News - 2024

പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍

പ്രവാചകശബ്ദം 23-09-2021 - Thursday

സഹിവാള്‍: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ സഹിവാളില്‍ 8 വയസ്സുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനത്തിന് ഇരയാക്കിയ പ്രതി പിടിയില്‍. സാഹിവാള്‍ മേഖലയിലെ ഗ്രാമപ്രദേശങ്ങളില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ലിസാ യൗനാസ് എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത മുഹമ്മദ്‌ ബോട്ട എന്ന പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പാക്കിസ്ഥാനില്‍ മതന്യൂനപക്ഷമായ ക്രൈസ്തവ സമൂഹം നേരിടുന്ന ക്രൂരമായ ആക്രമണങ്ങളുടെ ഒടുവിലത്തെ സംഭവമാണ് ഇത്.

ക്രിമിനല്‍ കോഡ് 376 വകുപ്പനുസരിച്ചാണ് ഇയാള്‍ക്കെതിരെ കേസ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ‘ഏജന്‍സിയ ഫിദെസ്’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 2-ന് കടയില്‍ പോയ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന്‍ അയല്‍ക്കാരേയും കൂട്ടി അന്വേഷിച്ചിറങ്ങിയ മാതാപിതാക്കള്‍ അടുത്തുള്ള തെരുവില്‍ നിന്നും പരിക്കേറ്റ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നുവെന്നാണ് ഇതുമായി ബന്ധപ്പെട്ട നിയമനടപടികളില്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ സഹായിച്ച മനുഷ്യാവകാശ പ്രവര്‍ത്തകനായ അഷിക്നാര്‍ ഖോക്കാര്‍ പറഞ്ഞത്.

വൈദ്യപരിശോധനക്കായി സാഹിവാള്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പെണ്‍കുട്ടി ബലാല്‍സംഘത്തിനിരയായതായും, ശരീര ഭാഗങ്ങളില്‍ ഗുരുതരമായ മുറിവേറ്റിട്ടുണ്ടെന്നും കണ്ടെത്തിയത്. മൊഹമ്മദ്‌ ബോട്ട പെണ്‍കുട്ടിയെ തൊട്ടടുത്തുള്ള കെട്ടിടത്തില്‍ കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയും, കല്ലുകൊണ്ട് മര്‍ദ്ദിക്കുകയും ചെയ്ത ശേഷം കടന്നുകളയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

പീഡനത്തിനിരയായ പെണ്‍കുട്ടി മാനസികമായി തകര്‍ന്നിരിക്കുകയാണെന്നും, മനശാസ്ത്രജ്ഞന്റെ കീഴില്‍ ചികിത്സയിലാണെന്നും, പഴയപോലെയാകുവാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നും അഷിക്നാര്‍ കൂട്ടിച്ചേര്‍ത്തു. കുറ്റവാളിയ പിടിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കും, ക്രിസ്റ്റ്യന്‍ മിനിസ്റ്റര്‍ എജാസ് അഗസ്റ്റിനും, മെഡിക്കല്‍ സ്റ്റാഫിനും ഖോക്കാര്‍ നന്ദി അറിയിച്ചു. സാധാരണഗതിയില്‍ ക്രൈസ്തവ ന്യൂനപക്ഷം നേരിടുന്ന അക്രമങ്ങളില്‍ പ്രതി ഭൂരിപക്ഷ സമുദായാംഗമായാല്‍ കേസില്‍ പോലീസ് അനാസ്ഥ പതിവാണ്. എന്നാല്‍ ഈ കേസില്‍ ഒരു മാസത്തിനകം പ്രതിയെ അറസ്റ്റ് ചെയ്തത് ഏറെ പ്രതീക്ഷയോടെയാണ് ക്രൈസ്തവ സമൂഹം നോക്കികാണുന്നത്.