News
യേശുവിന്റെ കല്ലറ സ്ഥിതി ചെയ്യുന്ന ദേവാലയത്തില്‍ 200 വര്‍ഷത്തിനു ശേഷം അറ്റകുറ്റ പണികള്‍ നടത്തുന്നു
സ്വന്തം ലേഖകന്‍ 08-06-2016 - Wednesday
ജറുസലേം: യേശുക്രിസ്തുവിന്റെ മൃതശരീരം വച്ച കല്ലറ സ്ഥിതി ചെയ്യുന്ന ദേവാലയത്തിന്റെ അറ്റകുറ്റ പണികള്‍ ആരംഭിച്ചു. ഓള്‍ഡ് സിറ്റി ഓഫ് ജറുസലേമിലാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്. 200 വര്‍ഷത്തില്‍ അധികമായി ഇവിടെ അറ്റകുറ്റ പണികള്‍ നടന്നിട്ട്. കത്തോലിക്ക, അര്‍മ്മേനിയ, ഗ്രീക്ക് ഓര്‍ത്തഡോക്‌സ് തുടങ്ങിയ സഭകള്‍ക്ക് നിയന്ത്രണമുള്ള സ്ഥലമാണിത്. 1810-ല്‍ ആണ് അവസാനമായി ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. സഭകള്‍ തമ്മില്‍ നിലനിന്നിരുന്ന ചില തര്‍ക്കങ്ങള്‍ മൂലമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇത്രയും കാലം നടത്താതിരുന്നത്. എന്നാല്‍ 2014 മേയ് മാസം ഫ്രാന്‍സിസ് മാര്‍പാപ്പ വിവിധ സഭാ നേതാക്കളോടൊപ്പം ഇവിടെ സന്ദര്‍ശനം നടത്തുകയും പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് ഒരുമിച്ച് ദേവാലയത്തിന്റെ പണികളില്‍ ഏര്‍പ്പെടുവാന്‍ പാപ്പയുടെ സന്ദര്‍ശനം ഏറെ ഉപകരിച്ചു.
മഴമൂലവും, അന്തരീക്ഷ ഈര്‍പ്പം മൂലവും, മെഴുകുതിരികളില്‍ നിന്നും ഉയരുന്ന പുകയിലെ കാര്‍ബണ്‍ കണികകള്‍ മൂലവും ദേവാലയത്തിന്റെ ഉള്ളില്‍ കേടുപാടുകള്‍ സംഭവിച്ചിരുന്നു. ക്രിസ്തുവിന്റെ കല്ലറ സ്ഥിതി ചെയ്യുന്ന സ്ഥലം ഉള്‍ക്കൊള്ളിച്ചാണ് ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്. പതിനായിരങ്ങളാണ് ഗോല്‍ഗോല്‍ഥായ്ക്ക് സമീപമായുള്ള ഇവിടേക്ക് ദിവസവും സന്ദര്‍ശനത്തിനും പ്രാര്‍ത്ഥനകള്‍ക്കായും എത്തുന്നത്. ദേവാലയം അടച്ചിടുന്ന സമയങ്ങളിലാണ് പണികളില്‍ അധികവും നടക്കുന്നത്. 3.3 മില്യണ്‍ ഡോളറാണ് അറ്റകുറ്റ പണികള്‍ക്കായി ചെലവാകുമെന്നു കരുതുന്നത്. ജോര്‍ദാന്‍ രാജാവ് ഇതിനോടകം തന്നെ ഇതിനായി കുറച്ചു പണം സംഭാവന ചെയ്തു കഴിഞ്ഞു. മുമ്പ് ജോര്‍ദാന്റെ കീഴിലായിരുന്നു പഴയ ജറുസലേം സ്ഥിതി ചെയ്തിരുന്നത്.
എഡി 325-ല്‍ കോണ്‍സ്‌ന്റൈന്‍ ചക്രവര്‍ത്തിയാണ് ഈ ദേവാലയം നിര്‍മ്മിച്ചത്. 1009-ല്‍ മുസ്ലീം കലിഫയായിരുന്ന അല്‍-ഹക്കീം ദേവാലയം തകര്‍ത്തു. പിന്നീട് 12-ാം നൂറ്റാണ്ടില്‍ നടന്ന പുനരുത്ഥാരണ പ്രവര്‍ത്തനങ്ങളാണ് ദേവാലയത്തെ വീണ്ടും ഉയര്‍ത്തിക്കൊണ്ടു വന്നത്. 1808-ല്‍ തീപിടിത്തത്തെ തുടര്‍ന്ന് ദേവാലയം കത്തിനശിച്ചു. പിന്നീട് രണ്ടു വര്‍ഷത്തിനു ശേഷം എല്ലാവരും ചേര്‍ന്ന് ദേവാലയം പുതുക്കി പണിതു. അതില്‍ പിന്നീട് ഇന്നുവരെയും ദേവാലയത്തില്‍ ഒരു തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടന്നിട്ടില്ല. എന്നാല്‍ ക്രിസ്തുവിന്റെ കല്ലറ സ്ഥിതി ചെയ്യുന്ന സ്ഥലത്തിനു ചുറ്റും 1947-ല്‍ ബ്രിട്ടീഷുകാര്‍ ഒരു കവചം പണിതിരുന്നു. 1852-ല്‍ ഓട്ടോമാന്‍ ഭരണാധികാരികള്‍ ദേവാലയം പുനര്‍നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ ദേവാലയത്തെ സംബന്ധിക്കുന്ന അധികാര തര്‍ക്കം ഇതിനു വിലങ്ങുതടിയായി മാറി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന സന്ദര്‍ശകരായ തീര്‍ത്ഥാടകര്‍ ദേവാലയത്തിന്റെ അറ്റകുറ്റ പണികളെ ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. സഭകള്‍ തമ്മിലുള്ള യോജിപ്പിലൂടെ ഇത്തരം ഒരു പ്രവര്‍ത്തനം വിശുദ്ധ നാട്ടില്‍ സാധ്യമായതിനെ ലോകമെമ്പാടുനിന്നും വരുന്ന വിവിധ വിഭാഗത്തിലെ ക്രൈസ്ത സമൂഹത്തെ സന്തോഷത്തിലാക്കുന്നു. എട്ടു മാസം മുതല്‍ ഒരു വര്‍ഷം വരെ സമയം ദേവാലയത്തിന്റെ അറ്റകുറ്റ പണികള്‍ക്കായി എടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.