News - 2024
യുക്രൈന്റെ പ്രധാന പൈതൃക കേന്ദ്രമായ സെന്റ് സോഫിയ കത്തീഡ്രലിന് ആക്രമണ ഭീഷണി
പ്രവാചകശബ്ദം 02-03-2022 - Wednesday
കീവ്, യുക്രൈന്‍: ലോക പൈതൃക പട്ടികയില്‍ രേഖപ്പെടുത്തപ്പെട്ട യുക്രൈനിലെ ആദ്യത്തെ പൈതൃക കേന്ദ്രവും, പതിനൊന്നാം നൂറ്റാണ്ടു മുതല്‍ കീവിന്റെ ആത്മീയ കേന്ദ്രവുമായി നിലകൊള്ളുന്ന സെന്റ് സോഫിയ കത്തീഡ്രല്‍ റഷ്യ വ്യോമാക്രമണത്തിന് ഇരയാക്കുവാന്‍ സാധ്യതയുണ്ടെന്ന ആശങ്കയുമായി യുക്രൈനിലെ മതനേതാക്കള്‍. യുക്രൈന്റെ ഏറ്റവും പ്രശസ്തമായ അടയാളങ്ങളിലൊന്നായ ഈ പൈതൃക മന്ദിരം റഷ്യയുടെ വോമാക്രമണത്തിന് ഇരയാകുവാന്‍ സാധ്യതയുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്ന കാര്യം ‘യുക്രൈന്‍ കൗണ്‍സില്‍ ഫോര്‍ ചര്‍ച്ചസ് ആന്‍ഡ് റിലീജിയസ് ഓര്‍ഗനൈസേഷന്‍സ്’ (യു.സി.സി.ആര്‍.ഒ) ആണ് പുറത്തുവിട്ടത്. തങ്ങള്‍ക്ക് ലഭിച്ച വിവരം സ്ഥിരീകരിക്കുവാന്‍ കഴിയില്ലെങ്കിലും, രണ്ടാം ലോകമഹായുദ്ധ കാലത്ത് സമാനമായ ആക്രമണം നടന്നിട്ടുള്ള കാര്യം യു.സി.സി.ആര്‍.ഒ ചൂണ്ടിക്കാട്ടുന്നുണ്ട്.
സെന്റ് സോഫിയ കത്തീഡ്രല്‍ ആക്രമിക്കുവാന്‍ ക്രെംലിന്‍ പദ്ധതിയിടുന്നുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ സംഘത്തില്‍പ്പെട്ടവരും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. റഷ്യയുടെ അന്യായവും, പ്രകോപനപരവുമായ ആക്രമണ പദ്ധതിയില്‍ യുക്രൈനിലെ സാംസ്കാരിക ആത്മീയ കേന്ദ്രങ്ങളും ഉള്‍പ്പെടുന്നുണ്ടെന്നും, കീവിലെ ബാബിന്‍യാര്‍, ഖാര്‍കീവ് തുടങ്ങിയ രൂപതകളില്‍ നാശനഷ്ടങ്ങള്‍ വരുത്തിയ റഷ്യന്‍ നടപടിയെ തങ്ങള്‍ അപലപിക്കുന്നുവെന്നും മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അംബാസഡറായ റാഷദ് ഹുസൈന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. 2018-ല്‍ പിരിഞ്ഞ രണ്ട് യുക്രൈന്‍ ഓര്‍ത്തഡോക്സ് സഭാ വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ ക്രിസ്ത്യന്‍ സഭകള്‍ക്ക് പുറമേ, യഹൂദ, മുസ്ലീം മതങ്ങളില്‍ നിന്നുമുള്ള വൈദികരും യു.സി.സി.ആര്‍.ഒയില്‍ ഉള്‍പ്പെടുന്നുണ്ട്.
യുക്രൈന്‍ ഓര്‍ത്തഡോക്സ് സഭയെയാണ് യുക്രൈന്റെ ദേശീയ സഭയായി കണക്കാക്കി വരുന്നത്. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ നേരിട്ടല്ലാത്ത മേല്‍നോട്ടവും യുക്രൈന്‍ സഭക്ക് മേലുണ്ട്. കീവിലെ ടിവി ടവര്‍ തകര്‍ക്കുവാനുള്ള ശ്രമത്തില്‍ ബാബിന്‍ യാറിലെ ഹോളോകോസ്റ്റ് മെമ്മോറിയല്‍ സെന്ററിനും കേടുപാടുകള്‍ സംഭവിച്ച കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് ആയുധ സിസ്റ്റത്തിലെ സാങ്കേതിക പിഴവുകള്‍ കാരണവും കത്തീഡ്രലില്‍ മിസൈല്‍ പതിക്കുവാനുള്ള സാധ്യതയും യു.സി.സി.ആര്‍.ഒ ഉന്നയിക്കുന്നുണ്ട്. യുക്രൈനെതിരായ റഷ്യന്‍ ആക്രമണത്തെ അപലപിക്കുകയും, റഷ്യന്‍ അധിനിവേശം ഉടന്‍ അവസാനിപ്പിക്കണമെന്ന് ഒരിക്കല്‍ കൂടി ആവശ്യപ്പെട്ടുകൊണ്ടാണ് യു.സി.സി.ആര്‍.ഒ യുടെ മുന്നറിയിപ്പ് അവസാനിക്കുന്നത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് റഷ്യന്‍ സൈന്യം കീവിലെ പെച്ചെഴ്സ് ലാവ്രായിലെ ഡോര്‍മീഷന്‍ കത്തീഡ്രല്‍ തകര്‍ത്തിരുന്നു.