News - 2024

കത്തോലിക്കര്‍ക്ക് ഭ്രൂണഹത്യയെ പിന്തുണയ്ക്കാൻ സാധിക്കില്ല: സ്പീക്കർ പെലോസിയ്ക്കെതിരെ യു‌എസ് ആർച്ച് ബിഷപ്പ്

പ്രവാചക ശബ്ദം 24-01-2021 - Sunday

സാൻഫ്രാൻസിസ്കോ: കത്തോലിക്കാ വിശ്വാസികൾക്ക് മനസാക്ഷിയോട് കൂടി ഭ്രൂണഹത്യയെ പിന്തുണയ്ക്കാൻ സാധിക്കില്ലെന്ന് സാൻഫ്രാൻസിസ്കോ ആർച്ച് ബിഷപ്പ് സാൽവത്തോർ കോർഡിലിയോണി. ഭ്രൂണഹത്യ എന്ന ഒറ്റ വിഷയത്തെ പ്രതി ജനാധിപത്യത്തെ മുഴുവൻ വിൽക്കാൻ പ്രോലൈഫ് വോട്ടർമാർ തയ്യാറാണ് എന്നത് ഒരു കത്തോലിക്കാ വിശ്വാസി എന്ന നിലയിൽ തനിക്ക് വേദന നൽകുന്നുവെന്ന് ജനപ്രതിനിധി സഭയുടെ സ്പീക്കർ നാൻസി പെലോസി കഴിഞ്ഞ തിങ്കളാഴ്ച പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രസ്താവനയിലൂടെ ആർച്ച് ബിഷപ്പ് കോർഡിലിയോണി പ്രതികരണം നടത്തിയത്.

പെലോസി കത്തോലിക്കാ സഭയുടെ പ്രതിനിധി എന്ന നിലയിലല്ല പ്രതികരണം നടത്തിയതെന്നും മറിച്ച് ഉയർന്ന ഒരു സർക്കാർ ഉദ്യോഗസ്ഥ എന്ന നിലയിലാണെന്നും സാൻഫ്രാൻസിസ്കോ ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. കത്തോലിക്കാ സഭ രണ്ടായിരം വർഷമായി പ്രബോധനം നൽകുന്ന ഒരു അടിസ്ഥാനപരമായ ഒരു മനുഷ്യാവകാശത്തിന് ഘടക വിരുദ്ധമായാണ് നാൻസി പെലോസി സംസാരിക്കുന്നതെന്നും കോർഡിലിയോണി അഭിപ്രായപ്പെട്ടു. കൊല്ലരുത് എന്ന പ്രമാണം, അമ്മയുടെ ഉദരത്തിലുള്ള ജീവനടക്കം എല്ലാ മനുഷ്യജീവനും ബാധകമാണ്. തന്റെ പ്രസ്താവനയില്‍ സഭാപ്രബോധനങ്ങള്‍ അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്.

ഭ്രൂണഹത്യയ്ക്ക് എതിരെയുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ഉറച്ച നിലപാടിനെ പറ്റിയും ആർച്ച് ബിഷപ്പ് കോർഡിലിയോണി പറഞ്ഞു. നമ്മുടെ നാട്ടിൽ മൊത്തം നിരപരാധികളുടെ രക്തം ഒഴുകുകയാണെന്നും, അത് അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭ്രൂണഹത്യ വിഷയത്തിൽ അടക്കം പുതിയ ഭരണകൂടത്തിന് മുന്നറിയിപ്പുനൽകി അമേരിക്കൻ മെത്രാൻസമിതി ഇറക്കിയ കുറിപ്പിനെ ആർച്ച് ബിഷപ്പ് അഭിനന്ദിച്ചു. പ്ലാന്‍ഡ് പാരന്റ്ഹുഡ് അടക്കമുള്ള കുപ്രസിദ്ധ ഭ്രൂണഹത്യ സംഘടനകൾക്ക് പിന്തുണ കൊടുക്കുന്ന കടുത്ത ഗര്‍ഭഛിദ്ര അനുകൂലിയാണ് സ്പീക്കർ നാൻസി പെലോസി.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »