവെന്നും പിതാവ് പറഞ്ഞു.