India - 2025

വിവാഹ വ്യാജ രേഖ ചമയ്ക്കൽ അന്വേഷിക്കണം: പാലക്കാട് രൂപത ജാഗ്രത സമിതി

പ്രവാചകശബ്ദം 15-11-2022 - Tuesday

പാലക്കാട്: പാലക്കയം കാസ ലൂസിയോ എന്ന റിസോർട്ടിൽ വിവാഹം നടന്നുവെന്ന കത്ത് ഉപയോഗിച്ച് ക്രൈസ്തവ വിശ്വാസിയായ യുവതിയുടെയും മുസ്ലീം യുവാവിന്റെയും വിവാഹം രജിസ്റ്റർ ചെയ്യാൻ ചിലർ നടത്തിയ നിയമലംഘനം ഗൌരവമായി അന്വേഷണ വിധേയമാക്കേണ്ടതാണെന്ന്‍ പാലക്കാട് രൂപത ജാഗ്രത സമിതി ആവശ്യപ്പെട്ടു. മിശ്ര വിവാഹത്തിന് കൃത്യമായ നടപടിക്രമങ്ങൾ നിലവിലെ നിയമം അനുശാസിക്കുന്നുണ്ട്. ഇത്തരം നടപടിക്രമങ്ങൾ ഒന്നും ഇവിടെ പാലിച്ചതായി കാണുന്നില്ല. നിയമം അനുശാസിക്കുന്ന പരിശോധനകൾക്ക് പോലും മുതിരാതെ അനധികൃതമായ (വ്യാജ) വിവാഹം നെയ്യാമികമാക്കാൻ ജനപ്രതിനിധികൾ ഉൾപ്പെടയുള്ളവർ ശ്രമിച്ചതായിട്ടുള്ള ആരോപണം ഗുരുതരമാണെന്ന് രൂപത ചൂണ്ടിക്കാട്ടി.

നിയമ വിരുദ്ധ നടപടികൾക്ക് വേദിയൊരുക്കിയ റിസോർട്ടിനെതിരെയും, ജനപ്രതിനിധികൾ ഉൾപ്പെടെ ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെയും നിയമാനുസൃത നടപടികൾ സ്വീകരിക്കാൻ അധികാരികൾ അടിയന്തരമായി തയ്യാറാകേണ്ടതാണ്. പ്രണയം നടിച്ചുകൊണ്ട് പെൺകുട്ടികളെ തീവ്രവാദസംഘടനകളിലേക്കും ലഹരികടത്ത് പോലെയുള്ള കുറ്റകൃത്യങ്ങളിലേക്കും നയിച്ച സംഭവങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രായപൂർത്തിയായവരുടെ സ്വതന്ത്രമായ സമ്മതം വിവാഹത്തിന്റെ കാതലായ മാനദന്ധമാണെങ്കിലും, രജിസ്ട്രഷേനുവേണ്ടിയുള്ള അപേക്ഷകൾ സമർപ്പിക്കപ്പെടുമ്പോൾ വിവാഹിതരാകുന്നവരുടെ മാതാപിതാക്കളെയോ കുടുംബാംഗങ്ങളെയോ നേരിട്ട് വിവരം അറിയിക്കുന്ന ഒരു സംവിധാനം രൂപപ്പെടുത്തേണ്ടത് ഇത്തരം അപകട സാധ്യതകളെ ഒഴിവാക്കാനായി അത്യാവശ്യമാണ്.

അതിനായി പൊതു സമൂഹം ശ്രമിക്കേണ്ടിയിരിക്കുന്നു. പാലക്കയത്ത് വിശ്വാസികൾ ഉൾപ്പെടെയുള്ള പൊതുസമൂഹം കാണിച്ച ജാഗ്രത മാതൃകാപരമാണ്. അതിനവരെ അഭിനന്ദിക്കുന്നു. പ്രണയ ചതികളെയും ലഹരികെണികളെയും പ്രതിരോധിക്കാൻ നിതാന്ത ജാഗ്രതയോടെ വ്യാപരിക്കേണ്ടിയിരിക്കുന്നുവെന്നും രൂപത ജാഗ്രത സമിതി പ്രസ്താവിച്ചു. പാലക്കാട് രൂപതാ ജാഗ്രത സമിതി അംഗങ്ങളായ ഫാ. മാത്യു ഇല്ലത്തുപറമ്പിൽ, ഫാ. ജോബി, മാത്യു , ഫാ സീജോ, ജുബിൻ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.


Related Articles »