News - 2024
മതമൗലികവാദികൾ കൊലപ്പെടുത്തിയ മഹ്സ അമിനിക്കു വേണ്ടി ശബ്ദം ഉയർത്തി ഇറാനിലെ ക്രൈസ്തവരും
പ്രവാചകശബ്ദം 28-09-2022 - Wednesday
ടെഹ്റാൻ: ഇസ്ലാമിക മതവേഷമായ ഹിജാബ് ശരിയായി ധരിച്ചില്ലായെന്ന് ആരോപിച്ച് ഇറാനിലെ മത പോലീസ് മർദ്ദിച്ചു കൊലപ്പെടുത്തിയ മഹ്സ അമിനി എന്ന കുർദിഷ് യുവതിയുടെ മരണത്തിൽ നീതി നടപ്പിലാക്കണമെന്ന ആവശ്യമുന്നയിച്ച് ക്രൈസ്തവ വിശ്വാസികളും രംഗത്തെത്തി. മരണത്തിൽ വേദനിക്കുന്ന മഹ്സയുടെ കുടുംബത്തിന് ഇറാനിയൻ ക്രൈസ്തവ സമൂഹത്തോടൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും, അവരുടെ നീതിക്ക് വേണ്ടിയുള്ള ആവശ്യത്തിന് പിന്തുണ നൽകുന്നുവെന്നും, യുണൈറ്റഡ് ഇറാനിയൻ ചർച്ചസിന്റെ ഭാഗമായ ഹംഗാം കൗൺസിലിന്റെ പ്രസ്താവനയിൽ പറയുന്നു. ശബ്ദമില്ലാത്തവർക്ക് വേണ്ടി നിലകൊള്ളുന്നത് ഒരു ആത്മീയ ദൗത്യമാണ്. സ്ത്രീകളെ അടിച്ചമർത്തുന്നതിനെയും, മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നതിനേയും വിമർശിച്ച വിശ്വാസി സമൂഹം, എല്ലാ പൗരന്മാർക്കും സ്വാതന്ത്ര്യവും, നീതിയും, സമത്വവും അനുവദിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടു.
യുവതിയുടെ മരണത്തിൽ രാജ്യത്തെമ്പാടും പ്രതിഷേധം നടത്തുന്നവരെ 'തുലനം ചെയ്യാൻ സാധിക്കാത്ത ധൈര്യം' എന്ന് വിശേഷിപ്പിച്ച് പ്രസ്താവനയിൽ അഭിനന്ദിച്ചിട്ടുണ്ട്. മറ്റ് വിവേചനപരമായ നിയമങ്ങൾ ഇല്ലാതായതുപോലെ, ഹിജാബ് ധരിക്കണമെന്ന നിയമം ഇല്ലാതാകണമെന്ന് ക്രൈസ്തവ വിശ്വാസികൾ എടുത്ത് പറഞ്ഞു. 1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം മഹ്സയെ പോലെ നിരവധി സ്ത്രീകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നും, അവരുടെ കുടുംബങ്ങൾക്ക് വേണ്ടി തങ്ങൾ പ്രാർത്ഥന സമർപ്പിക്കുകയാണെന്നും ക്രൈസ്തവ സമൂഹത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
അതേസമയം മഹ്സ അമിനിയുടെ മരണശേഷം പൊട്ടിപ്പുറപ്പെട്ട പ്രതിഷേധ പ്രകടനങ്ങളെ അടിച്ചമർത്താൻ വലിയ ശ്രമമാണ് അധികൃതർ ഇപ്പോൾ നടത്തുന്നത്. അമേരിക്കയിലെ വാഷിംഗ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്മറ്റി ഫോർ ദ പ്രൊട്ടക്ഷൻ ഓഫ് ജേർണലിസ്റ്റ് എന്ന സംഘടനയുടെ കണക്കുകൾ പ്രകാരം പ്രതിഷേധ പ്രകടനങ്ങൾ ആരംഭിച്ചതിനുശേഷം 20 മാധ്യമപ്രവർത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ അന്താരാഷ്ട്ര സമൂഹം വലിയ പിന്തുണയാണ് ഇസ്ലാമിക ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്നവർക്ക് നൽകുന്നത്. അതേസമയം കനത്ത അടിച്ചമർത്തലിന് ഇടയിലും അനേകായിരങ്ങളാണ് ഇറാനിൽ ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസത്തിലേക്ക് ചേക്കേറുന്നത്.