News - 2024

ഇന്ന് വത്തിക്കാനില്‍ കണ്‍സിസ്റ്ററി: ഭാരതത്തില്‍ നിന്ന് രണ്ടു പേരടക്കം 20 പേര്‍ കര്‍ദ്ദിനാള്‍ പദവിയിലേക്ക്‌

പ്രവാചകശബ്ദം 27-08-2022 - Saturday

വത്തിക്കാന്‍ സിറ്റി: ഇന്നു ഓഗസ്റ്റ് 27-ന് 20 പേരെ കൂടി ഫ്രാന്‍സിസ് പാപ്പ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നതോടെ കര്‍ദ്ദിനാള്‍ സംഘത്തിലെ (കോളേജ് ഓഫ് കര്‍ദ്ദിനാള്‍സ്) അംഗങ്ങളുടെ എണ്ണം 229 ആകും. കത്തോലിക്ക സഭയില്‍ പാപ്പയുടെ അടുത്ത സഹായികളും, ഉപദേഷ്ടാക്കളുമായ മുഴുവന്‍ കര്‍ദ്ദിനാളുമാരും ഉള്‍പ്പെടുന്ന സംഘത്തെയാണ് കര്‍ദ്ദിനാള്‍ സംഘം അഥവാ കോളേജ് ഓഫ് കര്‍ദ്ദിനാള്‍സ് എന്ന്‍ പറയുന്നത്. ഫ്രാൻസിസ് പാപ്പ കർദ്ദിനാളുമാരുടെ നിരയിലേക്ക് ഇന്ന്‍ ഉയര്‍ത്തുന്നവരില്‍ ഇതാദ്യമായി ഭാരതത്തില്‍ നിന്ന്‍ ദളിത് വിഭാഗത്തിൽപെട്ട ആർച്ച് ബിഷപ്പും ഉള്‍പ്പെടുന്നുണ്ട്.

ഹൈദരാബാദ് ആർച്ചുബിഷപ്പ് അന്തോണി പൂളയാണ് ദളിത് വിഭാഗത്തില്‍ നിന്ന് കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ആദ്യ ആര്‍ച്ച് ബിഷപ്പ്. ഗോവ ആൻഡ് ദാമൻ ആർച്ച് ബിഷപ്പ് ഫിലിപ് നേരി ഫെറാവോയും ഇന്ന്‍ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടും. യുകെ, സൗത്ത് കൊറിയ, സ്പെയിൻ, ഫ്രാൻസ്, ബ്രസീൽ, സിംഗപ്പൂർ, ഈസ്റ്റ് ടിമൂർ, പരാഗ്വേ, സിംഗപ്പൂർ, മംഗോളിയ, കൊളംബിയ, യുഎസ്എ, ഇറ്റലി, ഘാന, ബെൽജിയം തുടങ്ങീയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മറ്റുള്ള കർദ്ദിനാളുമാർ. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ റോം സമയം വൈകീട്ട് 4 മണിക്ക് (ഇന്ത്യൻ സമയം വൈകീട്ട് 07:30) ചടങ്ങുകള്‍ നടത്തപ്പെടും.

ഇന്ന് കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന മറ്റുള്ളവര്‍: ‍

ആര്‍ച്ച് ബിഷപ്പുമാരായ ആർതർ റോച്ച് (യുകെ ), ലാസറോ യു ഹ്യൂങ് സിക് (സൗത്ത് കൊറിയ), ഫെർണാണ്ടോ വെർഗെസ് അൽസാഗ (സ്പെയിൻ വത്തിക്കാൻ കൂരിയ), ജീൻ മാർക്ക് അവെലിൻ (ഫ്രാൻസ്), ലെയനാർദോ ഉൾറിക്ക് സ്റ്റൈനർ (ബ്രസീൽ), വിർജീലി യോ ദ സിൽവ (ഈസ്റ്റ് ടിമൂർ), ജോർജ് ഹെന്റി കർവയാൽ (കൊളംബിയ), അറിഗോ മീലിയോ (ഇറ്റലി), പൗളോ ചെസാർ കോസ്റ്റ (ബ്രസീൽ), വില്യം ഗോ സെങ് ചെയ് (സിംഗപ്പൂർ), അഡൽബെർത്തോ മർത്തീനസ് ഫ്ലോറെസ് (പരാഗ്വേ), ജോർജോ മരെങ്ഗോ (മംഗോളിയ), ബിഷപ്പുമാരായ പീറ്റർ ഒക്പലേക്കെ (നൈജീരിയ), റോബർട്ട് വാൾട്ടർ മക്എ റോയി (യുഎസ്എ), ഓസ്കാർ കന്തോനി (ഇറ്റലി), റിച്ചാഡ് കൂയിയ ബാവോബർ (ഘാന), എമരിറ്റസ് ബിഷപ്പ് ലൂക്കാസ് വാൻ ലൂയ് (ബെൽജിയം), പ്രഫ. ഡോ. ജാൻ ഫ്രാങ്കോ ഗിർലാന്ത എസ്.ജെ. (ഇറ്റലി), മോൺ. ഫോർത്തുനാത്തോ ഫെസ് (ഇറ്റലി).


Related Articles »