Seasonal Reflections - 2024

ജോസഫ്: ഇന്നത്തെ കാലത്തെ സഭയുടെ മദ്ധ്യസ്ഥൻ

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/ പ്രവാചകശബ്ദം 22-10-2021 - Friday

ഒക്ടോബർ ഇരുപത്തിരണ്ടാം തീയതി വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ തിരുനാൾ ദിനമാണ്. മഹാനായ ആ മാർപാപ്പയുടെ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഒരു ദർശനമാകട്ടെ ഇന്നത്തെ ജോസഫ് ചിന്ത. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള അപ്പസ്തോലിക പ്രബോധനമാണ് 1989 ൽ പുറത്തിറങ്ങിയ Redemptoris Custos (രക്ഷകന്റെ കാവൽക്കാരൻ ) എന്നത്. വിശുദ്ധ യൗസേപ്പിതാവിന്‍റെ സമര്‍പ്പിതര്‍” അഥവാ, ഒബ്ലേറ്റ്സ് ഓഫ് സെന്‍റ് ജോസഫ് എന്ന സന്ന്യാസസമൂഹാംഗവും പ്രസിദ്ധ ജോസഫോളജിസ്റ്റായ (Josephologist) ഫാ. ടാർസിസിയോ ജൂസൈപ്പെ സ്ട്രാമാരെ ( Father Tarcisio Giuseppe Stramare) എന്ന വൈദീകനാണ് ഈ അപ്പസ്തോലിക പ്രബോധനമെഴുതാൻ ജോൺ പോൾ രണ്ടാമൻ പാപ്പയെ സഹായിച്ചത്.

ഇതിൽ പ്രധാനമായും ആറു ഭാഗങ്ങളാണുള്ളത്. ഇതിലെ അവസാന ഭാഗത്തിൽ യൗസേപ്പിതാവിനെ ഇന്നത്തെ കാലത്തെ സഭയുടെ മദ്ധ്യസ്ഥനായി ( Patron of the Church in Our Day)അവതരിപ്പിക്കുന്നു.

തിരുകുടുംബത്തെ യൗസേപ്പിതാവു സംരക്ഷിച്ചതു പോലെ ഇന്നു സഭയെ അവൻ പരിപാലിക്കുന്നു എന്നു മാർപാപ്പ പഠിപ്പിക്കുന്നു. "രക്ഷകന്റെ കാവൽക്കാരകന്റെ" അവസാന അധ്യായത്തിൽ മാർപാപ്പ ഇപ്രകാരം പഠിപ്പിക്കുന്നു."

നമ്മുടെ വീണ്ടെടുപ്പിന്റെ ആരംഭത്തിൽ വിശുദ്ധ യൗസേപ്പിന്റെ വിശ്വസ്തമായ പരിചരണത്തിന് ഭരമേൽപ്പിക്കാൻ ദൈവം ആഗ്രഹിച്ചുവെന്ന് ഓർമ്മിച്ചുകൊണ്ട്, രക്ഷാകരപ്രവർത്തനത്തിൽ വിശ്വസ്തതയോടെ സഹകരിക്കാമെന്ന് അവൾ ( സഭ) ദൈവത്തോട് ആവശ്യപ്പെടുന്നു; അവതരിച്ച വചനത്തെ ശുശ്രൂഷിക്കുന്നതിൽ യൗസേപ്പിനെ പ്രചോദിപ്പിച്ച അതേ വിശ്വസ്തതയും ഹൃദയശുദ്ധിയും അവൾക്കും ലഭിച്ചേക്കാം; യൗസേപ്പിന്റെ മാതൃക പിന്തുടർന്ന് അവന്റെ മദ്ധ്യസ്ഥതയിലൂടെ വിശുദ്ധിയുടെയും നീതിയുടെയും വഴികളിൽ അവൾ ദൈവമുമ്പാകെ നടക്കട്ടെ."

ഈശോ മിശിഹായുടെ മൗതീക ശരീരമായ തിരുസഭയുടെ അംഗങ്ങളായ നമ്മൾ വിശുദ്ധിയുടെയും നീതിയുടെയും വഴികളിൽ മുന്നേറാൻ യൗസേപ്പിതാവിനെ കൂട്ടുപിടിക്കാം.


Related Articles »