News - 2024

ഫ്രാന്‍സിസ് മാര്‍പാപ്പയെ തീവ്രവാദികള്‍ ലക്ഷ്യമിടുന്നു; ഇന്റലിജന്‍സ് സര്‍വ്വീസിന്റെ നിരീക്ഷണം ശക്തം

സ്വന്തം ലേഖകന്‍ 09-06-2016 - Thursday

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു നേരെ തീവ്രവാദി ആക്രമണം ഉണ്ടാകുവാനുള്ള സാധ്യത വളരെ കൂടുതാലാണെന്നു ഇറ്റാലിയന്‍ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. ദേശീയ മാഫിയ വിരുദ്ധ പ്രോസിക്യൂട്ടറായി സേവനം ചെയ്യുന്ന ഫ്രാന്‍കോ റോബര്‍ട്ടി 'ടിവി-2000' എന്ന ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

ഫ്രാന്‍സിസ് മാര്‍പാപ്പയെ തീവ്രവാദികള്‍ ലക്ഷ്യമിടുന്നുണ്ടോ എന്ന ചോദ്യത്തിനു "ഉവ്വ്" എന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. എന്നാല്‍ ഇന്റലിജന്‍സ് സര്‍വ്വീസിന്റെ ശക്തമായ നിരീക്ഷണം ഇത്തരത്തിലുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നവരുടെ മേല്‍ നടത്തുന്നുണ്ടെന്നും ഇതിനാല്‍ തന്നെ ഭയപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

"പാപ്പയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായ ജാഗ്രതയും അന്വേഷണങ്ങളും ഇന്റലിജന്‍സ് ഏജന്‍സികളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട്. ഇതിനാല്‍ തന്നെ പാപ്പയുടെ സുരക്ഷയുടെ കാര്യത്തില്‍ ആവലാതികള്‍ ആവശ്യമില്ല. തുടര്‍ച്ചയായി നിരീക്ഷണം നടത്തുന്നതിന്റെ ഫലമായി പലതവണ പിതാവിനെ ലക്ഷ്യം വച്ചു നടത്തുവാന്‍ ശ്രമിച്ച നിരവധി ആക്രമണങ്ങള്‍ തകര്‍ക്കപ്പെട്ടു". ഫ്രാന്‍കോ റോബര്‍ട്ടി പറഞ്ഞു. ഇറ്റലിയില്‍ മാര്‍പാപ്പ ഉള്ളപ്പോഴാണ് ആക്രമണങ്ങള്‍ എല്ലാം തന്നെ നടപ്പിലാക്കുവാന്‍ തീവ്രവാദികള്‍ ലക്ഷ്യം വച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.