Life In Christ - 2024

ഡെട്രോയിറ്റ് രൂപതയിൽ രണ്ടു മൈല്‍ നീളുന്ന ദിവ്യകാരുണ്യ പ്രദിക്ഷണം ഒരുങ്ങുന്നു

പ്രവാചകശബ്ദം 31-05-2022 - Tuesday

ഡെട്രോയിറ്റ്: കത്തോലിക്ക സഭയുടെ അടിസ്ഥാന വിശ്വാസ സത്യങ്ങളിലൊന്നായ ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിന്റെ സജീവ സാന്നിധ്യത്തിലുള്ള വിശ്വാസം ലോകത്തോട് വീണ്ടും പ്രഘോഷിക്കുവാൻ ഡെട്രോയിറ്റ് രൂപതയിൽ വിവിധങ്ങളായ പരിപാടികൾ. വേനല്‍ക്കാലത്ത് അമേരിക്കന്‍ മെത്രാന്‍ സമിതി മൂന്നു വര്‍ഷം നീളുന്ന കര്‍മ്മപരിപാടിയ്ക്കാണ് ആരംഭം കുറിക്കുന്നത്. ഇതിന്റെ ഭാഗമായി കോര്‍പ്പസ് ക്രിസ്റ്റി തിരുനാള്‍ ദിനമായ ജൂണ്‍ 19ന് ഡെട്രോയിറ്റ് അതിരൂപതയിലെ കത്തോലിക്കര്‍ ആർച്ച്‌ ബിഷപ്പ് അലന്‍ വിഗ്നെറോണിന്റെ നേതൃത്വത്തില്‍ രണ്ടു മൈല്‍ നീളുന്ന ദിവ്യകാരുണ്യ പ്രദിക്ഷണം സംഘടിപ്പിക്കും. പ്രദിക്ഷണം ഡെട്രോയിറ്റിലെ സേക്രഡ് ഹാര്‍ട്ട് സെമിനാരിയിലായിരിക്കും അവസാനിക്കുക.

ആളുകളെ യേശുവിലേക്ക് അടുപ്പിക്കുന്നതിനു ലഭിച്ച ഒരു അവസരമാണ് ഈ പ്രദിക്ഷണമെന്നും അതുകൊണ്ടാണ് ക്രിസ്തുവിനെ തെരുവിലേക്ക് കൊണ്ടു വന്ന് പ്രാര്‍ത്ഥിക്കുവാന്‍ തങ്ങള്‍ തീരുമാനിച്ചതെന്നും സിസ്റ്റര്‍ എസ്തേര്‍ കൂട്ടിച്ചേര്‍ത്തു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ നേതൃത്വത്തില്‍ റോമില്‍ നടന്ന കോര്‍പ്പസ് ക്രിസ്റ്റി പ്രദിക്ഷണത്തില്‍ പങ്കെടുത്തതിന്റെ പ്രചോദനത്തില്‍ നിന്നുമാണ് ഈ പ്രദിക്ഷണം സംഘടിപ്പിക്കുന്നതെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. ജൂണ്‍ 19ന് ഉച്ചക്ക് ഒരു മണിക്ക് വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കുന്ന പ്രദിക്ഷണം ഷിക്കാഗോയിലെ ബോള്‍വാര്‍ഡിലെ സേക്രഡ് ഹാര്‍ട്ട് സെമിനാരിയിലാണ് അവസാനിക്കുക.

കുടുംബങ്ങളും, വൈദികരും, വിദ്യാര്‍ത്ഥികളും, ക്നൈറ്റ്സ് ഓഫ് കൊളംബസ് പോലെയുള്ള സംഘടനകളില്‍ നിന്നുമായി നിരവധി പേര്‍ പ്രദിക്ഷണത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നു അതിരൂപതയുടെ ഇവാഞ്ചലൈസേഷന്‍ ആന്‍ഡ് മിഷ്ണറി ഡിസിപ്ലിന്‍ ഡയറക്ടര്‍ മാര്‍ലോണ്‍ ഡെ ലാ ടോരെ പറഞ്ഞു. 2022 ജൂണ്‍ മുതല്‍ 2023 ജൂണ്‍ വരെ രൂപതാതലത്തിലും, 2023 ജൂണ്‍ മുതല്‍ 2024 ജൂണ്‍ വരെ ഇടവകാതലത്തിലും, 2024 ജൂലൈയില്‍ ഇന്ത്യാനപോളിസില്‍ നടക്കുന്ന യൂക്കരിസ്റ്റ് കോണ്‍ഗ്രസുമായി മൂന്ന്‍ ഭാഗങ്ങളായിട്ടാണ് അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ നാഷണല്‍ യൂക്കരിസ്റ്റ് റിവൈവല്‍ നടക്കുക. ദിവ്യകാരുണ്യ ഭക്തി വര്‍ദ്ധിപ്പിക്കുന്നതിനായി ദിവ്യകാരുണ്യ ആരാധന, പരിശീലന ശില്‍പ്പശാലകള്‍, യൂക്കരിസ്റ്റിക്ക് കോണ്‍ഫറന്‍സുകള്‍ തുടങ്ങി നിരവധി പരിപാടികള്‍ക്കാണ് ഡെട്രോയിറ്റ് അതിരൂപത പദ്ധതിയിട്ടിരിക്കുന്നത്.


Related Articles »