News - 2025

അന്തിക്രിസ്തുവിനെ സൂചിപ്പിക്കുന്ന സംഖ്യയുള്ള ചെക്ക് മാര്‍പാപ്പ സ്വീകരിക്കാതെ മടക്കി നല്‍കി

സ്വന്തം ലേഖകന്‍ 16-06-2016 - Thursday

വത്തിക്കാന്‍: അര്‍ജന്റീനിയന്‍ പ്രസിഡന്റ് മൗറിക്കോ മാക്രിയുടെ സംഭാവ മാര്‍പാപ്പ സ്വീകരിച്ചില്ല. അന്തിക്രിസ്തുവിനെ സൂചിപ്പിക്കുന്ന സംഖ്യ സംഭാവനയായി നല്‍കിയ ചെക്കില്‍ ഉള്‍പ്പെടുത്തിയതിനാലാണ് പരിശുദ്ധ പിതാവ് സംഭാവന സ്വീകരിക്കാതെ മടക്കി അയച്ചത്. 'സ്‌കോളാസ് ഒക്കുറന്‍ഡസ്' എന്ന വിദ്യാഭ്യാസ സംഘടനയ്ക്ക് വേണ്ടിയാണ് പ്രസിഡന്റ് മൗറിക്കോ മാക്രി മാര്‍പാപ്പയ്ക്ക് സംഭാവന സമര്‍പ്പിച്ചത്. 16,666,000 അര്‍ജന്റീനിയന്‍ പെസോസാണ് ചെക്കില്‍ പാപ്പയ്ക്കു സംഭാവനയായി നല്‍കുവാന്‍ രേഖപ്പെടുത്തിയിരുന്നത്. ഇതില്‍ '666' എന്ന സംഖ്യ അന്തിക്രിസ്തുവിനെ സൂചിപ്പിക്കുന്നതാണ്.

ബ്യൂണസ് ഐറിസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സഹായം നല്‍കുന്ന സൊസൈറ്റിയാണ് 'സ്‌കോളാസ് ഒക്കുറന്‍ഡസ്'. മാര്‍പാപ്പ കൂടി പിന്തുണയ്ക്കുന്ന ഒരു സംഘടനയാണിത്. തനിക്ക് ചെക്കില്‍ രേഖപ്പെടുത്തിയിരിക്കുന്ന '666' എന്ന സംഖ്യയോട് വിയോജിപ്പുണ്ടെന്നും ഇതിനാലാണ് ചെക്ക് സ്വീകരിക്കാത്തതെന്നും മാര്‍പാപ്പ അറിയിച്ചിട്ടുണ്ട്. 1.2 മില്യണ്‍ യുഎസ് ഡോളറാണ് ചെക്കില്‍ രേഖപ്പെടുത്തിയിരിക്കുന്ന അര്‍ജന്റീനിയന്‍ പെസോയുടെ മൂല്യം.

സംഭവം മാര്‍പാപ്പയുടെ ഓഫീസിനേയോ വിശ്വാസങ്ങളേയോ മനപൂര്‍വ്വം അപമാനിക്കുവാനായി ചെയ്തതല്ലെന്നു പ്രസിഡന്റിന്റെ വക്താവ് അറിയിച്ചിട്ടുണ്ട്. ബജറ്റില്‍ സ്‌കോളാസ് ഒക്കുറന്‍ഡസ് ഇതിനായി മാറ്റി വച്ച തുകയാണിതെന്നും അവര്‍ അറിയിച്ചു.


Related Articles »