Daily Saints. - July 2024

July 02: വിശുദ്ധ പ്രൊസെസ്സൂസും, വിശുദ്ധ മാര്‍ട്ടീനിയനും

സ്വന്തം ലേഖകന്‍ 02-07-2023 - Sunday

വിജാതീയരായിരുന്ന വിശുദ്ധ പ്രൊസെസ്സൂസും, വിശുദ്ധ മാര്‍ട്ടീനിയനും റോമിലെ മാമര്‍ടൈന്‍ കാരാഗ്രഹത്തിലെ കാവല്‍ക്കാര്‍ ആയിരുന്നു. ആ പ്രവിശ്യയിലെ കൊടും കുറ്റവാളികളായിരുന്നു അവിടെ തടവുകാരായി ഉണ്ടായിരുന്നത്, അവരില്‍ കുറച്ച്‌ പേര്‍ ക്രിസ്ത്യാനികളായിരുന്നു. ക്രിസ്ത്യന്‍ തടവുകാരെ നിരീക്ഷിക്കുകയും, അവരുടെ പ്രബോധനങ്ങളെ കേള്‍ക്കുകയും ചെയ്ത പ്രൊസെസ്സൂസും, മാര്‍ട്ടീനിയനും ക്രമേണ രക്ഷകനെപ്പറ്റിയുള്ള അറിവിനാല്‍ അനുഗ്രഹീതരായി. അപ്പസ്തോലനായിരുന്ന വിശുദ്ധ പത്രോസ് ആ കാരാഗ്രഹത്തില്‍ തടവുകാരനായി വന്നതിനു ശേഷം പ്രൊസെസ്സൂസും, മാര്‍ട്ടീനിയനും യേശുവില്‍ വിശ്വസിക്കുവാന്‍ തുടങ്ങി. അവര്‍ പത്രോസ് അപ്പസ്തോലനില്‍ നിന്നും ജ്ഞാനസ്നാനം സ്വീകരിക്കുകയും പിന്നീട് അദ്ദേഹത്തെ തടവറയില്‍ നിന്നും മോചിപ്പിക്കുകയും ചെയ്തു.

ആ കാരഗ്രഹത്തിന്റെ മേലധികാരിയായിരുന്ന പോളിനൂസിന് ഇതിനെപ്പറ്റിയുള്ള അറിവ് കിട്ടിയപ്പോള്‍ അദ്ദേഹം വിശുദ്ധന്മാരായ പ്രൊസെസ്സൂസും, മാര്‍ട്ടീനിയനും യേശുവിലുള്ള വിശ്വസം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ വിശുദ്ധരാകട്ടെ സധൈര്യം യേശുവിലുള്ള തങ്ങളുടെ വിശ്വാസത്തെ ഏറ്റു പറയുകയും, ജൂപ്പീറ്ററിന്റെ സ്വര്‍ണ്ണംകൊണ്ടുള്ള പ്രതിമയുടെ മുഖത്ത് തുപ്പുകയും ചെയ്തു. ഇത് കണ്ട പോളിനൂസ് അവരുടെ മുഖത്ത് അടിക്കുവാന്‍ പടയാളികളോട് ഉത്തരവിട്ടു. തുടര്‍ന്നു അവരെ ക്രൂരമായി പീഡിപ്പിക്കുവാന്‍ പോളിനൂസ് ഉത്തരവിട്ടു. വിശുദ്ധന്മാരെ ഇരുമ്പ് കമ്പികൊണ്ടടിക്കുകയും, തീപന്തങ്ങള്‍ കൊണ്ട് പൊള്ളിക്കുകയും ചെയ്തതിനു ശേഷം അവരെ വീണ്ടും കാരാഗ്രഹത്തിലടച്ചു.

ലൂസിന എന്ന് പേരായ ദൈവഭക്തയായിരുന്ന ഒരു മഹതി തടവറയില്‍ അവരെ സന്ദര്‍ശിക്കുകയും, അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ക്രൂരനായ പോളിനൂസിനെ ദൈവം അധികം താമസിയാതെ തന്നെ ശിക്ഷിക്കുകയുണ്ടായി. ആദ്ദേഹം അന്ധനായി തീരുകയും മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ മരണപ്പെടുകയും ചെയ്തു. പോളിനൂസിന്റെ മകന്‍ നഗരത്തിന്റെ ഭരണാധികാരിയുടെ പക്കല്‍ ചെന്ന് പ്രൊസെസ്സൂസിനേയും, മാര്‍ട്ടീനിയനേയും ഉടന്‍ തന്നെ വധിക്കണമെന്ന്‌ ആവശ്യപ്പെട്ടു. അപ്രകാരം 67-ല്‍ വിശുദ്ധന്‍മാര്‍ വാളിനിരയാക്കപ്പെട്ടു. വിശുദ്ധന്‍മാരായ ആ രക്തസാക്ഷികളുടെ മൃതദേഹങ്ങള്‍ ലൂസിന അടക്കം ചെയ്യുകയുണ്ടായി. ഇപ്പോള്‍ അവരുടെ ശവകുടീരം റോമിലെ സെന്റ്‌ പീറ്റേഴ്സ് ബസിലിക്കയുടെ പാര്‍ശ്വഭാഗത്തായി നിലകൊള്ളുന്നു.

ഇതര വിശുദ്ധര്‍

1. അസെസ്തസ്

2. ഇറ്റലിയിലെ അരിസ്റ്റോണ്‍, ക്രെഷന്‍ഷിയര്‍, ഏവുട്ടീക്കിയന്‍, ഉര്‍ബന്‍,

വൈറ്റാലിസ്

3. ഇറ്റലിയിലെ യുസ്തൂസ്, ഫെലിച്ചീസ്സിമൂസ്, ഫെലിക്സ്, മാര്‍സിയ, സിംഫൊറോസ്

4. ബര്‍ണര്‍ ദിനൂസു റെയാലിനോ

5. മൊന്തെകസീനോയിലെ ലിദാനൂസ്

6. മോണെഗുണ്ടിസ്

7. ബാമ്പെര്‍ട്ടിലെ ഓട്ടോ

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »