Social Media - 2024

നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം- വിശുദ്ധ ജെമ്മ ഗല്‍ഗാനി

ഫാ. ജയ്സൺ കുന്നേൽ എം‌സി‌ബി‌എസ് / പ്രവാചകശബ്ദം 28-03-2021 - Sunday

"ഈശോയെ യഥാർത്ഥമായി സ്നേഹിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ആദ്യം സഹിക്കാൻ പഠിക്കുക, കാരണം സഹനങ്ങൾ സ്നേഹിക്കാൻ നമ്മളെ പഠിപ്പിക്കും" വിശുദ്ധ ജെമ്മ ഗല്‍ഗാനി (1878- 1903).

സഹനപുഷ്പം "Passion Flower" എന്നറിയപ്പെടുന്ന ജെമ്മ ഗല്‍ഗാനി 1878 മാര്‍ച്ച് 12നു ഇറ്റലിയിലെ കമിലിയാനോ എന്ന ഗ്രാമത്തിൽ ജനിച്ചു. വളരെ ചെറുപ്പത്തിൽത്തന്നെ പ്രാർത്ഥനയോടു അവൾക്കു വലിയ ഇഷ്ടമായിരുന്നു. വി. സീത്തായുടെ സഹോദരിമാര്‍ നടത്തിയിരുന്ന വിദ്യാലയത്തിലാണ് ജെമ്മ പഠിച്ചിരുന്നത്. . പാവങ്ങളോടു വലിയ പ്രതിപത്തിയും സ്നേഹവും അവൾ ചെറുപ്പം മുതൽ പ്രദർശിപ്പിക്കുകയും അവരെ സഹായിക്കാൻ കഴിയുന്ന ഏതവസരവും വിനയോഗിക്കുകയും ചെയ്തിതിരുന്നു.

ജെമ്മയ്ക്ക് 19 വയസ്സുള്ളപ്പോള്‍ പിതാവ് മരിക്കുകയും ഏഴു സഹോദരി സഹോദരന്മാരെ ശുശ്രൂഷിക്കുന്ന ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. രണ്ടു പ്രാവശ്യം വിവാഹാലോചനകൾ വന്നെങ്കിലും അവൾ അതു നിരസിച്ചു. 20-ാം വയസ്സിൽ സുഷുമ്നയിൽ ബാധിച്ച മെനിഞ്ചൈറ്റിസിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. പാഷനിസ്റ്റു സഭയില്‍ ചേരാന്‍ ജെമ്മ പരിശ്രമിച്ചുവെങ്കിലും അനാരോഗ്യം മൂലം ആരും അവളെ സ്വീകരിച്ചില്ല. എങ്കിലും പാഷനിസ്റ്റുസഭയിലെ നമസ്കാരങ്ങളെല്ലാം അവള്‍ ഹൃദ്യസ്ഥമാക്കിയിരുന്നു.

ജെമ്മയുടെ ആത്മീയ നിയന്താവും ജീവചരിത്രകാരനുമായ ജെർമ്മാനോ റുവോപ്പോളോയുടെ സാക്ഷ്യമനുസരിച്ച് ഇരുപത്തി ഒന്നാമത്തെ വയസ്സു മുതൽ അവളിൽ പഞ്ചക്ഷതത്തിൻ്റെ അടയാളങ്ങൾ പ്രത്യക്ഷപ്പെട്ടു. കാവൽ മാലാഖയോടു ഈശോയോടും പരിശുദ്ധ കന്യകാമറിയത്തോടും വിശുദ്ധരോടും അവൾ നിരന്തരം സംസാരിച്ചിരുന്നു. ക്ഷയരോഗം ബോധിച്ചു 1903 ഏപ്രിൽ പതിനൊന്നാം തീയതി ദു:ഖ ശനിയാഴ്ചയാണ് ജെമ്മ മരണമടഞ്ഞത്. 1940 മെയ് മാസം രണ്ടാം തീയതി വിശുദ്ധ പദവിയിലേക്ക് ഉയിർത്തി.

വിശുദ്ധ ജെമ്മ ഗല്‍ഗാനിയോടൊപ്പം പ്രാർത്ഥിക്കാം. ‍

വിശുദ്ധ ജെമ്മയെ, വിശുദ്ധ വാരത്തിലേക്കു ഇന്നു ഞങ്ങൾ പ്രവേശിക്കുമ്പോൾ, ഈശോയെ കൂടുതൽ സ്നേഹിക്കാനായി സഹനങ്ങൾ കൂടുതൽ സ്വീകരിക്കാനുള്ള മനസ്സിനു വേണ്ടി എനിക്കു വേണ്ടി ഈശോയോടു പ്രാർത്ഥിക്കണമേ. ആമ്മേൻ.


Related Articles »