Faith And Reason - 2024

യുക്രൈനിൽ സമാധാനം പുലരാന്‍ യൂറോപ്പിലെ എല്ലാ ദേവാലയങ്ങളിലും ഇന്ന് ദിവ്യകാരുണ്യ ആരാധന

പ്രവാചകശബ്ദം 14-09-2022 - Wednesday

ലിവര്‍പ്പൂള്‍: കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാൾ ദിവസമായ ഇന്ന് യൂറോപ്പിലെ എല്ലാ ദേവാലയങ്ങളിലും ദിവ്യകാരുണ്യ ആരാധന നടത്താൻ യൂറോപ്യൻ മെത്രാന്മാർ ആഹ്വാനം ചെയ്തു. യൂറോപ്യൻ മെത്രാൻ സമിതികളുടെ കൗൺസിലാണ് യുക്രൈനില്‍ സമാധാനം സംജാതമാകാനുളള നിയോഗംവെച്ച് ദിവ്യകാരുണ്യ ആരാധന നടത്താൻ ആഹ്വാനം ചെയ്തത്. യുക്രൈനിലെ വിശ്വാസികൾക്ക് 2022 വിശുദ്ധ കുരിശിന്റെ വർഷമായി രാജ്യത്തെ കത്തോലിക്ക മെത്രാന്മാർ പ്രഖ്യാപിച്ചിരുന്നു. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് യൂറോപ്പിലെ മെത്രാൻ സമിതികളുടെ കൗൺസിൽ ഇത്തവണത്തെ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ദിനത്തില്‍ ഇങ്ങനെ ഒരു ആഹ്വാനം നൽകിയിരിക്കുന്നത്.

നിരപരാധികളായ ആളുകൾ കൊല്ലപ്പെടുകയും മുറിവേൽക്കുകയും ചെയ്യുന്ന കുരിശിന്റെ വേദനയേറിയ വഴിയിലൂടെയാണ് തങ്ങൾ നടക്കുന്നതെന്ന് യുക്രൈനിലെ മെത്രാന്മാർ പ്രതികരിച്ചു. ഇറ്റലി, അയർലൻഡ്, പോളണ്ട്, ക്രൊയേഷ്യ, ജർമ്മനി, ഓസ്ട്രിയ, സ്ലൊവാക്യ, നോർവേ തുടങ്ങിയവ അടക്കം പല യൂറോപ്യൻ രാജ്യങ്ങളും ദിവ്യകാരുണ്യ ആരാധനയിൽ പങ്കുചേരുമെന്ന് അറിയിച്ചിട്ടുണ്ട്. വലേറ്റയിൽ സ്ഥിതിചെയ്യുന്ന റ്റാ ജീസു ദേവാലയത്തിൽ മാൾട്ട ആർച്ച് ബിഷപ്പ് ചാൾസ് സ്കിക്ലൂണ ദിവ്യബലി അർപ്പിക്കുകയും, ദിവ്യകാരുണ്യ ആരാധനയ്ക്ക് നേതൃത്വം നൽകുകയും ചെയ്യും.

ലിവർപൂളിലെ ക്രിസ്തുരാജ കത്തീഡ്രൽ ദേവാലയത്തിൽ ലിവര്‍പൂള്‍ ആര്‍ച്ച് ബിഷപ്പ് മാല്‍ക്കം മക്മഹോന്‍ യുക്രൈനിൽ നിന്നെത്തിയ സമൂഹത്തോടൊപ്പം സമാധാന ദിവ്യബലി അർപ്പിക്കുകയും, ദിവ്യകാരുണ്യ ആരാധനയ്ക്ക് നേതൃത്വം നൽകുകയും ചെയ്യും. വൈകുന്നേരം 6 മണിക്ക് ജർമ്മനിയിലെ ലിംബർഗ് കത്തീഡ്രലില്‍ സമാധാനത്തിനായുള്ള പ്രാർത്ഥനയും കുരിശിന്റെ തിരുശേഷിപ്പ് വണക്കവും ആരാധനയും നടക്കും. ദിവ്യകാരുണ്യ ആരാധനയുടെ മണിക്കൂറിൽ ഉപയോഗിക്കാൻ വേണ്ടിയുളള പ്രാർത്ഥനകളെ പറ്റിയുള്ള മാർഗനിർദ്ദേശവും യൂറോപ്യൻ മെത്രാൻ സമിതിയുടെ കൗൺസിൽ പുറത്തുവിട്ടിട്ടുണ്ട്.


Related Articles »