News - 2024

കുടിയൊഴിപ്പിക്കല്‍; ബാഗ്ദാദില്‍ നൂറ്റിഇരുപതിലേറെ ക്രൈസ്തവ അഭയാര്‍ത്ഥികള്‍ക്കു വാസസ്ഥലം നഷ്ട്ടമാകും

പ്രവാചകശബ്ദം 18-10-2022 - Tuesday

ബാഗ്ദാദ്: ഇറാഖി തലസ്ഥാനമായ ബാഗ്ദാദില്‍ വാണിജ്യ സമുച്ചയം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി നൂറ്റിഇരുപതിലേറെ നിരാലംബരായ ക്രൈസ്തവ അഭയാര്‍ത്ഥി കുടുംബങ്ങള്‍ക്കു വാസസ്ഥലം നഷ്ട്ടമാകും. ബാഗ്ദാദിലെ സയൌനാ ജില്ലയിലെ ഒരു കെട്ടിടത്തില്‍ അഭയാര്‍ത്ഥികളായി കഴിഞ്ഞു വരികയായിരുന്ന ക്രൈസ്തവ കുടുംബങ്ങളാണ് നഗരവികസനത്തിന്റെ പേരിലുള്ള സാമ്പത്തിക താല്‍പ്പര്യങ്ങള്‍ കാരണം പെരുവഴിയിലാകുന്നത്. 2014-ല്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ കൂട്ടക്കൊലയെ ഭയന്ന് തങ്ങളുടെ സര്‍വ്വസ്വവും ഉപേക്ഷിച്ച് മൊസൂളിലേക്കും മറ്റ് നഗരങ്ങളിലേക്കും പലായനം ചെയ്ത് അവസാനം ബാഗ്ദാദില്‍ അഭയം കണ്ടെത്തിയ അഭയാര്‍ത്ഥികളാണിവര്‍. താമസ സ്ഥലം നഷ്ട്ടമായാല്‍ ഇനിയെന്ത് എന്ന ആശങ്കയിലാണ് കുട്ടികള്‍ ഉള്‍പ്പെടെയുള്ള ഈ കുടുംബങ്ങള്‍.

ഡയറക്ടറേറ്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ്സ് ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സമീപ ദിവസങ്ങളില്‍ ഇറാഖിലെ കല്‍ദായ പാത്രിയാര്‍ക്കീസ് മാര്‍ ലൂയീസ് സാക്കോ കെട്ടിടം സന്ദര്‍ശിക്കുകയും ഇവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുകയും, ശൈത്യകാലം അടുത്ത സാഹചര്യത്തിലും മറ്റൊരു താമസ സ്ഥലം കണ്ടെത്തുന്നത് വരെ ഏറ്റവും ചുരുങ്ങിയത് ഒരു വര്‍ഷത്തേക്കെങ്കിലും കുടിയൊഴിപ്പിക്കല്‍ നടപടികള്‍ നീട്ടിവെക്കണമെന്ന് പാത്രിയാര്‍ക്കീസ് രാഷ്ട്രീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. അബ്ദെല്‍ ലത്തീഫ് റഷീദ് പുതിയ പ്രസിഡന്റായി ഒരു വര്‍ഷമാകുമ്പോഴാണ് ഈ നടപടി.

ഇറാഖില്‍ ഒന്നാം നൂറ്റാണ്ട് മുതല്‍ക്കേ ക്രൈസ്തവ വിശ്വാസം നിലനില്‍ക്കുന്നതാണ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ അധിനിവേശത്തോടെയാണ് രാജ്യത്തെ ക്രൈസ്തവരുടെ ദുരിതങ്ങള്‍ ആരംഭിക്കുന്നത്. ഇറാഖില്‍ ഇസ്ലാമിക നിയമം നടപ്പിലാക്കിയ തീവ്രവാദികള്‍ ക്രൈസ്തവരെ ശത്രുക്കളും അവിശ്വാസികളുമായാണ് കണ്ടത്. നിരവധി ദേവാലയങ്ങള്‍ തകര്‍ക്കപ്പെടുകയും, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിസമ്മതിച്ച നിരവധി ക്രൈസ്തവര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇറാഖിലെ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ ഗണ്യമായ കുറവാണ് ഇസ്ലാമിക് സ്റ്റേറ്റ് അധിനിവേശത്തിന് ശേഷം സംഭവിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ നടക്കുന്ന രാജ്യങ്ങളെ കുറിച്ചുള്ള സന്നദ്ധ സംഘടനയായ ഓപ്പണ്‍ഡോഴ്സിന്റെ പട്ടികയില്‍ 14-മതാണ് ഇറാഖിന്റെ സ്ഥാനം.


Related Articles »