Arts - 2024

യേശുവിനെ അടക്കം ചെയ്ത തിരുക്കല്ലറപ്പള്ളിയില്‍ പുരാതന അള്‍ത്താര കണ്ടെത്തി

പ്രവാചകശബ്ദം 20-04-2022 - Wednesday

ജെറുസലേം: യേശു ക്രിസ്തുവിനെ അടക്കം ചെയ്ത കല്ലറ സ്ഥിതിചെയ്യുന്ന ജെറുസലേമിലെ ഹോളി സെപ്പള്‍ക്കര്‍ ദേവാലയത്തില്‍ (തിരുക്കല്ലറ പള്ളി) മധ്യകാല ഘട്ടത്തില്‍ ആരാധനക്കായി ഉപയോഗത്തിലിരുന്ന പുരാതന അള്‍ത്താര കണ്ടെത്തി. 1244-ൽ ജെറുസലേം മുസ്ലീങ്ങൾ തിരിച്ചുപിടിക്കുന്നത് വരെ കത്തോലിക്ക വൈദികര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിനായി ഉപയോഗിച്ചിരുന്ന അള്‍ത്താരയാണ് ഉദ്ഖനനം നടത്തിക്കൊണ്ടിരുന്ന ഗവേഷകര്‍ കണ്ടെടുത്തിരിക്കുന്നത്. 1808-ല്‍ ഉണ്ടായ അഗ്നിബാധയില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചിരിന്നു. തിരുകല്ലറപ്പള്ളിയുടെ കുരിശുയുദ്ധക്കാലത്ത് നിര്‍മ്മിക്കപ്പെട്ട ഭാഗത്തായിട്ടാണ് അള്‍ത്താര കണ്ടെത്തിയിരിക്കുന്നതെന്നു റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ദേവാലയത്തിന്റെ പിന്‍ഭാഗത്തെ ഇടനാഴിയുടെ ഭിത്തിയില്‍ ചേര്‍ന്നിരുന്ന 2.5 x 1.5 മീറ്റര്‍ വലുപ്പമുള്ള ശിലാപാളിയുടെ പിന്‍ഭാഗത്തായി കണ്ടെത്തിയ അലങ്കാരങ്ങളും ചമയങ്ങളുമാണ് ഈ ശിലാപാളി നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് വിശുദ്ധ കുര്‍ബാനക്കായി ഉപയോഗിച്ചിരുന്ന അള്‍ത്താരയുടെ മുന്‍ഭാഗമായിരുന്നുവെന്ന കണ്ടെത്തലിലേക്ക് ഗവേഷകരെ നയിച്ചത്. കണ്ടെത്തല്‍ യേശുക്രിസ്തു അടക്കം ചെയ്യപ്പെട്ട ഈ സ്ഥലത്തിന്റെ പ്രാധാന്യത്തിന് വീണ്ടും മുതല്‍ക്കൂട്ടാവുമെന്ന് ജെറുസലേമിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കേറ്റിന്റെ ചീഫ് സെക്രട്ടറിയായ അരിസ്റ്റാര്‍ക്കോസ് മെത്രാപ്പോലീത്ത പറഞ്ഞു. കൗതുകകരമായ സംഭവമാണിതെന്ന് ഇസ്രായേല്‍ ആന്റിക്വിറ്റി അതോറിറ്റിയിലെ ഗവേഷകനായ അമിത് റെയീം പറഞ്ഞു. അമൂല്യമായ മാര്‍ബിള്‍ കഷണങ്ങളും, ചില്ലുകഷണങ്ങളും ഉപയോഗിച്ച് ബൈസന്റൈന്‍, പുരാതന കലാശൈലികള്‍ സമന്വയിപ്പിച്ചാണ് ശിലാപാളിയിലെ അലങ്കാര പണികള്‍ നടത്തിയിരിക്കുന്നത്. ഓസ്ട്രിയന്‍ അക്കാദമി ഓഫ് സയന്‍സസിലെ ഇല്യാ ബെര്‍ക്കോവിച്ചിനോടൊപ്പമാണ് റെയീം ഈ ഉദ്ടഖനനം നടത്തുന്നത്. 12, 13 നൂറ്റാണ്ടുകളിലെ സമാന ശൈലിയിലുള്ള അള്‍ത്താരകള്‍ ഇതിനുമുന്‍പു റോമില്‍ കണ്ടെത്തിയിട്ടുണ്ടെന്ന്‍ റെയീം പറഞ്ഞു. അതേസമയം തിരുക്കല്ലറ പള്ളിയിലെ അള്‍ത്താര സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇസ്രായേല്‍ എക്സ്പ്ലൊറേഷന്‍ സൊസൈറ്റി പുറത്തുവിടുമെന്നാണ് പ്രതീക്ഷ.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »