News

യേശു ഭക്തി ദിവസ്: ചരിത്രം കുറിക്കാന്‍ ജൂലൈ മൂന്നിന് പ്രഥമ ‘ഇന്ത്യന്‍ ക്രിസ്ത്യന്‍ ദിനം’

പ്രവാചകശബ്ദം 30-06-2021 - Wednesday

മുംബൈ: ഭാരതത്തിന്റെ അപ്പസ്തോലന്‍ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍ ദിനമായ ജൂലൈ മൂന്നിന് ഇന്ത്യയിലെ മുഴുവന്‍ ക്രൈസ്തവ സഭാവിഭാഗങ്ങളും സംയുക്തമായി ‘ഇന്ത്യന്‍ ക്രിസ്ത്യന്‍ ദിനം’ (യേശു ഭക്തി ദിവസ്) ആചരിക്കും. ഏഷ്യ ന്യൂസാണ് ആചരണം സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഭാരതത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യന്‍ ക്രിസ്ത്യന്‍ ദിനം എന്ന പേരില്‍ ആചരണം നടക്കാന്‍ ഇരിക്കുന്നത്. എല്ലാവര്‍ഷവും ഭാഷയോ, ആചാരാനുഷ്ടാനങ്ങളോ, വംശമോ, പ്രദേശമോ, കണക്കിലെടുക്കാതെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ അനുയായികളെന്ന നിലയില്‍ ഇന്ത്യയുടെ സാംസ്ക്കാരിക പൈതൃകത്തിനുള്ളില്‍ നമ്മുടെ വ്യക്തിത്വവും നിലനിര്‍ത്താന്‍ കഴിയുമെന്നു ഇന്ത്യന്‍ ക്രിസ്ത്യന്‍ ദിനാഘോഷത്തിന്റെ സംഘാടകര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

വിവിധ ക്രിസ്ത്യന്‍ സഭാവിഭാഗങ്ങളില്‍ നിന്നുള്ള അംഗങ്ങളാണ് ‘ഇന്ത്യന്‍ ക്രിസ്ത്യന്‍ ദിന'ത്തിന്റെ സംഘാടകരെന്ന് ഏഷ്യ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഭാരതത്തില്‍ സുവിശേഷ പ്രഘോഷണം നടത്തി മൈലാപ്പൂരില്‍ രക്തസാക്ഷിത്വം വരിച്ച വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍ ദിനം എന്ന കാരണം കൊണ്ടുതന്നെയാണ്‌ ഇന്ത്യന്‍ ക്രിസ്ത്യന്‍ ദിനം ആഘോഷിക്കുവാന്‍ ജൂലൈ 3 തെരഞ്ഞെടുത്തത്. വിശുദ്ധ തോമാശ്ലീഹ ഭാരതത്തില്‍ എത്തിയ തീയതിയേക്കുറിച്ചും,ചരിത്രത്തെക്കുറിച്ചുമുള്ള അഭിപ്രായ ഭിന്നതകള്‍ മറികടക്കുവാന്‍ സെന്റ്‌ തോമസ്‌ ദിനത്തില്‍ തന്നെ ഇന്ത്യന്‍ ക്രിസ്ത്യന്‍ ദിനം ആഘോഷിക്കുന്നത് വഴി കഴിയുമെന്നു ദേശീയ മെത്രാന്‍ സമിതിയുടെ മുന്‍ ഔദ്യോഗിക വക്താവായിരുന്ന ഫാ. ബാബു ജോസഫ് ഏഷ്യാന്യൂസിനോട് പ്രതീക്ഷ പ്രകടിപ്പിച്ചു.

രാജ്യത്തെ പുരാതന ദേവാലയങ്ങളെ യുനെസ്കോ അംഗീകരിക്കണമെന്നും, ഭാരത ചരിത്രത്തില്‍ ക്രിസ്ത്യാനികള്‍ നല്‍കിയിട്ടുള്ള സംഭാവനകളെ എടുത്തുകാണിക്കുന്ന പ്രസിദ്ധീകരണങ്ങള്‍ ഉണ്ടാവണമെന്നും ഫാ. ബാബു ജോസഫ് ആവശ്യപ്പെട്ടു. ക്രൈസ്തവ വിശ്വാസത്തെ ഇന്ത്യന്‍ ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റുന്ന ഒരു സുപ്രധാന നടപടിയായി ഇന്ത്യന്‍ ക്രിസ്ത്യന്‍ ദിനാഘോഷം മാറും. കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളായി ക്രിസ്തുമതം ഇന്ത്യന്‍ ചരിത്രത്തിന്റെ ഒരു ഭാഗമാണ്. നിരവധി സാമൂഹിക നവീകരണങ്ങള്‍ക്ക് കാരണമായ ഒരു സാമൂഹ്യ പഠനക്രമവും, ആധുനിക വിദ്യാഭ്യാസവും ഇന്ത്യയില്‍ അവതരിപ്പിച്ചത് ക്രൈസ്തവ സമൂഹമാണ്. ക്രിസ്തീയതയുടെ ഈ സാംസ്കാരിക സംഭാവനകളെ ഇല്ലാതാക്കുവാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും ഫാ. ബാബു ജോസഫ് പറഞ്ഞു. ‘ഇന്ത്യന്‍ ക്രിസ്ത്യന്‍ ദിനം’ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുന്ന വെബ്സൈറ്റ് സംഘാടകര്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »