News
നാം പാഴാക്കുന്ന ഭക്ഷണം പാവപ്പെട്ടവന്റെ മേശയില്‍ നിന്നും മോഷ്ടിച്ചതാണെന്ന് ഓര്‍ക്കുക: ഫ്രാന്‍സിസ് മാര്‍പാപ്പ
സ്വന്തം ലേഖകന്‍ 14-06-2016 - Tuesday
വത്തിക്കാന്‍: നാം പാഴാക്കുന്ന ഭക്ഷണം പാവപ്പെട്ടവന്റെ മേശയില്‍ നിന്നും മോഷ്ടിച്ചതാണെന്ന് ഓര്‍ത്തുകൊണ്ട്, പട്ടിണിയും ദാരിദ്രവും അനുഭവിക്കുന്ന ജനവിഭാഗത്തോട് കരുണയുള്ളവരായി പെരുമാറണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. പട്ടിണിയോടും ദാരിദ്രത്തോടുമുള്ള മനുഷ്യന്റെ മരവിച്ച മനസാക്ഷി മാറേണ്ട ആവശ്യത്തെ കുറിച്ചും ഫ്രാന്‍സിസ് പാപ്പ ഓര്‍മ്മിപ്പിച്ചു. വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ റോമിലെ ഓഫീസ് സന്ദര്‍ശിച്ച ശേഷം നടത്തിയ പ്രസംഗത്തിലാണ് പാപ്പ പട്ടണിയേ കുറിച്ചുള്ള തന്റെ ആശങ്ക പങ്കുവച്ചത്. ഇതാദ്യമായാണ് ഫ്രാന്‍സിസ് പാപ്പ റോമിലെ ഡബ്യൂഎഫ്പിയുടെ ഓഫീസില്‍ സന്ദര്‍ശനം നടത്തുന്നത്.
പട്ടിണിയുടെ പേരിലാണ് ഇന്നും ലോകത്ത് പല യുദ്ധങ്ങളും നടക്കുന്നതെന്നു പറഞ്ഞ മാര്‍പാപ്പ പട്ടിണിയെ ഒഴിവാക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ചും അതിലുള്ള ക്രൈസ്തവ ധര്‍മ്മത്തെ കുറിച്ചും തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു. "പട്ടിണിക്ക് ഒരു മുഖമുണ്ട്. ഒരു കുഞ്ഞിന്റെ മുഖത്ത് നമുക്ക് പട്ടിണിയെ കാണാം. ചില കുടുംബങ്ങളുടെ മുഖത്ത് നമുക്ക് പട്ടിണിയെ കാണാം. യുവാക്കളുടെയും വൃദ്ധരുടെയും മുഖത്തും നമുക്ക് പട്ടിണിയെ കാണാം. പട്ടിണിയെ തുടച്ചു മാറ്റുമ്പോള്‍, മേല്‍പറഞ്ഞ മുഖങ്ങളിലേക്ക് നോക്കുമ്പോള്‍ കൂടുതല്‍ സന്തോഷം നമുക്ക് ദര്‍ശിക്കുവാന്‍ സാധിക്കും". പരിശുദ്ധ പിതാവ് പറഞ്ഞു. ബൈബിളില്‍ നിന്നും ക്രിസ്തു നമ്മുടെ മുന്നില്‍ പലരൂപങ്ങളില്‍ വിശന്നും ദാഹിച്ചും വരുന്നുണ്ടെന്ന ഭാഗവും പാപ്പ പ്രസംഗത്തില്‍ ഉള്‍ക്കൊള്ളിച്ചു. ഏറ്റവും ചെറിയ സഹോദരനു വിശപ്പിനു ഭക്ഷണവും ദാഹത്തിനു ജലവും നല്‍കുമ്പോള്‍ ക്രിസ്തുവിനു തന്നെയാണ് നല്‍കുന്നതെന്ന ഓര്‍മ്മപ്പെടുത്തലും ഫ്രാന്‍സിസ് പാപ്പ നടത്തി.
ആശയവിനിമയ സംവിധാനങ്ങളും മാധ്യമങ്ങളും വളരെ അധികം വളര്‍ച്ച പ്രാപിച്ച ഈ കാലഘട്ടത്തില്‍ വിവരങ്ങളുടെ അധിപ്രസരത്താല്‍ ഭാരം ചുമക്കുന്ന സമൂഹമായി നാം മാറിയെന്നും പാപ്പ പറഞ്ഞു. "നമ്മുടെ വിരൽതുമ്പിൽ വേദന നിറഞ്ഞ അനവധി ചിത്രങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നു. ഇതില്‍ ഒരു ജീവിതത്തിന്റെ വേദനെയേ പോലും നാം തൊടുന്നില്ല. പല സ്ഥലങ്ങളില്‍ നിന്നും കരച്ചില്‍ നാം കേള്‍ക്കുന്നു. എന്നാല്‍ ഒരാളുടെ കണ്ണുനീര്‍ പോലും നാം തുടയ്ക്കുന്നില്ല. ദാഹിക്കുന്ന നിരവധി പേര്‍ നമ്മുടെ ചുറ്റിലും നില്‍ക്കുന്നു. ഒരാള്‍ക്കു പോലും നാം വെള്ളം നല്‍കുന്നില്ല. നമുക്ക് മനുഷ്യ ജീവിതങ്ങള്‍ വാര്‍ത്തകളില്‍ നിറയുന്ന വെറും സംഭവ കഥകളായി മാറിയിരിക്കുന്നു". പാപ്പ പ്രസംഗത്തിനിടെ പറഞ്ഞു.
ഉപഭോക്തൃസംസ്‌കാരത്തില്‍ ജീവിക്കുന്ന മനുഷ്യന്‍ ഭക്ഷണം പാഴാക്കുകയാണെന്നു പറഞ്ഞ മാര്‍പാപ്പ, നാം പാഴാക്കുന്ന ഒരോ തരിഭക്ഷണവും പാവപ്പെട്ട ഒരുവന്റെ മേശയില്‍ നിന്നും മോഷ്ടിച്ചതാണെന്ന് ഓര്‍ക്കണമെന്നും പറഞ്ഞു. ലോകത്ത് ശക്തമായി നടക്കുന്ന ആയുധവ്യാപാരത്തെ തന്റെ പ്രസംഗത്തില്‍ മാര്‍പാപ്പ ശക്തിയായി എതിര്‍ത്തു."ആയുധ വ്യാപാരം പട്ടിണിക്ക് കാരണമാകുന്നുണ്ട്. ആയുധങ്ങള്‍ കുന്നുകൂട്ടുന്നവര്‍ മനുഷ്യരുടെ വിശപ്പടക്കാനുള്ള പണമാണ് ഇതിനായി ചെലവഴിക്കുന്നത്. വിശപ്പിന്റെ പേരില്‍ പോലും യുദ്ധം നടക്കുന്നു. യുദ്ധ സ്ഥലങ്ങളില്‍ പട്ടിണി മൂലം മരിക്കുന്ന ആളുകളുടെ എണ്ണം യുദ്ധത്തില്‍ മരിച്ചവരുടെ കൂടെ തന്നെ കൂട്ടണം". ആയുധ വ്യാപാരത്തിനെതിരെയുള്ള തന്റെ വിമര്‍ശനം പാപ്പ കടുപ്പിച്ചു.
സുപ്രധാനമായ ഒരു ഘട്ടത്തില്‍ യുഎന്‍ ഭക്ഷ്യ ഏജന്‍സി എത്തിനില്‍ക്കുന്ന സമയത്താണ് റോമിലെ അതിന്റെ ആസ്ഥാനം പാപ്പ സന്ദര്‍ശിച്ചത്. 17 ഇന പദ്ധതികളുടെ അടിസ്ഥാനത്തില്‍ 2030-ല്‍ ലോകത്തു നിന്നും പട്ടിണി തുടച്ചുമാറ്റുവാന്‍ യുഎന്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കുകയാണ്. എന്റെ സ്വന്തം ഭാഷയില്‍ ഹൃദയത്തില്‍ നിന്നും സംസാരിക്കുകയാണെന്നു പറഞ്ഞ പാപ്പ സ്പാനിഷിലാണ് പ്രസംഗം നടത്തിയത്. താന്‍ ഒരു പ്രസംഗം പറയുവാന്‍ എഴുതി തയ്യാറാക്കിയിരുന്നതായി പറഞ്ഞ പാപ്പ അത് വിരസമാകുമെന്ന് തനിക്ക് തന്നെ തോനിയതിനാലാണ് ഇങ്ങനെ ചെയ്യുന്നതെന്ന് പറഞ്ഞതു കേള്‍വിക്കാരില്‍ ചിരി പടര്‍ത്തി.