India - 2024

ക്രിസ്ത്യന്‍ മിഷ്ണറിമാരുടെ സംഭാവനകളെ കുറിച്ച് പഠനം വേണം: ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള

പ്രവാചകശബ്ദം 22-11-2021 - Monday

കോട്ടയം: മിഷ്ണറിമാരടക്കമുള്ള ക്രൈസ്തവ സമൂഹം ദേശീയതലത്തിലും കേരളത്തിലും വലിയ സംഭാവനകളാണ് നല്‍കിയിരിക്കുന്നതെന്നും ഇതുസംബന്ധിച്ച് കൂടുതല്‍ പഠനവും ഗവേഷണവും നടത്തണമെന്നും ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. രാഷ്ട്രദീപിക ലിമിറ്റഡ് പുറത്തിറക്കിയ കോഫി ടേബിള്‍ ബുക്കായ ഐക്കണ്സ്ട ഓഫ് സക്‌സസിന്റെ പ്രകാശനവും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ സ്വര്‍ഗപ്രവേശനത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനവും കോട്ടയം ബിസിഎം കോളജ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള.

ഭാരതത്തിന്റെ സാംസ്‌കാരിക രംഗത്തും ദേശീയബോധത്തിന്റെ വളര്‍ച്ചയ്ക്കും ക്രൈസ്തവ സമൂഹം അമൂല്യമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. അച്ചടിരംഗത്തും ഭാഷകളുടെ പരിപോഷണത്തിനു വഴിതെളിച്ച നിഘണ്ടു, വ്യാകരണ പുസ്തകങ്ങളുടെ രചനയിലും ക്രൈസ്തവര്‍ വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്.ക്രൈസ്തവരുടെ സംഭാവനകള്‍ പുതിയ തലമുറയിലേക്ക് എത്തിക്കുന്നതില്‍ ദീപിക വഹിക്കുന്ന പങ്ക് ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. ബിസിനസ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചു വിജയഗാഥ രചിച്ചവരെ ഉള്‍ക്കൊള്ളിച്ച് ഐക്കണ്സ് ഓഫ് സക്‌സസ് ബുക്ക് പ്രസിദ്ധീകരിച്ചതിലൂടെ സ്വയംപര്യാപ്ത ഇന്ത്യക്കുള്ള മാധ്യമങ്ങളുടെ പങ്കാണ് ദീപിക നിര്‍വഹിച്ചിരിക്കുന്നത്.

മാധ്യമപ്രവര്‍ത്തനം വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലും ലാഭനഷ്ടം നോക്കാതെ ദീപിക ജനങ്ങള്‍ക്കുള്ള സന്ദേശമായി പ്രവര്‍ത്തിക്കുന്നു. സഹനജീവിതത്തിലൂടെ വിശുദ്ധപടവുകള്‍ കയറിയ വിശുദ്ധ അല്‍ഫോന്‍സാമ്മ ചെറിയൊരു കാലഘട്ടംകൊണ്ടുതന്നെ ഈശ്വരസാക്ഷാത്കാരമാണ് ജീവിതത്തില്‍ നിര്‍വഹിച്ചതെന്നും ഗവര്‍ണര്‍ ശ്രീധരന്‍പിള്ള പറഞ്ഞു.

രാഷ്ട്രദീപിക ലിമിറ്റഡ് ചെയര്‍മാന്‍ ഡോ. ഫ്രാന്‍സിസ് ക്ലീറ്റസ് അധ്യക്ഷത വഹിച്ചു. ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ സന്ദേശം നല്‍കി. ദീപിക ചീഫ് എഡിറ്റര്‍ റവ.ഡോ. ജോര്‍ജ് കുടിലില്‍, തോമസ് ചാഴികാടന്‍ എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, ചങ്ങനാശേരി ദേവമാതാ പ്രൊവിന്‍സ് പ്രൊവിന്‍ഷല്‍ സിസ്റ്റര്‍ ലിസ് മേരി എഫ്‌സിസി, രാജി മാത്യു ആന്‍ഡ് കന്പനി പാലാ മാനേജിംഗ് ഡയറക്ടര്‍ രാജി മാത്യു എന്നിവര്‍ പ്രസംഗിച്ചു. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ സ്വാഗതവും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നന്ദിയും പറഞ്ഞു. ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ഐക്കണ്സ്ക ഓഫ് സക്‌സസ് കോപ്പി രാജി മാത്യുവിനു നല്‍കി പ്രകാശനം ചെയ്തു.


Related Articles »