Faith And Reason

136 വര്‍ഷങ്ങളായി ഒരു മിനിറ്റ് പോലും മുടങ്ങാതെ നിത്യാരാധന: പാരീസിലെ ദേവാലയം ശ്രദ്ധയാകർഷിക്കുന്നു

പ്രവാചക ശബ്ദം 03-08-2021 - Tuesday

പാരീസ്: കൊറോണ പകര്‍ച്ചവ്യാധിയെ തുടർന്ന് ചരിത്രത്തിലാദ്യമായി പൊതുജനങ്ങള്‍ക്ക് മുന്നില്‍ വാതില്‍ അടച്ചിടേണ്ടി വന്നുവെങ്കിലും കഴിഞ്ഞ 136 വർഷങ്ങളായി ഒരു മിനിറ്റ് പോലും മുടങ്ങാതെ നിത്യാരാധന നടത്തുന്ന പാരീസിലെ പ്രസിദ്ധമായ സാക്രെ-കൊയുര്‍ ബസിലിക്ക ദേവാലയം മാധ്യമ ശ്രദ്ധ നേടുന്നു. 1885 ഓഗസ്റ്റ് 1 മുതല്‍ യാതൊരു മുടക്കവും കൂടാതെ ആരാധന നടത്തിവരുന്ന ഈ ദേവാലയത്തില്‍ 1944-ല്‍ ബോംബിംഗിന്റെ അവശിഷ്ടങ്ങള്‍ പതിച്ചിട്ടുപോലും നിത്യാരാധനയില്‍ മുടക്കം വരുത്തിയിട്ടില്ല. നീണ്ട 136 വര്‍ഷങ്ങളായി തുടര്‍ച്ചയായി ആരാധന നടത്തിവരുന്ന ഈ ദേവാലയം നിത്യാരാധനയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി തന്നെ തീർന്നിരിക്കുകയാണ്. മഹാമാരി മൂലം ഇതാദ്യമായാണ്‌ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ദേവാലയ വാതില്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ അടക്കേണ്ടി വന്നത്. എന്നാൽ നിത്യരാധന മുടങ്ങിയില്ല.

1885 ഓഗസ്റ്റ് 1 മുതല്‍ ഏത് പ്രതികൂലമായ സാഹചര്യമായാലും ദുഃഖവെള്ളി ഒഴികെ ദിവ്യകാരുണ്യത്തില്‍ സന്നിഹിതനായി ക്രിസ്തുവിനെ നിത്യമായി ആരാധിച്ചു വരികയാണ്. മഹായുദ്ധങ്ങളിലും ഒരു മിനിറ്റ് നേരത്തേക്ക് പോലും ആരാധനയില്‍ മുടക്കം വരുത്താത്ത ചരിത്രമാണ് ദേവാലയത്തിനുള്ളതെന്നാണ് ദേവാലയത്തിലെ രാത്രികാല ആരാധനകളുടെ ചുമതല നിര്‍വഹിക്കുന്ന ബെനഡിക്ടന്‍ സിസ്റ്റേഴ്സ് ഓഫ് ദി സാക്രെ-കൊയുര്‍ മോണ്ട്മാട്രെ സഭാംഗമായ സിസ്റ്റര്‍ സെസിലെ-മേരി പറയുന്നത്.

മഹാമാരി മൂലം മെയ് അവസാനം വരെ ദേവാലയം അടച്ചിട്ടുവെങ്കിലും 14 കന്യാസ്ത്രീകൾ അടങ്ങുന്ന സമൂഹം നിത്യാരാധനാ ദേവാലയം എന്ന പാരമ്പര്യം കാത്തുസൂക്ഷിച്ചുവരികയാണ്. ആഴ്ചയിലെ 7 ദിവസവും 24 മണിക്കൂറും ആരാധന നടത്തുന്നതിനായി ദിവസത്തില്‍ രണ്ടുപ്രാവശ്യം ഓരോ കന്യാസ്ത്രീയും 2 മണിക്കൂര്‍ വീതം മാറിമാറി ആരാധന നടത്തും. “ഞങ്ങള്‍ ഒരിക്കലും കര്‍ത്താവിനെ തനിച്ചാക്കുകയില്ല. അടുത്ത ആള്‍ വരുന്നവരെ ദേവാലയത്തില്‍ നിന്നും പോകുവാന്‍ ഞങ്ങള്‍ക്ക് കഴിയുകയുമില്ല”- സിസ്റ്റര്‍ സെസിലെ-മേരി പറഞ്ഞു. വിശ്വാസികളില്‍ നിന്നും ഇ-മെയിലുകള്‍ വഴി ധാരാളം പ്രാര്‍ത്ഥനാ നിയോഗങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ സമര്‍പ്പിക്കുന്നതിന് ഓണ്‍ലൈന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

1871-ലെ പാരീസ് ഉപരോധത്തിന് ശേഷം ജനങ്ങളിലുണ്ടായ അരക്ഷിതാവസ്ഥയേയും പ്രതിസന്ധിയേയും മറികടക്കുവാന്‍ അലെക്സാണ്ട്രെ ലെജെന്റില്‍, ഹ്യൂബര്‍ട്ട് റൊഹാള്‍ട്ട് ഡെ ഫ്ല്യൂരി എന്നീ രണ്ട് അത്മായരാണ് ഈശോയുടെ തിരുഹൃദയത്തിനായി സമര്‍പ്പിക്കപ്പെട്ട ഈ ദേവാലയം നിര്‍മ്മിക്കുവാന്‍ മുന്‍കൈ എടുത്തത്. പാരീസ് മെത്രാപ്പോലീത്തയായിരുന്ന ജോസഫ്-ഹിപ്പോലൈറ്റ് ഗ്വിബെര്‍ട്ടാണ് ദേവാലയത്തിന് വേണ്ട സ്ഥലം നിശ്ചയിച്ചത്.

ദേവാലയ നിര്‍മ്മാണത്തേക്കുറിച്ചറിഞ്ഞ തങ്ങളുടെ മദര്‍ അഡെലെ ഗാര്‍ണിയറിന് ലഭിച്ച ദര്‍ശന പ്രകാരമാണ് ദേവാലയത്തില്‍ നിത്യാരാധന തുടങ്ങിയതെന്ന് സിസ്റ്റര്‍ മേരി പറയുന്നു. 1875-ല്‍ ആരംഭിച്ച ദേവാലയ നിര്‍മ്മാണം 1914-ലാണ് പൂര്‍ത്തിയായത്. ദേവാലയത്തിന് സംഭാവന നല്‍കിയവരില്‍ ലിസ്സ്യൂവിലെ വിശുദ്ധ ത്രേസ്യായും ഉള്‍പ്പെടുന്നുണ്ടെന്നത് ദേവാലയത്തിന്റെ പ്രാധാന്യം കൂടുതൽ വര്‍ദ്ധിപ്പിക്കുന്നു. 1887-ല്‍ ഈ ദേവാലയത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ വിശുദ്ധ പങ്കെടുത്തിട്ടുണ്ട്. ദൈവകരുണയുടേയും ദിവ്യകാരുണ്യത്തിന്റേയും ഒരു കോവില്‍ എന്ന നിലയില്‍ ആദരിക്കപ്പെടുന്ന ഈ ദേവാലയം ലോക വിനോദസഞ്ചാര ഭൂപടത്തിലും ഇടം നേടിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. പ്രകാശത്തിന്റെ നഗരമായ പാരീസില്‍ നോത്രഡാം ദേവാലയത്തിന് ശേഷം ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന ദേവാലയമെന്ന കീര്‍ത്തി കൂടി സാക്രെ-കൊയുര്‍ ബസിലിക്കയ്ക്കുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »