News

കലിമ ചൊല്ലാന്‍ വിസമ്മതിച്ചു, പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി: നീതിയ്ക്കായി സ്വരമുയര്‍ത്തി സെലിബ്രിറ്റികളും

പ്രവാചക ശബ്ദം 26-05-2021 - Wednesday

ഫൈസലാബാദ്: പാക്കിസ്ഥാനിലെ ഫൈസലാബാദില്‍ പതിനാലുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ പൊതുജനരോഷം ശക്തമാകുന്നു. പതിനാലു വയസ്സു മാത്രം പ്രായമുള്ള ക്രിസ്ത്യന്‍ പെണ്‍കുട്ടി സുനിത മസീഹാണ് ക്രൂര ബലാല്‍സംഘത്തിനും പീഡനത്തിനും ഇരയായത്.

മതം മാറണമെന്നുള്ള ആവശ്യം നിരാകരിച്ചതിന്റെ പേരില്‍ സുനിതയുടെ മുടി മുറിച്ചു കളയുകയും, സ്വകാര്യഭാഗങ്ങളില്‍ മര്‍ദ്ദിക്കുകയും ചെയ്തിട്ടുണ്ടെന്നു പാക്കിസ്ഥാനി ഡിജിറ്റല്‍ ന്യൂസ് സര്‍വീസായ ‘കറന്റ്’ റിപ്പോര്‍ട്ട് ചെയ്തു. ബലാൽസംഗത്തിനിടെ ഇസ്ലാം മതം സ്വീകരിക്കാൻ അക്രമികള്‍ അവളോട് ആവശ്യപ്പെട്ടിരിന്നുവെന്നാണ് വിവിധ റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് പെണ്‍കുട്ടി നിരസിച്ചിരിന്നു. തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ മുടി മുറിച്ചു കളഞ്ഞു സ്വകാര്യ ഭാഗങ്ങളില്‍ കനത്ത പ്രഹരമേല്‍പ്പിച്ചത്. അതേസമയം സുനിത മസീഹായ്ക്കു നീതി ലഭിക്കണമെന്ന ആവശ്യവുമായി അഡ്നാന്‍ സിദ്ദിഖി, അര്‍മീന റാണാ ഖാന്‍, ഫൈസല്‍ ഖുറൈഷി തുടങ്ങിയ പ്രമുഖ പാക്കിസ്ഥാനി സെലിബ്രിറ്റികളുടെ നീണ്ട നിരയാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തുവന്നുകൊണ്ടിരിക്കുന്നത്.

“ജസ്റ്റിസ് ഫോര്‍ സുനിത മസീഹ്” എന്ന പേരില്‍ പെണ്‍കുട്ടിയ്ക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി ശക്തമായ പ്രചാരണം പാക്ക് സമൂഹ മാധ്യമങ്ങളില്‍ നടക്കുകയാണ്. മനുഷ്യരാശി ഇരുണ്ട ഗര്‍ത്തത്തിന്റെ അഗാധതയിലേക്ക് താഴ്ന്നുകൊണ്ടിരിക്കുന്നുവെന്നും, ഓരോ പുതിയ കേസും അസ്വസ്ഥത ഉളവാക്കുന്നുവെന്നും നടനും നിര്‍മ്മാതാവും മോഡലുമായ അഡ്നാന്‍ സിദ്ദിഖി ട്വിറ്ററില്‍ കുറിച്ചു. എന്തുകൊണ്ടാണ് നമ്മള്‍ ധാര്‍മ്മികമായി അധഃപതിച്ച രാക്ഷസന്‍മാരായി മാറുന്നത് എന്ന ചോദ്യവും അദ്ദേഹം ഉയര്‍ത്തി.



‘ഫൈസലാബാദില്‍ വെറും 14 വയസ്സുമാത്രമുള്ള സുനിത മസീഹ് എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി. കലിമ ചൊല്ലുവാന്‍ വിസമ്മതിച്ചതിനാല്‍ അവളുടെ മുടി വടിച്ചുകളഞ്ഞു. നിരപരാധികള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഒരുപാട് ചെയ്യുന്നതല്ലേ, ഇവിടെയും ശബ്ദമുയര്‍ത്തേണ്ടേ?" പാക്കിസ്ഥാനിലെ ഏറ്റവും ജനപ്രിയ നടിമാരില്‍ ഒരാളായ അര്‍മീന റാണാ ഖാന്‍ ട്വീറ്റ് ചെയ്തു.

“ഇത്തരം കുറ്റകൃത്യങ്ങളേക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് മാതൃകയാകുവാന്‍ കുറ്റവാളികള്‍ക്ക് ഏറ്റവും കൂടിയ ശിക്ഷ തന്നെ നല്‍കണം” എന്നായിരിന്നു പ്രമുഖ നടനും, നിര്‍മ്മാതാവും, ടെലിവിഷന്‍ അവതാരകനുമായ ഫൈസല്‍ ഖുറൈഷിയുടെ ട്വീറ്റ്. നടനും, ടിവി അവതാരകനുമായ നാദിയ ജാമില്‍, കൊമേഡിയനും അവതാരകനുമായ ഷാഫാത് അലി എന്നിവരും ഈ ഹീനകൃത്യത്തെ അപലപിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തു ക്രൈസ്തവ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതും മതം മാറ്റുന്നതും പതിവ് സംഭവമായി മാറിയിരിക്കുകയാണ്. പതിനാലുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിക്ക് നേരിടേണ്ടിവന്ന ഈ കൊടും ക്രൂരത അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്ഥാന്റെ പ്രതിച്ഛായ വീണ്ടും മോശമാക്കുമെന്നാണ് അനുമാനിക്കപ്പെടുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക