Social Media - 2024

നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം - വിശുദ്ധ മരിയ ഫൗസ്റ്റീന കോവാൾസ്കാ

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/പ്രവാചക ശബ്ദം 25-03-2021 - Thursday

"എന്റെ ഹൃദയം ആത്മാക്കൾക്കു വേണ്ടിയുള്ള കാരുണ്യത്താൽ കവിഞ്ഞൊഴുകുന്നു... ഞാൻ അവരുടെ ഏറ്റവും നല്ല അപ്പനാണന്നും അവർക്കു വേണ്ടിയാണ് രക്തവും ജലവും കാരുണ്യത്തിന്റെ ഉറവിടമായ എന്റെ ഹൃദയത്തിൽ നിന്നും കരകവിഞ്ഞൊഴുകുന്നുവെന്നും അവർക്കു മനസ്സിലാക്കിയാൻ കഴിയും.” ഫൗസ്റ്റീനയുടെ ഡയറി (Diary, p. 165).

വിശുദ്ധ മരിയ ഫൗസ്റ്റീന കോവാൾസ്കാ (1905-1938)

പോളണ്ടിലെ ലോഡ്‌സ് എന്ന സ്ഥലത്ത് 1905 ആഗസ്റ്റ് ഇരുപത്തിയഞ്ചാം തീയതി മരിയ ഫൗസറ്റീന ജനിച്ചു. പതിനെട്ടാമത്തെ വയസ്സിൽ കാരുണ്യ മാതാവിന്റെ സഹോദരിമാർ (Congregation of the Sisters of Our Lady of Mercy ) എന്ന സന്യാസ സമൂഹത്തിലെ അംഗമായി. 1931 ഫെബ്രുവരി മാസം ഇരുപത്തിരണ്ടാം തീയതി ഈശോ ആദ്യമായി സി. ഫൗസ്റ്റീനയ്ക്കു പ്രത്യക്ഷപ്പെട്ടു. വെള്ള മേലങ്കി അണിഞ്ഞു പ്രത്യക്ഷപ്പെട്ട യേശുവിന്റെ ഹൃദയത്തിൽ നിന്ന വെള്ളയും ചുവപ്പും നിറങ്ങളിലുള്ള രണ്ടു പ്രകാശ രശ്മികൾ ബഹിർഗമിച്ചിരുന്നു ക്രിസ്തുവിന്റെ കുരിശു മരണത്തിൽ കുത്തിതുറക്കപ്പെട്ട ഹൃദയത്തിൽ നിന്നും നിർഗളിച്ച ജലവും രക്തവുമാണ് അവ പ്രതിനിധാനം ചെയ്യുന്നത്. ഈ ചിത്രം വരയ്ക്കണമെന്നും അവയിൽ ഈശോയെ ഞാൻ അങ്ങിൽ ശരണപ്പെടുന്നു എന്നു എഴുതുവാനും ഈശോ സി. ഫൗസ്റ്റീനയോടു ആവശ്യപ്പെട്ടു. ഈ ചിത്രം ബഹുമാനിക്കുന്ന ഏറ്റവും കഠിന പാപികൾ പോലും രക്ഷപ്പെടുമെന്നു ഈശോ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഈസ്റ്റർ കഴിഞ്ഞു വരുന്ന ആദ്യ ഞായറാഴ്ച കരുണയുടെ തിരുനാളിനായി പ്രതിഷ്ഠിക്കണമെന്നും ദൈവകാരുണ്യത്തിന്റെ ചിത്രം ലോകം മുഴുവൻ പ്രചരിപ്പിക്കണമെന്നും ഈശോ ഫൗസ്റ്റീനയോടു ആവശ്യപ്പെട്ടു. "കാരുണ്യത്തിന്റെ അപ്പോസ്തല " എന്നാണ് ഈശോ ഫൗസ്റ്റീനയെ വിളിച്ചിരുന്നത്.

ഈശോ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം ആത്മാക്കളോടുള്ള ദൈവത്തിന്റെ മഹത്തായ കാരുണ്യത്തെപ്പറ്റിയായിരുന്നു ഫൗസ്റ്റീനായോടു സംസാരിച്ചിരുന്നത്. പിന്നീടു അവളുടെ കുമ്പസാരക്കാരന്റെ നിർദ്ദേശപ്രകാരം ഈശോയുമായുള്ള സംഭാഷണങ്ങൾ ഒരു ഡയറിയിൽ രേഖപ്പെടുത്തുവാൻ തുടങ്ങി. ദൈവകാരുണ്യം എന്റെ ആത്മാവിൽ “Diary: Divine Mercy in My Soul” ഗ്രന്ഥത്തിന്റെ പേര്. 1979ൽ വിശ്വാസ തിരുസംഘം ഈ ഡയറിയെ ഒദ്യോഗികമായി അംഗീകരിച്ചു. ഈശോ സി.ഫൗസ്റ്റീനയോടുള്ള സംഭാഷണങ്ങളിൽ നിരന്തരം തന്റെ കാരുണ്യയത്തെയും സ്നേഹത്തെപ്പറ്റിയും സംസാരിക്കുന്നതു നിരവധി തവണ വായിക്കാൻ കഴിയും.

സി.ഫൗസ്റ്റീനക്കുണ്ടായ ഈശോയുടെ പ്രത്യക്ഷപ്പെടലുകൾ സ്വകാര്യ വെളിപാടായി ആണു സഭ പഠിപ്പിക്കുന്നത്. അവ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും വിശ്വസിക്കു സാതന്ത്ര്യമുണ്ട്. പക്ഷേ ഈ സ്വകാര്യ വെളിപാടുകളിലെ സന്ദേശങ്ങളെ സഭ ഓദ്യോഗികമായി അംഗീകരിച്ചവയും വിശ്വാസത്തിനും ധാർമ്മികതയ്ക്കു എതിരായി ഒന്നുമില്ല എന്നു പ്രഖ്യാപിക്കുകയും ചെയ്തട്ടുള്ളതാണ്. ജോൺ പോൾ രണ്ടാമൻ പാപ്പ സി. ഫൗസ്റ്റീനയുടെ എഴുത്തുകളെയും സന്ദേശങ്ങളെയും ക്രിസ്തുവിൽ നിന്നു ലഭിച്ചവയാണന്നും അവ എല്ലാ കാലത്തുമുള്ള മനുഷ്യവംശത്തിനും പ്രസക്തമാണു പഠിപ്പിക്കുകയും ചെയ്തു. 2000 ഏപ്രിൽ 30ന് ഈസ്റ്റർ കഴിഞ്ഞ ആദ്യ ഞായറാഴ്ച ജോൺ പോൾ രണ്ടാമൻ പാപ്പ സി.ഫൗസ്റ്റീനയെ വിശുദ്ധയായി പ്രഖ്യാപിക്കുകയും ഈസ്റ്ററിലെ രണ്ടാം ഞായറാഴ്ച ലോകം മുഴുവൻ കരുണയുടെ ഞായറാഴ്ച (Divine Mercy Sunday) ആയി പ്രഖ്യാപിക്കുകയും ചെയ്തു.

✝️വിശുദ്ധ മരിയ ഫൗസ്റ്റീനയോടൊപ്പം പ്രാർത്ഥിക്കാം

വിശുദ്ധ ഫൗസ്റ്റീനയെ, ദൈവം സ്നേഹാഗ്നിയായി നിന്നിൽ ജ്വലിച്ചതുപോലെ എന്നിലും ജ്വലിക്കുന്നുവെന്നു ഞാൻ മനസ്സിലാക്കുന്നു. ഈശോയുടെ ജ്വലിക്കുന്ന സ്നേഹം മനസ്സിലാക്കി കാരുണ്യത്തിൻ്റെ മുഖമാകാൻ എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ. ആമ്മേൻ